ദുരിതാശ്വാസ ക്യാമ്പ്: ഉദ്യോഗസ്ഥർ കൃത്യ സമയത്ത് ഹാജരാകണം
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകളും സ്ഥാപനങ്ങളും ഇന്ന് (ഓഗസ്റ്റ് 24) പ്രവർത്തിക്കേണ്ടതും ദുരിതാശ്വാസ ക്യാമ്പുകളിലും ഗോഡൗണിലും ജോലിക്കായി നിയോഗിച്ച ഉദ്യോഗസ്ഥർ കൃത്യ സമയത്ത് ജോലിക്കായി നിയോഗിച്ചിട്ടുള്ള സ്ഥലത്ത് ഹാജരാകേണ്ടതാണെന്ന് ജില്ല കളക്ടർ അറിയിച്ചു.
പൊലീസ് കംപ്‌ളയിന്റ് അതോറിറ്റി: തെളിവെടുപ്പ് മാറ്റി
ആലപ്പുഴ: രൂക്ഷമായ പ്രളയക്കെടുതികൾ അനുഭവപ്പെടുന്നതിനാൽ ജില്ലാതല പൊലീസ് കംപ്‌ളയിന്റ് അതോറിറ്റിയുടെ ഓഗസ്റ്റ് 30ന് നടത്തുന്നതിന് നിശ്ചയിച്ചിരുന്ന വിചാരണ തെളിവെടുപ്പ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും
അഭിമുഖം മാറ്റി
ആലപ്പുഴ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ജില്ല സോയിൽ ടെസ്റ്റിങ് ലാബിൽ പാർട്ട്-ടൈം -സ്വീപ്പർ തസ്തികയിൽ നിലവിലുള്ള ഒഴിവിൽ നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 30ന് നടത്താനിരുന്ന അഭിമുഖം വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
മെഡിക്കൽ ക്യാമ്പുകളിൽ സ്റ്റാഫ് നഴ്‌സ് താൽക്കാലിക നിയമനം
ആലപ്പുഴ: ജില്ലയിൽ പ്രളയ ദുരിതത്തിന്റെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഒരു മാസത്തേക്ക് സ്റ്റാഫ് നഴ്‌സായി കരാർ അടിസ്ഥാനത്തിൽ ജനറൽ നഴ്‌സിങ്/ബി.എസ്.സി നഴ്‌സിങ് പാസായ സ്റ്റേറ്റ് നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവരെ തിരഞ്ഞെടുക്കുന്നു. ജില്ല മെഡിക്കൽ ഓഫീസ് (ആരോഗ്യം) ആലപ്പുഴയിൽ ഓഗസ്റ്റ് 26ന് രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ആരോഗ്യ വകുപ്പിന്റെ ഗവ. സ്‌കൂൾ ഓഫ് നഴ്‌സിങിൽ പാസായ ഉദ്യോഗാർഥികൾ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ജി.എൻ.എം/ബി.എസ് സി നഴ്‌സിങ് പാസായ ഉദ്യോഗാർഥികൾക്ക് മുൻഗണന. ഉദ്യോഗാർഥികൾ ഇല്ലാത്തപക്ഷം മറ്റ് ഉദ്യോഗാർഥികളെ നിയമപ്രകാരമുള്ള മുൻഗണന കണക്കാക്കി നിയമിക്കും. താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക്സൗജന്യ പരിശീലനം
ആലപ്പുഴ: സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പി.എസ്.സി.പരിശീലനം നൽകുന്നു. അപേക്ഷാഫോറവും വിശദവിവരവും ജില്ല ഫീഷറീസ് ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 31നകം ജില്ല ഫിഷറീസ് ഓഫീസിൽ നൽകണം. ബിരുദതലത്തിൽ 50 ശതമാനം മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് ഒരു തവണയേ ആനുകൂല്യത്തിന് അർഹത ഉള്ളൂ
- Log in to post comments