Skip to main content

ക്രിസ്ത്യൻ കോളജിലെ ലക്ചറർ മുറിയിൽ സർവസജ്ജമായ ആരോഗ്യ പരിചരണം

ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളജിലെ ലക്ചറർ മുറിയിൽ ഇപ്പോൾ ഒരുക്കിയിട്ടുള്ളത് ഒരു ചെറിയ ആശുപത്രിയാണ്. നാട്ടിലെ ചെറിയ നഴ്‌സിങ് ഹോമിലുള്ള എല്ലസൗകര്യങ്ങളും അവിടെ ലഭ്യമാണ്. മൂന്നു ഡോക്ടർമാരുടെയും രണ്ടു നഴ്‌സുമാരുടെയും രണ്ടു  ഫാർമസിസ്റ്റുകളുടെയും സേവനം 24 മണിക്കൂർ ഇവിടെ ലഭ്യമാണ്.

ചെങ്ങന്നൂർ ഗവ. ആശുപത്രിയിലെ ഡോ.ഷിനുവിനാണ് ഇവിടുത്തെ ചുമതല. ഇഞ്ചക്ഷൻ സൗകര്യം ഉൾപ്പെടെയുള്ളവ ഇവിടെ ലഭ്യമാണ്. മിക്കവാറും രോഗങ്ങൾക്കുള്ള മരുന്നുകളും ആവശ്യത്തിനു കരുതലായുണ്ട്. രണ്ടു നിലകളിലായുള്ള ക്യാമ്പായതിനാൽ ധാരാളം രോഗികളാണ് ഇവിടെ ചികത്സ തേടിയെത്തുന്നത്.

പരിമിതമായ സ്ഥലം മാത്രമുള്ള ഹോമിയോ ക്ലിനിക്കും മികച്ച സേവനമാണ് നൽകി വരുന്നത്. ക്യാമ്പിലുള്ളവർക്ക് ആവശ്യമായ പരിചരണം നൽകുന്നതിനൊപ്പം മണ്ഡലത്തിലെ  12 പഞ്ചായത്തുകളിലും ഹോമിയോ വകുപ്പിന്റെ സേവനമെത്തിക്കുന്നുണ്ട്. വിവിധ പഞ്ചായത്തുകളിലായി പ്രതിദിനം 50ലേറെ ഹോമിയോ മെഡിക്കൽ ക്യാമ്പുകളാണ് നടത്തിവരുന്നതെന്ന് ക്യാമ്പിന്റെ ചുമതലക്കാരി ഡോ. പ്രീത നായർ പറഞ്ഞു. ക്യാമ്പിലും വിവിധ ആവശ്യങ്ങൾക്കായെത്തുന്ന  രോഗികളുടെ എണ്ണവും കൂടുതലാണിവിടെ. ആവശ്യത്തിനുള്ള മരുന്നുകൾ കരുതലായി സൂക്ഷിച്ചിട്ടുണ്ട്.

 

സങ്കടക്കെട്ടഴിച്ച് മോളിയും കാർത്ത്യായനിയും

ചെങ്ങന്നൂർ:  കേവലം 10 മിനിട്ടിൽ താഴെ മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങൾക്കൊപ്പം ചെലവിട്ടുള്ളുവെങ്കിലും ഈ ജന്മത്തിലെ മുഴുവൻ സങ്കടങ്ങളും ആ ചെറിയ സംഭാഷണത്തിനുള്ളിൽ മോളി ചെല്ലപ്പനും കാർത്യായനിയും പങ്കു വച്ചു. തങ്ങളുടെ എല്ലാം വെള്ളമെടുത്ത പോയത് പറയുമ്പോൾ മോളിയും കാർത്യായനിയും കരച്ചിലടക്കാൻ പാടുപ്പെട്ടു.

കഴുത്തറ്റം വെള്ളം വന്നു. ജീവിതത്തിനും മരണത്തിനുമിടയിലായ തങ്ങളെ ആ കയത്തിൽ നിന്ന് രക്ഷിച്ച മത്സ്യതൊഴിലാളികളോടുള്ള കടപ്പാടും അവർ മറച്ചുവച്ചില്ല. ക്യാമ്പിൽ തങ്ങളുടെ ജീവിതം അല്ലലൊന്നുമില്ലാത്തതാണെന്ന് ഇരുവരും പറഞ്ഞു. എന്നാൽ തിരിച്ചു ചെല്ലുമ്പോൾ വീടിന്റെ അവസ്ഥയെന്തെന്നോർത്താണ് ദുഖം.

മഹാപ്രളയത്തെ അതിജീവിച്ച ഓരോരുത്തർക്കും പുതിയ ജീവിതം കരുപിടിപ്പാക്കാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും നഷ്ടപ്പെട്ട വീട് വീണ്ടെടുത്തുനൽകുമെന്നും മുഖ്യമന്ത്രി അവരെ ധരിപ്പിച്ചു.

മോളിക്കും കാർത്യായനിക്കുമൊപ്പം ക്രിസ്ത്യൻ കോളജിലെ വലിയ ഹാളിൽ കഴിയുന്ന ഓരോരുത്തരും ഈ വാക്കുകളിൽ പ്രചോദിതരായെന്ന് അവരുടെ വിടർന്ന മുഖങ്ങൾ സാക്ഷി. ക്യാമ്പങ്ങളുമായി ഇരുന്ന് സംസാരിക്കാൻ മുഖ്യമന്ത്രിക്ക് കസേരയും മൈക്കും തയ്യാറാക്കിയിരുന്നെങ്കിലും അനിയന്ത്രിതമായ തിരക്ക്മൂലം അതിന് സാധ്യമായില്ല.

