Skip to main content

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പരിശോധന ശക്തമാക്കണം: ജില്ലാ വികസന സമിതി

ജില്ലയിലെ വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ വാഹന പരിശോധനയും ബോധവത്ക്കരണവും ശക്തമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി എസ് സുപാല്‍ എം എല്‍ എയാണ് വിഷയം ശ്രദ്ധയില്‍പെടുത്തിയത്. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍

സ്‌കൂളുകള്‍ക്ക് മുന്നില്‍ പ്രത്യേക പരിശോധന വേണം. മദ്യപിച്ചു വാഹനമോടിക്കല്‍, അമിതവേഗത എന്നിവ കണ്ടെത്താന്‍ പോലീസിന്റെയും മോട്ടോര്‍ വാഹനകുപ്പിന്റെയും പരിശോധനയും ബോധവത്ക്കരണവും ശക്തമാക്കാന്‍ യോഗം നിര്‍ദേശിച്ചു. ജലസേചന പദ്ധതികള്‍ക്കായി കുഴിക്കുന്ന റോഡുകള്‍ എത്രയും വേഗം പൂര്‍വ സ്ഥിതിയിലാക്കണമെന്നും നിര്‍മാണത്തില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പിക്കണമെന്നും സര്‍ക്കാര്‍ പദ്ധതിയുടെ അവലോകനം താഴെ തട്ടിലും നടത്തണമെന്നും പി എസ് സുപാല്‍ എം എല്‍ എ ആവശ്യപ്പെട്ടു.

കുന്നത്തൂര്‍ താലൂക്കിലെ വിവിധ പാലങ്ങളില്‍ ഉടന്‍ സംരക്ഷണവേലി സ്ഥാപിക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ആവശ്യപ്പെട്ടു. താലൂക്കിലെ സര്‍വേയര്‍മാരുടെ കുറവ് പരിഹരിക്കാനും വിവിധ റോഡുകളുടെ നിര്‍മാണം വേഗത്തിലാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയെ മള്‍ട്ടി സ്‌പെഷ്യാലിറ്റിയാക്കി ഉയര്‍ത്തുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത് വേഗത്തിലാക്കണമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രതിനിധി എസ് ബുഹാരി നിര്‍ദേശിച്ചു. കുര്യോട്ടുമല ആദിവാസി കുടുംബങ്ങള്‍ക്കുളള്ള വീട് നിര്‍മാണം, പത്തനാപുരം ബൈപാസിന്റെ വസ്തു ഏറ്റെടുക്കല്‍ നടപടികള്‍ എന്നിവ വേഗത്തിലാക്കാന്‍ കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ യുടെ പ്രതിനിധി ആവശ്യപ്പെട്ടു.

മണ്‍ട്രോത്തുരുത്തില്‍ ബോട്ട് സര്‍വീസിന്റെ എണ്ണം കൂട്ടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു. കൊല്ലത്തെ വിവിധ ടാക്സി പ്രീപെയിഡ് കൗണ്ടറുകള്‍ പുനസ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പാക്കാന്‍ കെ എസ് ഇ ബി നടപടി സ്വീകരിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി യുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍ ആവശ്യപ്പെട്ടു. അഷ്ടമുടി കായലിലെ കൈയേറ്റത്തിനെതിരെ നടപടികള്‍ സ്വീകരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. പദ്ധതി തുകയുടെ വിനിയോഗം സംബന്ധിച്ച് വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ കൃത്യമായി വിശദീകരണം നല്‍കണമെന്നും യോഗം തീരുമാനിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ വി രാജലക്ഷ്മി, എ ഡി എം, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date