Skip to main content

വെള്ളപൊക്കത്തിനു ശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.    അടഞ്ഞു കിടക്കുന്ന മുറികളില്‍ വായു മലിനീകരണം സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ ജനലുകളും വാതിലുകളും തുറന്നിട്ട് വായു സഞ്ചാരയോഗ്യമാക്കുക.
2.    വീടുകളില്‍ വൈദ്യുത ഷോക്ക് ഇല്ലെന്ന് ഉറപ്പ് വരുത്തുക.
3.    വീടുകളിലെ മുറികളിലും പരിസരത്തും കെട്ടികിടക്കുന്ന ചെളിയും മറ്റും നീക്കം ചെയ്യുക. ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് സ്വയംരക്ഷാമാര്‍ഗ്ഗങ്ങളായ കയ്യുറ, കാലുറ, മാസ്‌ക് എന്നിവ നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. ശരീരത്തില്‍ മുറിവുകള്‍ ഉള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുകയും പാദരക്ഷകള്‍ നിര്‍ബന്ധമായും ധരിക്കേണ്ടതുമാണ്. വീട്ടിനകത്ത് കെട്ടിക്കിടക്കുന്ന ചെളി നീക്കം ചെയ്തതിനു ശേഷം ക്ലോറിന്‍ ലായനി ഉപയോഗിച്ച് തറവൃത്തിയാക്കേണ്ടതാണ്. ഇതിനായി 6 ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ ബക്കറ്റിലെടുത്ത് അല്‍പ്പം വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇതിലേക്ക് 1 ലിറ്റര്‍ വെള്ളം ഒഴിക്കുക. തുടര്‍ന്ന് 10 മിനുട്ട് വെച്ചതിനു ശേഷം തെളിവെള്ളം (ക്ലോറിന്‍ ലായനി) എടുത്ത് തറവൃത്തിയാക്കാനും പരിസരത്ത് ഒഴിക്കുവാനും ഉപയോഗിക്കുക. തറയില്‍ ക്ലോറിന്‍ലായനി ഒഴിച്ച് 30 മിനുട്ടിന് ശേഷം മാത്രമേ വെള്ളം ഉപയോഗിച്ച് തറ വൃത്തിയാക്കാന്‍ പാടുള്ളൂ. മണമുള്ള ലായനി ഉപയോഗിച്ച് തറവൃത്തിയാക്കി ക്ലോറിന്‍ മണം മാറ്റാവുന്നതാണ്.
4.    കക്കൂസ് മാലിന്യങ്ങളാല്‍ മലിനപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാം.
5.    വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങള്‍ കഴുകിവൃത്തിയാക്കി ഉപയോഗിക്കുക.
6.    പരിസരങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുകയും കൊതുകുവളരാനുള്ള സാഹചര്യം ഒഴിവാക്കുകയും ചെയ്യുക. 
7.    തുടര്‍ ദിവസങ്ങളില്‍ എലിപ്പനി. ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയരോഗങ്ങള്‍ വരാന്‍ സാധ്യത വളരെ കൂടുതലാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കേണ്ടതാണ്
8.    ഗാര്‍ഹിക ആവശ്യത്തിനുള്ള വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുക.
ഒരു ബക്കറ്റ് വെള്ളത്തില്‍ (20 ലിറ്റര്‍) ഒരു ക്ലോറിന്‍ ഗുളിക പൊടിച്ച് ചേര്‍ത്തതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് ഉപയോഗിക്കാം.
കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
9.    കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക.
10.    വ്യക്തി ശുചിത്വത്തിനുപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കേണ്ടതാണ്.
കിണറുകളിലെവെള്ളം ശുദ്ധീകരിക്കുന്ന വിധം
ഗുണമേന്‍മയുള്ള ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് കിണര്‍ വെള്ളം ശുദ്ധീകരിക്കാം.
വെള്ളപൊക്കം മൂലമുണ്ടായ ഈ സാഹചര്യത്തില്‍ 1000 ലിറ്റര്‍വെള്ളത്തിന് 5 ഗ്രാം എന്ന തോതിലാണ് ബ്ലീച്ചിംഗ് പൗഡര്‍ എടുക്കേണ്ടത്.
കിണറിലെ വെള്ളത്തിന്റെ അളവ് കണക്കാക്കി ആവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍ ഒരു ബക്കറ്റില്‍ എടുക്കുക. തുടര്‍ന്ന് അല്‍പ്പം വെള്ളം ചേര്‍ത്ത് ഒരു വടി ഉപയോഗിച്ച് കുഴമ്പ് രൂപത്തിലാക്കുക. ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വെള്ളം ചേര്‍ത്ത് നന്നായികലക്കി 10 മിനുട്ട് തെളിയൂറാന്‍ അനുവദിക്കുക. വെള്ളം കോരുന്ന ബക്കറ്റിലേക്ക് തെളിവെള്ളം ഒഴിച്ച ശേഷം സാവധാനം കിണറ്റിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്ത്  ക്ലോറിന്‍ ലായനി കിണര്‍ വെള്ളത്തില്‍ നന്നായി കലര്‍ത്തുക. 1 മണിക്കൂറിന് ശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്.

date