കണ്‍മണിയെ കാത്തത് മൂന്നു പെണ്‍കരങ്ങള്‍, നന്ദിയോടെ അനീഷ്
വെള്ളം വരുന്നു എന്ന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കടന്നു, വെള്ളം വീട്ടുമുറ്റത്തു എത്തിയപ്പോള്‍ അനീഷും കുടുംബവും അദ്യം പകച്ചെങ്കിലും അവര്‍ക്ക് തുണയായത് നമ്മുടെ നാടിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ത്രീ രത്‌നങ്ങള്‍. വീണാ ജോര്‍ജ് എംഎല്‍എയുടെയും, തൊട്ടപ്പുഴശ്ശേരി വില്ലജ് ഓഫീസര്‍ ദിവ്യ കോശിയുടെയും, തൊട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫറിന്റെയും സമയോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടത് ഒരു പുതുജീവന്‍. കോയിപ്രം ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കായ അനീഷ് ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ സജനയുമായി വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നിന്നും കരയിലെത്തിയത് അതിസാഹസികമായി. തോട്ടപ്പുഴശേരി പത്താം വാര്‍ഡിലെ അനീഷിന്റെ പൊന്‍വേലിമണ്ണില്‍ വീടിന്റെ മുറ്റത്ത് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഉണരുമ്പോള്‍ നെഞ്ചോളം വെള്ളമായിരുന്നു. വെള്ളത്തിന്റെ വരവ് നിമിഷങ്ങള്‍ കൊണ്ട് വര്‍ദ്ധിക്കുന്നത് കണ്ടപ്പോള്‍ പെട്ടെന്ന് തന്നെ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പരില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനെ അനീഷ് ഫോണില്‍ വിളിച്ചു വിവരങ്ങള്‍ ധരിപ്പിച്ചു. കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസിലാക്കിയ എംഎല്‍എയുടെയും തൊട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസര്‍ ദിവ്യ കോശിയുടെയും തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫറിന്റെയും സമയോചിതമായ ഇടപെടലിലൂടെ അനീഷിന്റെ വീട്ടിലേയ്ക്ക് ഡിങ്കി ബോട്ട് എത്തിച്ചു. ഗര്‍ഭിണിയായ സജ്‌നയെയും ഭര്‍ത്താവ് അനീഷിനെയും വീട്ടില്‍ നിന്നും ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി . എന്നാല്‍ ശക്തമായ ഒഴുക്ക് വഴിയില്‍ അവര്‍ക്ക് പ്രതികൂലമായി. ഐഎന്‍എസ് ജംഗ്ഷന് സമീപം ശക്തമായ തടസങ്ങള്‍ ഉണ്ടായപ്പോള്‍ ഫയര്‍ഫോഴ്‌സ് അതിസാഹസികമായാണ് ഇവരെ സംരക്ഷിച്ചത്. ഈ സമയം കരയിലെത്തിക്കുന്ന സജ്‌നയെ ആശുപത്രിയിലെത്തക്കുന്നതിനായി വണ്ടിയുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍ തയ്യാറായിരുന്നു. വേഗം തന്നെ അശുപത്രിയിലെത്തിക്കാന്‍ വണ്ടിയില്‍ കയറി കുറച്ച് ചെട്ടിമുക്ക് എത്തിയപ്പോള്‍ വെള്ളത്തിന്റെ അളവ് കൂടി കൂടി വന്നു വണ്ടി പോകാതെ ആയി.. ഫയര്‍ ഫോഴ്‌സ് വീണ്ടും കര്‍മനിരതരായി പ്രവര്‍ത്തിച് അനീഷിനെയും ഭാര്യയെയും തിരുവല്ല ആശുപത്രിയില്‍ എത്തിച്ചു.. പരിശോധനകളില്‍ കുഞ്ഞിനും അമ്മയ്ക്കും കുഴപ്പമില്ല എന്ന് അറിയുന്നത് വരെ ശ്വാസമടക്കിയാണ് ആശുപത്രി വരാന്തയില്‍ താന്‍ നിന്നതെന്ന് അനീഷ് പറയുന്നു. (പിഎന്‍പി 2401/18)
- Log in to post comments