ക്യാമ്പുകളിൽ മൂന്ന് ദിവസത്തേക്കാവശ്യമുള്ള സാധനങ്ങൾ ഉടൻ വിതരണം ചെയ്യും
- വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി
ആലപ്പുഴ: ജില്ലയിലെ വിവിധ ക്യാമ്പുകളിലേക്ക് മൂന്നുദിവസത്തേക്ക് ആവശ്യമുളള സാധനസാമഗ്രികൾ ഉടൻ എത്തിക്കണമെന്ന് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും നിർദ്ദേശം നൽകി. കളക്ടറേറ്റിൽ വിളിച്ചുചേർത്ത സംഭരണ ശാല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ. മൂന്ന് ദിവസത്തേക്കുള്ള അവശ്യ സാധനങ്ങൾ മുഖ്യസംഭരണ ശാലയായ എസ്.ഡി കോളേജിൽ നിന്നും ക്യാമ്പുകളിലേക്ക് നേരിട്ടെത്തിക്കാനാണ് നിർദ്ദേശം. സ്റ്റോക്കുകൾ കെട്ടികിടക്കാതിരിക്കാനാണിത്. ഓരോ ക്യാമ്പുകൾക്കും ആവശ്യമുള്ള സാധനങ്ങൾ വേണം വിതരണം ചെയ്യാൻ. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും.
മുഖ്യ സംഭരണശാലയിലെ ജോലിക്ക് ഹാജരാകാതിരുന്ന 12 ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകാൻ ജില്ല കളക്ടർക്ക് ധനമന്ത്രി തോമസ് ഐസക് നിർദ്ദേശം നൽകി. താലൂക്ക് ഓഫീസുകളിൽ ജോലിക്ക് ഹാജാരാകാത്ത ജീവനക്കാർക്കെതിരെയും നടപടിക്ക് മന്ത്രിമാർ ശിപാർശ ചെയ്തു. പാൽ, പഴവർഗങ്ങൾ തുടങ്ങി വേഗം ചീത്തയാകുന്ന ഉൽപ്പന്നങ്ങളുടെ വിതരണം വേഗം നിർവഹിക്കണം. ഇത് പ്രധാന സംഭരണശാലയിൽ ഇറക്കാതെ തന്നെ നേരിട്ട് ക്യാമ്പുകളിലേക്ക് എത്തിക്കുന്നതാണ് ഉചിതമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
ഭക്ഷണം,സുരക്ഷിതത്വം,ആരോഗ്യ പരിരക്ഷ എന്നിവയ്ക്കാണ് ക്യാമ്പുകളിൽ സർക്കാർ ഉറപ്പാക്കിയിട്ടുള്ളതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. മറ്റ് പലതും നൽകുന്നത് സ്റ്റോക്ക് ലഭ്യത അനുസരിച്ചാണ്. ക്യാമ്പുകളിൽ കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക് ഉടൻ സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ക്യാമ്പുകളിലെ കലവറയുടെ താക്കോൽ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥർ തന്നെ സൂക്ഷിക്കണമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. രാഷ്ട്രീയക്കാരെ ക്യാമ്പുകളുടെ ചുമതല ഏൽപ്പിക്കരുത്. ക്യാമ്പുകളിൽ കൊടി കെട്ടിയുള്ളതോ യൂണിഫോമിട്ടതോ ആയ സേവനപ്രവർത്തനം ഒരു കാരണവശാലും അനുവദിക്കില്ല. ഓണത്തിന് ക്യാമ്പംഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യും. പച്ചക്കറി, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
ചെങ്ങന്നൂരിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയത് സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതിലും നടപടി വേണമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഓരോ ക്യാമ്പിന്റെയും മേൽനോട്ടത്തിന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളവർ അവിടെയുണ്ടോയെന്ന് ജില്ല കളക്ടർ ഉറപ്പുവരുത്തണമെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. മാലിന്യസംസ്‌കരണത്തിന് ഓരോ ക്യാമ്പിലും മുന്നുതരം ബിൻ സ്ഥാപിക്കണമെന്നും മന്ത്രി നിർദേശിച്ചു. യോഗത്തിൽ ജില്ല കളക്ടർ എസ്.സുഹാസ്, സ്പെഷൽ ഓഫീസർ എൻ.പത്മകുമാർ,എ.ഡി.ജി.പി. ബി.സന്ധ്യ, സബ്കളക്ടർ കൃഷ്ണതേജ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments