ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘം തിരുവോണനാളിലും ശുചീകരണത്തിനിറങ്ങും
പ്രളയദുരന്ത മേഖലകളില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തിലെത്തിയ വിവിധ സന്നദ്ധ സംഘങ്ങളും പ്രവര്‍ത്തകരും തിരുവോണനാളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങും. അവധി ദിനങ്ങള്‍ പ്രയോജനപ്പെടുത്തി ഇന്ന് (25) മുതല്‍ കൂടുതല്‍ പേര്‍ സന്നദ്ധ സേവനങ്ങള്‍ക്കിറങ്ങും. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥികളുടെ സംഘവും നാളെ മുതല്‍ പ്രളയ സ്ഥലങ്ങളില്‍ ശ്രമദാനം തുടങ്ങും. ഇതിനു മുന്നോടിയായി ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമയുമായി ഇന്നലെ അവര്‍ ചര്‍ച്ച നടത്തി. ഇതിനു പുറമേ പ്രളയബാധിതര്‍ നേരിടുന്ന മാനസികാഘാതവും പിരിമുറുക്കവും ലഘൂകരിക്കാനുതകും വിധം കൗണ്‍സിലിംഗ് നല്‍കാനുള്ള പ്രത്യേക സംഘവും ഇവര്‍ക്കൊപ്പമുണ്ടാകും. ദുരന്ത മേഖലയില്‍ ഇതുവരെ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിശകലനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ദിശാബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇനിമുതല്‍ ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്. ഇതിന്റ ഭാഗമായി ഒരാഴ്ചക്കാലമെങ്കിലും തുടര്‍ച്ചയായി മേഖലകളില്‍ത്തന്നെ തങ്ങി കൂടുതല്‍ സാങ്കേതികസംവിധാനങ്ങളുടെ സഹായത്താല്‍ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കാനുള്ള പദ്ധതിക്ക് ഹരിതകേരളം മിഷന്‍ തുടക്കമിടും. ഇതിനായി നിരവധി ചെറുസംഘങ്ങളെ സജ്ജമാക്കി മേഖലകളിലെത്തിക്കും.ഈ മാസം 27 മുതല്‍ ഇത് പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. ശുചീകരണത്തിന്റെ ഭാഗമായി പുറന്തള്ളപ്പെടുന്ന ഖരമാലിന്യം സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ഹരിതകേരളം മിഷനും ഏകോപിതമായി നടപടികള്‍ സ്വീകരിക്കും.
പ്രളയബാധിത മേഖലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ഉപകരണങ്ങളും സാമഗ്രികളുമായി നിരവധി സന്നദ്ധ സംഘടനകള്‍ രംഗത്തുവരുന്നുണ്ട്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ജീവനക്കാര്‍, പൂജപ്പുര മുടവന്‍മുകള്‍ പൗരസമിതി, തിരുവനന്തപുരം വലിയവിള ഇലിപ്പോട്, സൗഹൃദ റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവര്‍ നല്‍കിയ വിവിധ ഉപകരണങ്ങളും സാമഗ്രികളും ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ ഏറ്റുവാങ്ങി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മണ്‍വെട്ടി, മണ്‍കോരി, ചൂല്‍, ഇരുമ്പ് ചട്ടി, റബ്ബര്‍കുട്ട, ഗ്ലൗസ്, ഗംബൂട്ട്‌സ്, കൈയുറകള്‍, മാസ്‌ക്കുകള്‍, ഡിറ്റര്‍ജന്റ്‌സ്, അണുനാശിനികള്‍, സ്‌ക്രബ്ബര്‍, ലോഷന്‍, പ്രഥമശുശ്രൂഷ ഔഷധങ്ങള്‍ തുടങ്ങിയ സാധന സാമഗ്രികള്‍ ഇനിയും അടിയന്തരമായി ആവശ്യമാണ്. ഇത് എത്തിക്കാനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വേണ്ടി ഹരിതകേരളം മിഷന്‍ ആരംഭിച്ച രജിസ്‌ട്രേഷന്‍ സംവിധാനം www.haritham.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. ഇതിനു പുറമേ 0471-2449939 എന്ന ഫോണ്‍ നമ്പരിലും 9188120320, 9188120316 എന്നീ മൊബൈല്‍ നമ്പര്‍ വഴിയുള്ള രജിസ്‌ട്രേഷനും തുടരുന്നു. രജിസ്റ്റര്‍ ചെയ്യുന്നവരെ അവരവരുടെ താല്‍പ്പര്യാര്‍ത്ഥമുള്ള ജില്ലകളിലെ വിവിധ പ്രദേശങ്ങളിലായിരിക്കും ശുചീകരണ പ്രവര്‍ത്തനത്തിന് നിയോഗിക്കുന്നത്.
(പിഎന്‍പി 2400/18)
- Log in to post comments