Skip to main content

ചങ്ങാതിക്കൂട്ടത്തിന്റെ കളിയിലും പാട്ടിലും മനം നിറഞ്ഞ് കുരുന്നുകള്‍

 

  പ്രളയദുരിതത്തിന്റെ ഇരുട്ടല്ല, ഇന്നലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കുരുന്നുകളുടെ മുഖത്ത് തെളിഞ്ഞത്.  ആയിരം സൂര്യന്‍മാരുടെ വെളിച്ചം നിറഞ്ഞ പുഞ്ചിരി. കേരളത്തിലെ പ്രശസ്തനായ നാടക കലാകാരനും കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരനുമായ മനു ജോസും സംഘവും ദുരിതാശ്വാസ ക്യാമ്പിലുള്ള കുട്ടികള്‍ക്കായി അവതരിപ്പിച്ച കഥയവതരണവും  കളികളും കുട്ടികളുടെ മാത്രമല്ല മാതാപിതാക്കളുടെയും സംഘാടകരുടെയും മനസ്സുനിറച്ചു. ക്യാമ്പ് സന്ദര്‍ശിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി മാണ്ട് കാര്‍മല്‍ സ്‌കൂളിലെത്തുമ്പോള്‍ മുഴങ്ങിക്കേട്ടത് മഴ പെയ്യണ കണ്ടിട്ടുണ്ടോ എന്ന ഈണത്തിലുള്ള ചോദ്യവും ഇതുപോലെ, ഇതുപോലെ എന്ന കുട്ടികളുടെ അഭിനയിച്ചുള്ള മറുപടിയുമാണ്. കൊശമറ്റം കോളനി നിവാസികളാണ് ക്യാമ്പിലുണ്ടായിരുന്നത്.  കുട്ടികളുടെ കളികള്‍ കണ്ട് അമ്മമാരും വീടിന്റെ വേദനകള്‍ മറന്നു. 

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് താഴത്തങ്ങാടി മുഹമ്മദന്‍സ് യു. പി സ്‌കൂളിലായിരുന്നു സംഘത്തിന്റെ ആദ്യപരിപാടി. കഥകളും മാജിക്കും ചിത്രരചനയുമൊക്കെയായി രണ്ടു മണിക്കൂര്‍കൊണ്ട് കുട്ടികള്‍ മറ്റൊരു ലോകത്തെത്തി. തുടര്‍ന്ന് മൗണ്ട്  കാര്‍മലിലും തിരുവാര്‍പ്പിലും ആലുംമൂട് ക്യാമ്പിലും കലാസംഘമെത്തി.

  കോട്ടയം ജില്ലാ ഭരണകൂടവും ഡി.സി ബുക്‌സും മി ആന്റ് യൂ എന്ന സംഘവും സംയുക്തമായാണ് കുട്ടികള്‍ക്കായുള്ള പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പരിപാടി ഏകോപിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക 9061394172, 9946109628

 

date