ക്യാമ്പുകളിലെത്തി മന്ത്രിമാര്‍ ഓണസദ്യകഴിച്ചു
ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറും ക്യാമ്പുകളില്‍ നിന്നു തന്നെ ഭക്ഷണം കഴിച്ചു. തൃശൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലുളള ക്യാമ്പുകളില്‍ എത്തിയ മന്ത്രിമാര്‍ വി കെ എന്‍ മേനോന്‍ സ്റ്റേഡിയത്തില്‍ വച്ച് ആഹാരസാധനങ്ങളും മരുന്നുകളും ശുചീകരണ ഉപകരണങ്ങളും വാഹനങ്ങളില്‍ നിന്നിറക്കാന്‍ മറ്റുളളവരെ സഹായിച്ചു. അതിനു ശേഷം രണ്ടു മന്ത്രിമാരും വിവിധ ക്യാമ്പുകളിലേക്കു പോയി. ആറാട്ടുപുഴ ക്ഷേത്രത്തിനടുത്തുളള ക്യാമ്പിലെത്തിയാണ് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി ഭക്ഷണം കഴിച്ചത്. കൃഷി വകുപ്പു മന്ത്രി അന്തിക്കാട് പുത്തന്‍പീടികയിലെ സെന്റിനറി ഓഡിറ്റോറിയത്തിലെ ക്യാമ്പിലെത്തിയാണ് ഭക്ഷണം കഴിച്ചത്. ക്യാമ്പിലുളളവരുടെ സ്ഥിതിഗതികള്‍ ആരാഞ്ഞ്, അവര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്തതിനു ശേഷമാണ് പന്തിയിലിരുന്ന് ഭക്ഷണം കഴിച്ചത്. എല്ലാം നഷ്‌ടവര്‍ക്കൊപ്പം ഇരുന്ന് മന്ത്രിമാര്‍ ഭക്ഷണം കഴിച്ചപ്പോള്‍ എല്ലാ ദുരിതങ്ങളും അകന്ന പോലെ അവര്‍ക്ക് അനുഭവപ്പെട്ടു. തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരും മന്ത്രിമാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു.
- Log in to post comments