ആദിവാസി ഊരുകളില്‍ ഭക്ഷ്യസാധനങ്ങളെത്തിച്ച് മാതൃകയായി പൊലീസ്
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ആദിവാസി ഊരുകളില്‍ ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് പൊലീസ് മാതൃകയായി. പമ്പമുതല്‍ ചാലക്കയം വരെയുള്ള ആദിവാസി ഊരുകളിലാണ് ഡിവൈഎസ്പി റഫീക്കിന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ എത്തിച്ചത്. മലവെള്ളപ്പാച്ചിലില്‍ പമ്പാനദി കരകവിഞ്ഞ് ഒഴുകി. അട്ടത്തോട്, ചാലക്കയം, നിലയ്ക്കല്‍ പ്രദേശത്തെ ആദിവാസി ഊരുകളിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെയായി. കാട്ടുകനികള്‍ ശേഖരിക്കാന്‍ പോലും പുറത്ത് പോകാന്‍ സാധിക്കാതെ ആയതോടെ ഇവര്‍ കടുത്ത പട്ടിണിയിലായി. ഇതറിഞ്ഞ പൊലീസ് ഈ മേഖലയില്‍ എത്തിച്ചേരുന്നതിന് വഴികള്‍ തേടി. മരങ്ങളാല്‍ ചുറ്റപ്പെട്ടതിനാല്‍ ഹെലികോപ്റ്ററില്‍ സാധനങ്ങളെത്തിക്കുക സാധ്യായിരുന്നില്ല. മാത്രവുമല്ല ഒറ്റപ്പെട്ട ഊരുകളില്‍ എത്തിപ്പെടുകയും കഴിയുമായിരുന്നില്ല. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളോട് ഇക്കാര്യം പറഞ്ഞു. ഇവര്‍ പറഞ്ഞതനുസരിച്ച് അഴീക്കല്‍ വ്യാസവിലാസം കരയോഗക്കാര്‍ ഒരു ലോറി നിറയെ സാധനങ്ങളുമായി പമ്പയില്‍ എത്തി. 20 ചാക്ക് അരിയും പലവ്യഞ്ജനവും പുത്തന്‍ വസ്ത്രങ്ങളുമായിട്ടാണ് അവര്‍ പൊലീസിന്റെ കൂടെ കൂടിയത്. പമ്പയിലേക്കുള്ള വഴി ദുര്‍ഘടമായതിനാല്‍ ചിറ്റാര്‍, സീതത്തോട് വഴിയായിരുന്നു അവരുടെ യാത്ര. ഇനിയും എത്തിച്ചേരാനാവാത്ത ആദിവാസി മേഖലകളില്‍ സാധനങ്ങള്‍ എത്തിക്കുന്ന തിരക്കിലാണ് ഡി വൈ എസ് പിയും സിവില്‍ പൊലീസ് ഓഫീസര്‍മാരയ ബെന്നിതോമസും യൂസഫും.
(പിഎന്‍പി 2397/18)
- Log in to post comments