Skip to main content

ദുരിത ബാധിതരുടെ പുനരധിവാസം  ഉടൻ: മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: പ്രളയക്കെടുതിയിൽപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസം ഉടൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറവൂർ മാർ ഗ്രിഗോറിയസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പൂർണമായും ഭാഗികമായും വീട് നഷ്ടപ്പെട്ടവർക്കായുള്ള ധനസഹായം ഉടൻ ലഭ്യമാക്കും. കുട്ടികളുടെ പാഠപുസ്തകങ്ങൾ എത്രയും പെട്ടെന്ന് അച്ചടിച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് പോകുന്നവർക്ക് അടിയന്തിരമായി ഭക്ഷണ കിറ്റ് നൽകണമെന്നും ദേശസാത്കൃത ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമുള്ള കർഷകരുടെ കടങ്ങൾക്ക് ഒരു വർഷത്തേക്ക് മോണറ്റോറിയം നൽകണമെന്നുമുള്ള വി.ഡി. സതീശൻ എം.എൽ.എയുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നുരി ൽ നിന്ന് ഹെലികോപ്ടർ മാർഗം രാവിലെ 11ന് പറവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലിറങ്ങിയ മുഖ്യമന്ത്രി 11.30 ന് ചാലക്കുടിയിലേക്ക് പോയി.  മന്ത്രി എ.സി. മൊയ്തീൻ, വി.ഡി.സതീശൻ എം.എൽ.എ, ജിസിസിഎ ചെയർമാൻ സി.എൻ. മോഹനൻ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

date