പ്രളയത്തിന്റെ ഫലമായുണ്ടായ മാലിന്യ നിര്‍മ്മാര്‍ജ്ജനം തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം: മന്ത്രി എ.സി. മൊയ്തീന്‍
കൊച്ചി: പ്രളയ ദുരന്തത്തിന്റെ ഫലമായുണ്ടായ മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനം തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഏറ്റെടുത്തു നടത്തണമെന്ന് മന്ത്രി എ.സി.മൊയ്തീന്‍. മുവാറ്റുപുഴ താലൂക്കിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിയി വിവിധ വകുപ്പ് മേധാവികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളപ്പൊക്കത്തിനിടെ വിലവര്‍ധന തടയുന്നതിന് താലൂക്കില്‍ പ്രത്യേക യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കണം. ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തി വയ്പ് പരിശോധിച്ച് കണ്ടുപിടിക്കണം. മാര്‍ക്കറ്റില്‍ അമിത വില ഈടാക്കുന്ന സ്ഥിതി ഉണ്ടാകരുത്. സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നാശമുണ്ടായ ഇടങ്ങളില്‍ പ്രത്യേകമായി താല്‍ക്കാലിക സംവിധാനം ഉണ്ടാകണം. വൈദ്യുതി പ്രശ്‌നം പരിഹരിക്കുന്നതിനും വീടുകളില്‍ അപകടസാദ്ധ്യത ഇല്ലാതാക്കുന്നതിനും സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കണം. ഇതിനായി എന്‍ജിനിയറിംഗ്, ഐ.ടി.ഐ വിദ്യാര്‍ത്ഥികളുടേയും വിദഗ്ദരുടേയും സേവനം പ്രയോജനപ്പെടുത്തണം. മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ സാധന സാമഗ്രികള്‍ക്കായി തൊഴിലുറപ്പ് ഉപകരണങ്ങള്‍ ഉപയോഗിക്കണം. ഇതിനായി സന്നദ്ധപ്രവര്‍ത്തകരെ പ്രയോജനപ്പെടുത്തണം. അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് ശുചിത്വമിഷന്റെ സംസ്‌ക്കരണ കേന്ദ്രങ്ങളില്‍ എത്തിക്കുവാന്‍ നടപടിയായി. ജൈവമാലിന്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തന്നെ സംസ്‌ക്കരിക്കുവാന്‍ ശ്രദ്ധിക്കണം. മോഷണം തടയുന്നതിന് എക്‌സൈസ്, ഫോറസ്റ്റ് തുടങ്ങിയ വിഭാഗങ്ങളുമായി ചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കണം. കിണര്‍ ശുചീകരണത്തിന് മോട്ടറുകള്‍ക്ക് അമിത വാടക ഈടാക്കിയാല്‍ പൊലീസ് ഇടപെടണം. ക്ലോറിനേഷന്‍ നടത്തിയ കിണറുകളില്‍ ആവശ്യമായ പ്രദേശങ്ങളില്‍ കുടിവെള്ളം പരിശോധന നടത്തണം. വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടതിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണം. വെള്ളപ്പൊക്ക ബാധിത മേഖലകളിലെ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജനങ്ങളെ സഹായിക്കുവാന്‍ പഞ്ചായത്തുകള്‍ക്കുകീഴില്‍ കൃഷി, ആരോഗ്യം, മേഖലകളിലെ ഉദ്യോഗസ്ഥരുടേയും, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളേയും കോര്‍ത്തിണക്കി കേന്ദ്രീകൃത സ്വഭാവത്തോടെ പ്രവര്‍ത്തനം സജീവമാക്കണം. നഗര ഗ്രാമ വേര്‍തിരിവ് ഇല്ലാതെ ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാകണം. എന്‍ജിനീയര്‍മാരും, ഓവര്‍സിയര്‍മാരും ഇല്ലാത്ത സ്ഥലങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഇവരെ നിയമിക്കണം. തൃതല പഞ്ചായത്ത് സമിതികളുടെ കൂട്ടായ ദുരിതാശ്വാസപ്രവര്‍ത്തനം ഉണ്ടാണം. പട്ടയം ഇല്ലാത്തവരും പുറംമ്പോക്ക് നിവാസികളുമായവരുടെ വീട് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ വീട് നല്‍കുന്നവരുടെ ലിസ്റ്റില്‍ പ്പെടുത്തണം കൂടാതെ ഇവര്‍ക്ക് താല്‍ക്കാലിക താമസവും സംരക്ഷണവും നല്‍കണം. സര്‍ട്ടിഫിക്കറ്റ്, ആധാരം, റേഷന്‍ കാര്‍ഡ് , മറ്റു രേഖകള്‍ എന്നിവ നഷ്ടപ്പെട്ടവരുണ്ടെങ്കില്‍ അത് നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. നാശനഷ്ടവും ദുരിതവും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന് മൊബൈല്‍ ഫോണ്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. മാരക രോഗങ്ങള്‍ തടയാന്‍ വാര്‍ഡ് ശുചീകരണ സമിതികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. വെള്ളപ്പൊക്കബാധിത സ്ഥലങ്ങളിലും അല്ലാത്ത സ്ഥലങ്ങളിലും ശുചീകരണം നടത്തുന്നുവെന്ന് ഉറപ്പു വരുത്തണം. മുവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയുടെ കെട്ടിടത്തിന്റെ ബലക്ഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആര്‍.ഡി.ഒ യെ ചുമതലപ്പെടുത്തി. കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍, കുടിവെള്ളപദ്ധതികള്‍ എന്നിവയുടെ നഷ്ടം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ അതാത് വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി.
യോഗത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി, എം.എല്‍.എമാരായ എല്‍ദോഎബ്രാഹാം, അനൂപ് ജേക്കബ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, ഡി.എം.ഒ.ഡോ. എം.കെ. കുട്ടപ്പന്‍, ആര്‍.ഡി.ഒ എം.ടി. അനില്‍കുമാര്‍, തഹസില്‍ദാര്‍ പി.എസ്. മധുസൂദനന്‍, കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ പി.എം.ഇസ്മായില്‍, എം.ആര്‍. പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments