സര്‍ക്കാര്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം : മുഖ്യമന്ത്രി
ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്നും അവര്‍ക്ക് പൂര്‍ണ്ണ പരിരക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയക്കെടുതിമൂലം വീട് പൂര്‍ണ്ണമായും തകര്‍ന്ന് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവരുടെ വീടുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതു വരെ പ്രത്യേക സൗകര്യമൊരുക്കി ക്യാമ്പുകളില്‍ വിന്യസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാലക്കുടി പനമ്പിളളി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ ക്യാമ്പുകളും സന്ദര്‍ശിക്കുമ്പോള്‍ തന്നെ അന്തേവാസികളോടുളള സര്‍ക്കാരിന്റെ അടുപ്പത്തിന് കൂടുതല്‍ അര്‍ത്ഥം ഉണ്ടാവുകയാണ്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഈ പ്രളയത്തെ കേരളം ജനത നേരിട്ടത് ഒരേ മനസ്സോടെയാണെന്നും എല്ലാം പൂര്‍വ്വ സ്ഥിതിയാക്കുന്നതിന് ഇനിയും ഒറ്റക്കെട്ടായി മുന്നേറാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 12 മണിയോടെ കോളേജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലിറങ്ങിയ മുഖ്യമന്ത്രി ക്യാമ്പിലെത്തി അന്തേവാസികളോട് വിവരങ്ങള്‍ ആരാഞ്ഞു. ക്യാമ്പിലുളള പ്രായമായവരും സ്‌ത്രീകളും തങ്ങളുടെ മഴക്കെടുതി ദുരിതങ്ങള്‍ മുഖ്യമന്ത്രിയോട് പങ്കുവച്ചു. ക്യാമ്പിലെ കുട്ടികളും സ്‌ത്രീകളും പ്രായമായവരുമുള്‍പ്പെടെ മുഖ്യമന്ത്രിയുടെ കരം ഗ്രഹിച്ചു. ക്യാമ്പിലെ ജനാവലി ഊഷ്‌മളമായ യാത്രയയപ്പാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. 12.30 ഓടെ ഹെലികോട്‌പറില്‍ തന്നെ മുഖ്യമന്ത്രി തിരിച്ചു. റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഇന്നസെന്റ് എം പി, ബി ഡി ദേവസ്സി എം എല്‍ എ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കളക്‌ടര്‍ ടി വി അനുപമ എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു.
- Log in to post comments