കടലിന്റെ മക്കളാണ് ഞങ്ങളുടെ രക്ഷകരെന്ന് ക്യാമ്പാംഗങ്ങൾ

ചെങ്ങന്നൂർ: കൊല്ലത്തുനിന്നും വന്ന മത്സ്യതൊഴിലാളികളാണ് ഞങ്ങളെ ഇന്ന് ഇവിടെയത്തിച്ചത്. ശരിക്കും ദൈവത്തിന്റെ പ്രതിപുരുഷന്മാർ. ട്രോളിങ് പോലുള്ള ക്ഷാമകാലത്ത് ഇനി അവരെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ  ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ശ്രീലേഖയും രമ്യയും സുജയും ഇതു പറയുമ്പോൾ കുടെയുള്ളവർ ഇത് അടിവരയിടുന്നു. തങ്ങളെ സന്ദർശിക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട്  സങ്കടങ്ങൾ എണ്ണിയെണ്ണി പറയുമ്പോഴും കടലിന്റെ മക്കളുടെ മഹാത്മ്യം വിശദീകരിക്കാൻ അവർ മറന്നില്ല.

വെള്ളം പൊങ്ങി  പൊങ്ങി വരവെ ആദ്യം കട്ടിലിന്റെ മുകളിലും പിന്നെ അതിനു മുകളിലായിട്ട് മേശയിലുമായി നിർത്തിയാണ് വീട്ടിലെ പുരുഷന്മാർ തങ്ങളെ കാത്തത്. ഒടുവിൽ വെള്ളം വന്നു കഴുത്തറ്റം  നിൽക്കുന്ന വേളയിലാണ് രക്ഷകരെത്തിയത്. ഒരു ദിവസം കൂടി ആ നില്പ് തുടർന്നിരുന്നെങ്കിൽ  തങ്ങളാരും ഈ ഭൂമിയിൽ  അവശേഷിക്കുകയില്ലായിരുന്നെന്ന് ശ്രീലേഖ സാക്ഷ്യപ്പെടുത്തുന്നു.

വെള്ളമുയർന്ന്  ഒരു ഗതിയുമില്ലാതെ നിൽക്കുമ്പോഴാണ് പുരുഷന്മാർ ടെറസിന് മുകളിലേക്ക് മാറ്റിയത്. മൂന്നു ദിവസം നരകയാതനയായിരുന്നു. ഒടുവിൽ നേവിയെത്തും മുന്നെ തങ്ങളെ ആശ്വാസ തീരത്ത് എത്തിച്ചത് മത്സ്യതൊഴിലാളികളായിരുന്നുവെന്ന്  മുണ്ടകൻ കാവ് സ്വദേശി സുജ പറയുന്നു.  45 പേരാണ് സുജയുടെ വീടിന് മുകളിൽ  ഇത്തരത്തിൽ നൂൽപാലത്തിൽ മൂന്നുദിവസം കഴിച്ചുകൂട്ടിയത്.

രക്ഷകരായെത്തിയ മത്സ്യതൊഴിലാളികളുടെ സേവനം ഓർമിക്കുമ്പോൾ കൈ കൂപ്പിയാണ് ഓരോരുത്തരും നന്ദി അറിയിക്കുന്നത്. ഊരും പേരും അറിയാത്ത ഞങ്ങളെ രക്ഷിക്കാനെത്തിയ ദൈവദൂതരായി ചിലരവരെ വിശേഷിപ്പിച്ചു. ഒടുവിൽ സ്‌നേഹസമ്മാനവുമായി നൽകിയ പണവും ദുരിതബാധിതർക്കായി ചെലവഴിക്കാൻ പറഞ്ഞ  മത്സ്യത്തൊഴിലാളികളുടെ വിശാലമനസ്‌കത വിശദീകരിക്കുമ്പോൾ ദുരിതബാധിതർക്ക് നൂറുനാവായിരുന്നു. തങ്ങളിന്നു ജീവിക്കുന്നുവെങ്കിൽ അതിനു കാരണം  ആ മത്സ്യതൊഴിലാളികളാണ്. ഇനി അവരുടെ ദുരിതാകാലങ്ങളിൽ തങ്ങളും അവർക്കൊപ്പമുണ്ടാകുമെന്ന് ദൃഡനിശ്ചയം ചെയ്തു. വീടും സർവ്വവും നഷ്ടപ്പെട്ടെങ്കിലും ക്യാമ്പിൽ പരമസുഖമാണെന്ന് അവർ പറയുന്നു.

സർക്കാർ എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.ഞങ്ങൾക്കാ ഉറപ്പിൽ വിശ്വാസമുണ്ട്. രണ്ടു നിലകളിലായി ആയിരത്തോളം പേരുണ്ടിവിടെ. പുറത്തു നിന്ന് വരുന്ന സഹായങ്ങൾ പലപ്പോഴും മുകളിലെ നിലയിലുള്ളവർക്ക് കിട്ടാതെ പോകുന്നതിൽ ഇവർക്ക് ദുഖമുണ്ട്.

date