Skip to main content

പ്രതിരോധ കുത്തിവയ്പ്പ് 100 ശതമാനമാക്കണം:  ജില്ലാ ആസൂത്രണ സമിതി

മീസില്‍സ്-റുബെല്ല കുത്തിവയ്പ്പില്‍ ജില്ലയില്‍ 100 ശതമാനമാക്കാന്‍ ബന്ധപ്പെട്ടവര്‍ പരിശ്രമിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ നിരവധി സ്‌കൂളുകള്‍ ഇതിനകം 100 ശതമാനമെന്ന നേട്ടം കൈവരിച്ചുകഴിഞ്ഞു. ഏതാനും ചില പോക്കറ്റുകളില്‍ മാത്രമാണ് വാക്‌സിനേഷന്റെ ശതമാനം 80ല്‍ താഴെ നില്‍ക്കുന്നത്. പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചില മതതീവ്രവാദ ശക്തികളുടെ ഇടപെടലിനെതിരേ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 
    ചില ഗ്രൂപ്പുകള്‍ തങ്ങളുടെ സ്വാധീനം അളക്കാന്‍ വാക്‌സിനേഷന്‍ കാംപയിനെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന ഇത്തരം ഛിദ്രശക്തികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. സമൂഹത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന വാക്‌സിനേഷന്‍ വിഷയത്തില്‍ ആരുടെ ഭാഗത്ത് നിന്നും അലംഭാവം പാടില്ലെന്ന് ഡി.പി.സി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്  പറഞ്ഞു. 
    ജില്ലയില്‍ പലയിടങ്ങളിലും കൃഷി ഓഫീസര്‍മാര്‍ ഇല്ലാത്തത് പദ്ധതി നിര്‍വഹണത്തെ ബാധിക്കുന്നതായി യോഗത്തില്‍ പരാതിയുയര്‍ന്നു. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടക്കുന്ന മലയോര മേഖലകളില്‍ കൃഷി ഓഫീസര്‍മാരുടെ അഭാവം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ജില്ലയിലെ 15 കൃഷി ഓഫീസര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ യോഗം തീരുമാനിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗം 26 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി. 
    2018-19 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനു വേണ്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ യോഗം തദ്ദേശസ്ഥാപനങ്ങള്‍ക്ക് യോഗം നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി നിലവിലെ ആസൂത്രണ സമിതികളും വര്‍ക്കിംഗ് ഗ്രൂപ്പുകളും ആവശ്യമെങ്കില്‍ ഡിസംബര്‍ ഒന്നിനകം പുനസ്സംഘടിപ്പിക്കണം. 2017-18 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ അവസ്ഥാരേഖ (സ്റ്റാറ്റസ് റിപ്പോര്‍ട്ട്) വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 31നകം പരിഷ്‌കരിക്കണം. ആസൂത്രണ ഗ്രാമസഭയിലെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കരട് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് അയല്‍സഭകളും വിവിധ സാമൂഹ്യവിഭാഗങ്ങളുടെ പഞ്ചായത്തുതല യോഗങ്ങളും ചേരണമെന്നും യോഗം നിര്‍ദേശിച്ചു
    യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, ടി.ടി റംല, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, സുമിത്ര ഭാസ്‌ക്കരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date