ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സെക്ടറല്‍ ഓഫീസര്‍മാരെ നിയമിച്ചു
പ്രളയക്കെടുതിയില്‍ ദുരിതാശ്യാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ സഹായത്തിനായി ക്യാമ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സെക്ടറല്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് സെക്ടറല്‍ ഓഫീസര്‍മാരെയും നിയമിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. വിവിധ വകുപ്പുകളിലെ സൂപ്പര്‍വൈസറി തലത്തിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. തങ്ങളുടെ പരിധിയിലുള്ള ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ക്യാമ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയും ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് ഇവരുടെ ചുമതല.
സെക്ടറല്‍ ഓഫീസര്‍മാര്‍ എല്ലാ ദിവസവും ക്യാമ്പുകള്‍ സന്ദര്‍ശിക്കണം
സെക്ടറല്‍ ഓഫിസര്‍മാര്‍ എല്ലാ ദിവസവും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് നിശ്ചിത ഫോറം പൂരിപ്പിച്ച് വൈകിട്ട് മൂന്നിന് മുമ്പ് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററില്‍ വാട്സ്ആപ്പ് വഴി ലഭ്യമാക്കും.
ക്യാമ്പ് മാനേജ്മെന്റിന് പ്രത്യേക കമ്മിറ്റി
എല്ലാ ക്യാമ്പുകളിലും വാര്‍ഡ് അംഗം, ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്, വനിതാ പ്രതിനിധി, പുരുഷപ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്ന ക്യാമ്പ് പരിപാലന കമ്മിറ്റി രൂപീകരിക്കും. ക്യാമ്പിന് പുറത്തുള്ള ആരെയും ഈ കമ്മിറ്റിയില്‍ അംഗമാക്കില്ല. കമ്മിറ്റി എല്ലാ ദിവസവും രണ്ട് തവണ ചേര്‍ന്ന് ക്യാമ്പ് നടത്തിപ്പ് വിലയിരുത്തും.
ക്യാമ്പുകളിലെത്തിക്കുന്ന സാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം
ക്യാമ്പുകളിലെത്തിക്കുന്ന ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ കൈവശം മാത്രം നല്‍കണം. ലഭിക്കുന്ന സാധനങ്ങളുടെ വിതരണം ക്യാമ്പ് പരിപാലന കമ്മിറ്റി മുഖേന മാത്രം നിര്‍വഹിക്കണം.സര്‍ക്കാര്‍ സംവിധാനത്തിലൂടെയല്ലാതെ ലഭിക്കുന്ന സഹായങ്ങള്‍ക്ക് ക്യാമ്പില്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കും.
ക്യാമ്പുകളില്‍ ആരും നേരിട്ട് സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം
സന്നദ്ധ സംഘടനകള്‍, മതസ്ഥാപനങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവര്‍ സാധനങ്ങള്‍ നേരിട്ട് ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നില്ല എന്ന് ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് ഉറപ്പുവരുത്തണം. ക്യാമ്പുകളില്‍ രാഷ്ട്രീയ, ജാതി, മത പരിഗണനകള്‍ ഉണ്ടാകാന്‍ പാടില്ല. ഇത്തരത്തിലുള്ള എല്ലാ അടയാളങ്ങളും ഒഴിവാക്കിക്കൊണ്ട് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം.
വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം അച്ചടക്കനടപടി
ക്യാമ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വീഴ്ചവരുത്തുവാന്‍ പാടില്ല. ഇത്തരത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം കര്‍ശന അച്ചടക്കനടപടികള്‍ സ്വീകരിക്കും.
(പിഎന്‍പി 2377/18)
- Log in to post comments