Skip to main content

വീട്ടിലേക്ക് മടങ്ങുന്നവര്‍ സ്വമേധയാ വൈദ്യുതി ബന്ധം പുനസ്ഥാപിക്കരുത്

 

    ജില്ലയില്‍  കാലവര്‍ഷക്കെടുതിയില്‍ വിവിധ ഭാഗങ്ങളിലായി ഒട്ടെറെ വീടുകളിലെയും പൊതുസ്വകാര്യ സ്ഥാപനങ്ങളുടെയും വൈദ്യുതിലൈനുകളാണ് തകര്‍ന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ കുറഞ്ഞ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും  വീട്ടിലേക്ക് മടങ്ങുന്നവര്‍  വൈദ്യുതി വകുപ്പിന്റെ നിര്‍ദേശമില്ലാതെ സ്വമേധയാ വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിക്കരുതെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് അധികൃതര്‍ അറിയിച്ചു. ക്യാമ്പുകളില്‍ നിന്നും പ്രളയക്കെടുതി നേരിട്ട സ്ഥലങ്ങളിലേക്ക് മടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

വീട്ടിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടവ:

*    വീടുകളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് പ്രസ്തുത സ്ഥലങ്ങളില്‍ വൈദ്യുതബന്ധം ഇല്ലായെന്ന് ഉറപ്പുവരുത്തുക.

*     പ്രവേശിക്കുന്നതിന് മുന്‍പ് വീട്/ സ്ഥാപനത്തിലേക്കുള്ള വൈദ്യുതിലൈന്‍/ സര്‍വീസ് വയര്‍ എന്നിവ പൊട്ടി വീണിട്ടുണ്ടോയെന്ന്  പരിശോധിക്കേണ്ടതുണ്ട്.

*    ലൈനുകള്‍ പൊട്ടിക്കിടക്കുന്നതോ താഴ്ന്നു കിടക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ 9496061061 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടുക.

*    വീടുകളില്‍ പ്രവേശിക്കുന്നതിന് മുമ്പായി മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക.

*    ഇ.എല്‍.സി.ബി പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിക്കുന്നതിനായി അതിന്റെ ടെസ്റ്റ് ബട്ടണ്‍ അമര്‍ത്തി ഡ്രിപ്പ് ആകുന്നുണ്ടോയെന്ന് നോക്കുക.

*    വീട്ടിലെ പ്ലഗ്ഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അഴിച്ചു മാറ്റുക. നനവില്ലാത്ത ചെരുപ്പ് ധരിച്ച് മാത്രമേ സ്വിച്ചുകള്‍ ഓണ്‍ ചെയ്യാന്‍ പാടുളളൂ.

*    ഇ.എല്‍.സി.ബി (എര്‍ത്ത് ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍) പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ഓരോ എം.സി.ബി (മിനിയേച്ചര്‍ സര്‍ക്ക്യൂട്ട് ബ്രേക്കര്‍)കളായി ഓണ്‍ ചെയ്യുക.
*    കൈകളാല്‍ സ്പര്‍ശിക്കാതെ എനര്‍ജി മീറ്ററിന് എന്തെങ്കിലും കേടുപാട് സംഭവിച്ചിട്ടുണ്ടോയെന്നും തീപിടിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുക.

*    വൈദ്യുതി സംബന്ധമായ സഹായത്തിന് കെ.എസ്.ഇ.ബി.എല്‍/ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്.

*    വീട്ടിലെ വയറിങ് സംബന്ധമായ തകരാറുകള്‍ പരിശോധിക്കുന്നതിന് വയര്‍മാന്‍മാരുടെ സൗജന്യ സേവനത്തിനായി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം.

*    സ്വിച്ച് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മറുകൈ ഭിത്തിയിലും മറ്റും തൊടാതിരിക്കാന്‍ ശ്രദ്ധിക്കുക.

*    വൈദ്യുതി പുനസ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ അവരുമായി സഹകരിക്കുക.

ചെയ്യാന്‍ പാടില്ലാത്തവ

*    സ്ഥാപനങ്ങള്‍/വീടുകള്‍ എന്നിവിടങ്ങളിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ ശ്രമിക്കരുത്.

*    ചുറ്റുവട്ടത്ത് വൈദ്യുതി ഉണ്ടെങ്കില്‍ പ്രസ്തുത ലൈന്‍/സര്‍വ്വീസ് വയര്‍ ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്താതെ അതിനടുത്തേക്ക് പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്.
*    ഏതെങ്കിലും സ്വിച്ച് ബോര്‍ഡോ എക്സ്റ്റന്‍ഷന്‍ ബോര്‍ഡോ വെളളത്തില്‍ മുങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ സമീപത്ത് പോവാതിരിക്കുക.
*    പൊട്ടിക്കിടക്കുന്ന എര്‍ത്ത് കമ്പിയില്‍ സ്പര്‍ശിക്കാന്‍ പാടില്ല.
*    ഒരു കാരണവശാലും ഇ.എല്‍.സി.ബി ബൈപാസ് ചെയ്ത് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കരുത്.
*    ഏതെങ്കിലും ഉപകരണം നനഞ്ഞതായോ വെളളം കയറിയതായോ കാണുകയാണെങ്കില്‍ അവ ഉപയോഗിക്കരുത്.
*    ഏതെങ്കിലും ഉപകരണം ഉപയോഗിക്കുമ്പോള്‍ ഇ.എല്‍.സി.ബിയോ എം.സി.ബിയോ ട്രിപ്പ് ആകുന്ന പക്ഷം ആ ഉപകരണങ്ങള്‍ വീണ്ടും ഓണ്‍ ചെയ്യുവാന്‍ ശ്രമിക്കരുത്.
*    ഇന്‍വെര്‍ട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്.
*    ജോയിന്റുളള പ്ലാസ്റ്റിക്ക് വയര്‍ ഉപയോഗിച്ച് താത്ക്കാലിക വയറിങ് നടത്തരുത്.
*    ശക്തമായ സൂര്യ പ്രകാശം ഉളളപ്പോള്‍ സോളാര്‍ പ്രതിഷ്ഠാപനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്.
*    പാചക വാതകം, മറ്റു വാതക സാന്നിധ്യം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ സ്വിച്ചുകളോ മറ്റു വൈദ്യുത ഉപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കരുത്.
*    ഏതെങ്കിലും സ്വിച്ച് ബോര്‍ഡോ ഉപകരണങ്ങളോ കേടായതായി കണ്ടാല്‍ സ്വയം റിപ്പയര്‍ ചെയ്യരുത്.

date