പ്രളയം: വിദേശധനസഹായം സ്വീകരിക്കുന്നതിലെ സാങ്കേതിക തടസം നീക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി
പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വിദേശധനസഹായം സ്വീകരിക്കുന്നതില്‍ നിലവിലുളള സാങ്കേതിക തടസം പരിഹരിക്കാന്‍ കഴിയുമോയെന്നു പ്രധാനമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ച നടത്തുമെന്നു കേന്ദ്ര സാമൂഹ്യനീതിവകുപ്പുമന്ത്രി രാംദാസ് അതാവാലെ പറഞ്ഞു. കളമശേരി കുസാറ്റില്‍ പ്രളയവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പ്രളയം വന്‍തോതില്‍ നാശംവിതച്ച കേരള ജനതയ്‌ക്കൊപ്പമാണു കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളും കേരളത്തിനൊപ്പമാണ്. കേരളത്തിനോട് കേന്ദ്രത്തിന് ഒരുതരത്തിലുള്ള വിവേചനവുമില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല. കേന്ദ്ര സര്‍ക്കാര്‍ എല്ലാ രീതിയിലുള്ള സഹായവും ചെയ്യും. ആദ്യഘട്ടമെന്ന നിലയിലാണ് 600 കോടി അടിയന്തരമായി അനുവദിച്ചത്. ഇനിയും സഹായങ്ങളുണ്ടാകും. എല്ലാവരും ഇന്ത്യക്കാരാണ്. സഹായിക്കേണ്ടതു കേന്ദ്രസര്‍ക്കാരിന്റെ കടമയാണ്. 1924 ശേഷം സംസ്ഥാനത്തുണ്ടായ ഈ പ്രളയത്തില്‍ വന്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഭീമമായ രീതിയില്‍ റോഡുകളും വീടുകളും നശിച്ചിട്ടുണ്ട്. വന്‍തോതില്‍ കൃഷിനാശവും ഉണ്ടായിട്ടുണ്ട. കുടിവെള്ള-വൈദ്യുതി വിതരണ സംവിധാനങ്ങള്‍ തകരാറിലായിട്ടുണ്ട്. ഇതൊക്കെ തരണംചെയ്യുന്നതിനു വന്‍തുക വേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനൊപ്പമുണ്ട്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ തന്നാലാകുന്ന സഹായവും ചെയ്യും. തന്റെ രണ്ടുമാസത്തെ ശമ്പളം ഉള്‍പ്പെടെ നാലരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കു സംഭാവന ചെയ്തു. മാത്രമല്ല രാജ്യസഭ എംപി എന്ന നിലയില്‍ എംപി ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കും.
റിലയന്‍സ്, ഗോദ്‌റേജ്, ടാറ്റാ പോലുള്ള രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികളുമായി ചര്‍ച്ചനടത്തും. മഹാരാഷ്ട്രയിലെയും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെയും വന്‍കിട കമ്പനികളുടെ സഹായം ലഭ്യമാക്കുന്നതിനു ശ്രമിക്കും. അവര്‍ സഹായിക്കുമെന്ന് ഉറപ്പാണ്.
പ്രളയത്തിലൂടെ എത്ര നഷ്ടം സംഭവിച്ചുവെന്നു കണക്കെടുത്തുവരികയാണ്. പ്രാഥമിക വിവരം അനുസരിച്ച് 20,000 കോടി രൂപയാണു നഷ്ടം സംഭവിച്ചിരിക്കുന്നത്.
ഇത്തവണ ഓണം ശരിയായരീതിയില്‍ ആഘോഷിക്കാനുള്ള മാനസിക അവസ്ഥയില്‍ അല്ല കേരളത്തിലെ ജനങ്ങള്‍. അടുത്ത ഓണത്തിനുമുമ്പ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സന്തോഷത്തോടെ ഓണം ആഘോഷിക്കാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കളമശേരി കുസാറ്റില്‍ നടന്ന അവലോകനയോഗത്തില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ആര്‍ടിഒ:എസ്.ഷാജഹാന്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നു കേന്ദ്രമന്ത്രി ആലങ്ങാട് സെന്റ് മേരിസ്, തട്ടാംപടി സെന്റ് തോമസ്, തട്ടാംപടി സെന്റ് തെരേസാസ് എല്‍പിഎസ്, ആലുവ യുസി കോളേജ് എന്നിവിടങ്ങളിലെ ദുരിതാശ്വസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
- Log in to post comments