ഭവനങ്ങളിലേക്ക് തിരിച്ചുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പാമ്പു കടിയേല്‍ക്കാതെ സൂക്ഷിക്കുക. കടിയേറ്റാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുന്നത് പരമാവധി തടയുന്നതിന് കടിയേറ്റ കൈ/കാല് അനക്കാതെ സൂക്ഷിക്കുക. മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. പാമ്പു കടിയേറ്റെന്ന് മനസിലായാല്‍ ഒരു കാരണവശാലും പരിഭ്രാന്തരാകുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ അരുത്. മുറിവിനു മുകളിലായി കയറോ തുണിയോ മുറുക്കി കെട്ടേണ്ടതില്ല. ഇത് രക്തയോട്ടം തടസപ്പെടുത്തി കോശങ്ങള്‍ നശിക്കുന്നതിനു കാരണമാകും. കടിച്ച പാമ്പിനെ അന്വേഷിച്ചു സമയം പാഴാക്കരുത്. വിവിധ വിഷ പാമ്പുകള്‍ക്കുള്ള ആന്റിവനം ഒന്ന് തന്നെയാണ്. പരിസരത്തുള്ള ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുക.
മാനന്തവാടി ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പാമ്പുകടിയേറ്റവര്‍ക്ക് ചികിത്സ ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments