Skip to main content

കടമക്കുടി പഞ്ചായത്തിന്റെ പുനരധിവാസത്തിന് പദ്ധതി തയാറാക്കും  : എസ് ശര്‍മ എംഎല്‍എ 

 

കൊച്ചി: കടമക്കുടി പഞ്ചായത്തിന്റെ പുനരധിവാസത്തിന്  ജില്ലാ ഭരണകൂടവുമായി ആലോചിച്ച് പദ്ധതി തയാറാക്കുമെന്ന് എസ്. ശര്‍മ എംഎല്‍എ പറഞ്ഞു. ആദ്യഘട്ടത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക. അതിന് ശേഷം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നടപടി എടുക്കും. സഞ്ചാരയോഗ്യമല്ലാത്ത വഴികള്‍ എത്രയും വേഗം നന്നാക്കുകയും യാത്രാ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യും. ഫെറി, കടത്ത് വഞ്ചി സര്‍വ്വീസുകള്‍ എല്ലാ സ്ഥലങ്ങളിലും ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

അടിയന്തരമായി പിഴല പ്രാഥമിക ആരോഗ്യ കേന്ദ്രം വൃത്തിയാക്കാന്‍ അറുപത്തി അയ്യായിരം രൂപ ബ്ലോക്കില്‍ നിന്നും അനുവദിച്ചതായി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍  ആന്റണി പറഞ്ഞു . പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍  ആവശ്യത്തിന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. കുടിവെള്ളം ഇല്ലാത്ത സ്ഥലങ്ങളില്‍ ടാങ്കര്‍ലോറിയില്‍ കുടിവെള്ളം എത്തിക്കും. ശുചീകരണത്തിന് ആവശ്യമായ ഗംബൂട്ട്, മാസ്‌ക്,  ഗ്ലൗസ്, ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയ സാധനങ്ങളും ലഭ്യമാക്കും. പുതുശ്ശേരി റോഡ് നന്നാക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനകളുടെയും മറ്റ് ഏജന്‍സികളുടെയും സഹായത്തോടെ കടമക്കുടിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 

എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥികളുടെ നേതൃത്യത്തില്‍ കടമക്കുടി െ്രെപമറി ഹെല്‍ത്ത് സെന്റര്‍ വൃത്തിയാക്കി. മുപ്പത്തിയഞ്ച് വിദ്യാര്‍ത്ഥികളുടെയും രണ്ട് അദ്ധ്യാപകരുടെയും നീണ്ട അഞ്ച് മണിക്കൂര്‍ പ്രയത്‌നത്തിനൊടുവിലാണ് പിഎച്ച്‌സി വൃത്തിയാക്കിയത്. പഞ്ചായത്തിലെ റേഷന്‍ കടയുടെ പ്രവര്‍ത്തനവും ഉടന്‍ പുനരാരംഭിക്കും. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും സാധനങ്ങള്‍ ലഭിക്കും. 

ഭൂരിഭാഗം വീടുകളും വാസയോഗ്യമല്ല. പഞ്ചായത്തിലെ പല വീടുകളും റോഡുകളും ചെളിയില്‍ പൊതിഞ്ഞു കിടക്കുകയാണ്. വീടുകളുടെ മതില്‍ ഇടിഞ്ഞു വീഴുകയും വീടിന് വിള്ളലും സംഭവിച്ചിട്ടുണ്ട്.  

ചെറിയ കടമക്കുടി, പിഴല തുരുത്തുകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കോതാട് പള്ളിയില്‍ ആരംഭിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും  എറണാകുളം മഹാരാജാസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലുമായി ആയിരത്തിലധികം പേര്‍ താമസിക്കുന്നുണ്ട്.

date