Skip to main content
 'ആക്രി' ആപ്പ്

ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാൻ 'ആക്രി' ആപ്പ് റെഡി

 

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാൻ 'ആക്രി' ആപ്പ് റെഡി. ആവശ്യക്കാർ ആപ്പിൽ രജിസ്റ്റർ ചെയ്ത് തിയ്യതി അറിയിച്ചാൽ കമ്പനിയുടെ ജീവനക്കാർ വാഹനവുമായെത്തി മാലിന്യം കൊണ്ടു പോകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആക്രി ആപ്പ് ഡൗൺലോഡ് ചെയ്യാം.

മാലിന്യം സൂക്ഷിക്കാൻ ഓരോ വീടിനും ഓരോ തരം മാലിന്യത്തിനും നീല, മഞ്ഞ, ചുവപ്പ്, വെള്ള എന്നിങ്ങനെ നാല് നിറങ്ങളിലുള്ള കവറുകൾ നൽകും. ഉപയോഗിച്ച ഡയപറുകൾ, സാനിറ്ററി പാഡുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസ്സിംഗ് കോട്ടൺ, സിറിഞ്ചുകൾ, കാലഹരണപ്പെട്ട മരുന്നുകൾ, മറ്റ് ക്ലിനിക്കൽ ലബോറട്ടറി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ ശാസ്ത്രീയ നിർമാർജനത്തിന് ഏറെ സഹായകരമാണ് ആക്രി ആപ്പ്. ഓരോ തരം മാലിന്യത്തിനും നിർണയിക്കപ്പെട്ട കവറുകളിൽ തന്നെ നിർബന്ധമായും അതാത് മാലിന്യം നിക്ഷേപിക്കണം. 

കുറഞ്ഞ യൂസർ ഫീ ഈടാക്കി വീടുകളിൽനിന്ന് ബയോമെഡിക്കൽ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന കോർപ്പറേഷന്റെ ഈ പദ്ധതി എ ഫോർ മർക്കന്റൈൽസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ആവിഷ്‌കരിച്ചത്. ഇതുവഴി വീടുകളിൽ നിന്നുളള ബയോമെഡിക്കൽ മാലിന്യം ഒരു കിലോയ്ക്ക് 45 രൂപ എന്ന നിരക്കിൽ കൈമാറും. മാലിന്യം പൊതുമേഖലാ സ്ഥാപനമായ കൊച്ചിയിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വഴി ശാസ്ത്രീയമായി സംസ്‌കരിക്കും. ഇതിൽ ഒരുരൂപ ഏജൻസി കോർപ്പറേഷന് നൽകും. 

ആപ്പിന്റെ സഹായത്തോടെയുള്ള മാലിന്യ ശേഖരണത്തിന്റെ ഫ്ലാഗ് ഓഫ് കോർപ്പറേഷൻ ഓഫീസ് പരിസരത്ത് മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഡോ. എസ് ജയശ്രീ അധ്യക്ഷത വഹിച്ചു. സേവനം ആവശ്യമുള്ളവർക്ക് ആക്രി ആപ്പ് വഴിയോ 1800 890 5089 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പറിലോ +919778418244 എന്ന വാട്‌സപ്പ് നമ്പറിലോ ബന്ധപ്പെടാം.

date