ക്യാമ്പുകളില്‍ സേവനം ഉറപ്പാക്കി ജില്ലാ ഭരണകൂടം
കൊച്ചി: പ്രളയക്കെടുതികളുടെ ഫലമായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലോരോന്നിലും സർക്കാർ ഉദ്യോഗസ്ഥരുടെ സേവനങ്ങൾ ഉറപ്പു വരുത്തുകയാണ് ജില്ലാ ഭരണകൂടം. ജില്ലയിൽ ആകെ 987 ക്യാമ്പുകളാണ് പ്രവർത്തിച്ചിരുന്നത്. ഓരോ ക്യാമ്പിന്റെയും ചുമതല രണ്ട് ഉദ്യോഗസ്ഥർക്ക് വീതമാണ് നൽകിയിരിക്കുന്നത്.,ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഉദ്യോസ്ഥർ ഓരോ ക്യാമ്പിലും പ്രവർത്തിക്കുന്നത്. ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു എന്നുറപ്പു വരുത്തുന്നതിനായി സെക്ടർ ഓഫീസർ എല്ലാ ദിവസവും ക്യാമ്പു സന്ദർശിക്കുകയും വിവരങ്ങൾ ജില്ലാ ഭരണ കൂടത്തെ ധരിപ്പിക്കുകയും ചെയ്തു വരുന്നു. ഒരു സെക്ടർ ഓഫീസർ എട്ട് ക്യാമ്പുകളാണ് ഈ രീതിയിൽ ശ്രദ്ധിച്ചു വരുന്നത്.
ക്യാമ്പ് പരിപാലനവിവരശേഖരണ ഫോമും ഓരോ ദിവസവും പൂരിപ്പിച്ച് വാട്സ് ആപ്പ് പോലുള്ള നവ മാധ്യമങ്ങളുടെ സഹായത്തോടെ ജില്ലാ ഭരണ കൂടത്തിന് എത്തിക്കുന്നതിനുള്ള ആസൂത്രണവും ചെയ്തിട്ടുണ്ട്. ഓരോ ക്യാമ്പുകളുടേയും കാര്യക്ഷമമായ നടത്തിപ്പിനായി ക്യാമ്പിലെ ദുരിതബാധിതരിൽ നിന്നും ഓരോ പുരുഷ _ വനിത പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ക്യാമ്പ് പരിപാലന കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. വാർഡ് മെമ്പർ, ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ. കമ്മിറ്റികൾ ദിവസത്തിൽ രണ്ട് പ്രാവശ്യം ചേർന്ന് ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്ത് വരികയാണ്. ഭക്ഷണം , അസുഖങ്ങൾ, വൈദ്യുതി ,ശുചി മുറികൾ, ശുദ്ധ ജല ലഭ്യത, ക്യാമ്പ് അംഗങ്ങളുടെ പ്രശ്നങ്ങൾ എന്നിവ കമ്മിറ്റിയിൽ വിലയിരത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ് ചെയ്ത് വരുന്നത്.
ക്യാമ്പുകളിലേക്ക് സന്നദ്ധ സംഘടനകളും, രാഷ്ട്രീയ പാർട്ടികളും മറ്റും നൽകുന്ന അവശ്യസാധനങ്ങളും ഭക്ഷണവും ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ക്യാമ്പുകളിൽ വിതരണം ചെയ്യുന്നത്. ക്യാമ്പുകളുടെ സുഗമമായ നടത്തിപ്പിന് സന്നദ്ധ സംഘടനകളേയും രാഷ്ട്രീയ പാർട്ടികളേയും മറ്റ് സേവന സന്നദ്ധരേയും ഉപയോഗപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥർ ശ്രദ്ധിച്ച് വരുന്നു.ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന ഓരോ നിർദ്ദേശങ്ങളും കർശനമായി പാലിച്ച് കൊണ്ടാണ് ജില്ലയിലെ ഓരോ ക്യാമ്പും പ്രവർത്തിക്കുന്നത്.
- Log in to post comments