Skip to main content

സംസ്ഥാനത്തിന്‌ മാതൃകയായി തൃശൂരിന്റെ �അതിജീവനം�

പ്രളയകാലശൂചീകരണത്തില്‍ സംസ്ഥാനത്തിന്‌ തന്നെ മാതൃകയായി തൃശൂര്‍ ജില്ല. പ്രളയജലമിറങ്ങി തുടങ്ങിയ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ മുറയ്‌ക്ക്‌ തന്നെ വെളളപ്പൊക്കം നാശമാക്കിയ വീടുകളും പൊതുഇടങ്ങളും മറ്റും ശുചിയാക്കി വാസയോഗ്യമാക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ത്വരിതഗതിയില്‍ നടപ്പിലാക്കി മാതൃകയാവുകായണ്‌ തൃശൂര്‍ ജില്ല. ഓഗസ്റ്റ്‌ 20 ന്‌ തന്നെ ശൂചീകരണവുമായി ബന്ധപ്പെട്ട്‌ മന്ത്രി ഏ സി മൊയ്‌തീന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തത്‌. തീര്‍ത്തും സംഘടനപരമായ രീതിയിലാണ്‌ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയത്‌. അതിജീവനം എന്ന പേരിട്ട ശുചീകരണയജ്ഞത്തിലേക്ക്‌ സന്നദ്ധപ്രവര്‍ത്തകര്‍ക്ക്‌ പേരു നല്‍കുന്നതിന്‌ ഒരു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനവും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി. ഇതു വരെ 1200 ലേറെ പേരാണ്‌ അതിജീവനത്തില്‍ സന്നദ്ധപ്രവര്‍ത്തവരാവാന്‍ പേരു നല്‍കിയത്‌. ഓഗസ്റ്റ്‌ 21 മുതല്‍ ആരംഭിച്ച അതിജീവനം ശുചീകരണ പരിപാടി ജില്ലയില്‍ ഏറെ മുന്നോട്ട്‌ പോയി കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള സന്നദ്ധ പ്രവര്‍ത്തകര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലുളളവര്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാകറ്റ്‌ സൊസൈറ്റി, ഫുഡ്‌ സ്‌ഫേറ്റി ആര്‍മി, സി ആര്‍ പി എഫ്‌, കുടുംബശ്രീ തുടങ്ങി വിവിധ മേഖലയിലുളളവര്‍ അണിനിരന്ന്‌ സമഗ്രമായ ശുചീകരണ പ്രവൃത്തികളാണ്‌ പ്രളയബാധിത മേഖലകളില്‍ നടത്തുന്നത്‌. 
ചാലക്കുടി, മാള, മതിലകം, ചേര്‍പ്പ്‌, ബ്ലോക്കുകളെയാണ്‌ പ്രളയജലം കൂടുതല്‍ നാശമാക്കിയത്‌. മാള, കുഴൂര്‍ പ്രദേശങ്ങളില്‍ 2 കമ്പനി സി ആര്‍ പി എഫ്‌ സേനാംഗങ്ങള്‍ ശൂചീകരണം നടത്തി. കഴിഞ്ഞ ദിവസം ചാലക്കുടി മേഖലയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്കറ്റ്‌ സൊസൈറ്റി തൊഴിലാളികളും തൃശൂരില്‍ ഫുഡ്‌ സ്‌ഫേറ്റി ആര്‍മിയും കുടുംബശ്രീയും ശുചീകരണത്തിലേര്‍പ്പെടും. നെടുപുഴ തുരുത്തുപാടം സൗഹൃദ കോളിനിയിലെ ശുചീകരണ പ്രവര്‍ത്തികള്‍ കഴിഞ്ഞദിവസം കൃഷി വകുപ്പു മന്ത്രി വി എസ്‌ സുനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. മേയര്‍ അജിത ജയരാജന്‍ സംബന്ധിച്ചു. പ്രളയക്കെടുതിയില്‍ വീണ മരങ്ങള്‍ മുറിച്ച്‌ മാറ്റാനും നിരവധി സംഘങ്ങള്‍ സന്നദ്ധരായി എത്തുന്നുണ്ട്‌.
മാളയിലെ ശുചീകരണം കഴിഞ്ഞാല്‍ അന്നമനട, കാടുകുറ്റി ഭാഗങ്ങളില്‍ സി ആര്‍ പി എഫിനെ നിയോഗിക്കുമെന്ന്‌ ശുചീകരണത്തിന്റെ ചുമതല വഹിക്കുന്ന പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ പി ടി ജെയിംസ്‌ പറഞ്ഞു. സി ആര്‍ ഡി എഫിന്റെ ഒരു കമ്പനി കൂടി ശുചീകരണത്തിനായി എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശുചീകരണത്തിലേര്‍പ്പെടുന്നവര്‍ക്ക്‌ നല്‍കാന്‍ ആവശ്യത്തിന്‌ ഉപകരണങ്ങള്‍ ഇല്ലാത്തതാണ്‌ ജില്ലാഭരണകൂടം നേരിടുന്ന പ്രശ്‌നം. കയ്യൂറ, ഗംബൂട്ട്‌, മോപ്പുകള്‍, പണിയായുധങ്ങള്‍, ഫിനോള്‍ എന്നിവ മതിയായ ആവശ്യത്തിന്‌ തികയുന്നില്ല. ബ്ലീച്ചിങ്ങ്‌ പൗഡര്‍ പരാമവധി ഇടങ്ങളിലേക്ക്‌ വിതരണം ചെയ്‌തു കഴിഞ്ഞു. ദുരിതബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യവസ്‌തുക്കള്‍ ആവശ്യത്തിന്‌ ലഭ്യമായ സാഹചര്യത്തില്‍ ദുരന്തബാധിതരെ സഹായിക്കാന്‍ വ്യക്തികളും സന്നദ്ധസംഘങ്ങളും നല്‍കുന്ന സാധനങ്ങളുടെ കൂട്ടത്തില്‍ ശൂചീകരണ സാമഗ്രികള്‍, ഫിനോള്‍, സോപ്പ്‌, കയ്യുറകള്‍, ഗംബ്ലൂട്ട്‌, ചെരിപ്പുകള്‍ തുടങ്ങിയവ കൂടെ ഉള്‍പ്പെടുത്തിയാല്‍ ജില്ലയ്‌ക്ക്‌ ഏറെ സഹായകമായിരിക്കുമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി വി അനുപമ അഭിപ്രായപ്പെട്ടു. സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇക്കാര്യം കൂടെ പരിഗണിക്കണമെന്ന്‌ അവര്‍ അഭ്യര്‍ത്ഥിച്ചു.

date