Skip to main content

മുൻകരുതലുകൾ നൽകി ആരോഗ്യ വകുപ്പ്, കർമ്മനിരതരായി പ്രവർത്തകർ

 

പ്രളയത്തിന്റെ തീവ്രത നാം അതിജീവിച്ചെങ്കിലും വരാനിരിക്കുന്ന പകർച്ചവ്യാധികളെ ശക്തമായി നേരിട്ട് ജനങ്ങളെ സംരക്ഷിച്ചു കൊണ്ടിരിക്കുകയാണ് ജില്ലയിലെ ആരോഗ്യ വകുപ്പ്. വെള്ളത്തിൽ മുങ്ങി ഒറ്റപ്പെട്ട സ്ഥലങ്ങളിലും ക്യാമ്പുകളിലുമെല്ലാം കൃത്യസമയത്ത് മരുന്നുകൾ എത്തിച്ചു നൽകി നിരവധി ജീവനുകളാണ് ആരോഗ്യ വകുപ്പ് പ്രവർത്തകർ രക്ഷിച്ചത്. മഴ കനത്തതോടെ വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ എല്ലാ ജില്ലാ, താലൂക്ക്, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, വാക്സിനുകൾ എന്നിവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നിർദേശം നൽകി. അതിനാൽത്തന്നെ വകുപ്പിന് ഉണ്ടാകേണ്ട ഒരുപാട് നഷ്ടങ്ങൾ തടയാൻ സാധിച്ചു. പ്രളയവുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ചാണ് എല്ലാ ഉദ്യോഗസ്ഥരും പ്രവർത്തിച്ചത്. മഴക്കെടുതിയുടെ കാഠിന്യം കനക്കുംമുൻപെ തന്നെ ഈ നിർദേശങ്ങൾ എല്ലാവരിലുമെത്തിക്കാൻ വകുപ്പ് ശ്രദ്ധിച്ചു. ഡോക്ടർമാർ, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് സ്വന്തം സ്ഥാപനത്തിൽ എത്താൻ സാധിച്ചില്ലെങ്കിൽ മറ്റ് ഏതെങ്കിലും ആരോഗ്യ സ്ഥാപനത്തിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ പ്രവർത്തിക്കാനുള്ള അനുമതി നൽകി. പ്രളയകാലത്ത് കേരളത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായ ആലുവയിലെ യു.സി കോളേജിലാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ടത്. എത്തിപ്പെടാൻ സാധിക്കുന്ന എല്ലാ സ്ഥലങ്ങളിലും ആരോഗ്യ വകുപ്പ് പ്രവർത്തകർ സേവനം നൽകി. ഇവരുടെ കർമനിരതമായ പ്രവർത്തനങ്ങൾ ക്യാമ്പുകളിൽ ഡോക്ടർമാരുടെ അഭാവം ഇല്ലാതാക്കി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും സേവനത്തിനായി എത്തി. നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ഫീൽഡ് വർക്കേഴ്സ് എന്നിവരും ഈ രീതിയിലാണ് പ്രവർത്തിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന കൺട്രോൾ റൂമിൽ ആദ്യ ദിവസം മുതൽ തന്നെ ആരോഗ്യ വകുപ്പിന്റെ പ്രതിനിധികൾ ഉണ്ടായിരുന്നു. ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂം എറണാകുളം ജനറൽ ആശുപത്രിയിലെ കോൺഫറൻസ് ഹാളിലാണ് പ്രവർത്തിക്കുന്നത്. ആഗസ്റ്റ് 18ന് ആരംഭിച്ച ഈ കൺട്രോൾ റൂം മരുന്നുകൾ, വാക്സിനുകൾ, ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയുടെ മാത്രം നിർവ്വഹണത്തിനായി ഉള്ളതാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ പീഡിയാട്രിക്സ്, കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെയാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തിച്ചിരുന്ന അൻപോട് കൊച്ചിയുടെ കളക്ഷൻ സെന്ററിൽ  എത്തുന്ന എല്ലാ മരുന്നുകളും ഇവിടേക്ക് എത്തിച്ച് റീ പായ്ക്ക് ചെയ്ത് കേരളത്തിലെ എല്ലാ ക്യാമ്പുകളിലേക്കും എത്തിച്ചു. ഫാർമസിസ്റ്റുകളുടെ സഹായത്തോടെ എയർ ഡ്രോപ് ചെയ്യേണ്ട വിധത്തിലാണ് മരുന്നുകൾ പായ്ക്ക് ചെയ്തത്. ആഗസ്റ്റ് 18, 19, 20 തീയതികളിലാണ് മരുന്നുകൾ എയർ ഡ്രോപ്പുകൾ നടന്നത്. സ്വകാര്യ ആശുപത്രികൾ, സ്വകാര്യ വ്യക്തികൾ, സന്നദ്ധ സംഘടനകൾ എന്നിവയിൽ നിന്നും മരുന്നുകൾ ലഭ്യമായി. 

ആരോഗ്യ വകുപ്പിന് പ്രത്യേക പ്രവർത്തന മൂലധനം ഇല്ലായിരുന്നു. ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും സ്വമേധയാ മുന്നിട്ടിറങ്ങിയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. കൂടാതെ ഒന്നര വർഷമായി എറണാകുളം ജനറൽ ആശുപത്രിയിൽ  സേവനമനുഷ്ഠിക്കുന്ന റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (ആർആർ ടി) മാതൃകാപരമായ പ്രവർത്തനങ്ങളും വകുപ്പിന് ഊർജം പകർന്നു. അടിയന്തിര ഘട്ടങ്ങളിൽ മരുന്നുകൾ എത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കും ഇവർ നൽകിയ പിന്തുണ വളരെ വലുതാണ്. നിമിഷ നേരങ്ങൾ കൊണ്ട് വെള്ളം കയറിയ വരാപ്പുഴ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും വളരെ പെട്ടെന്നു തന്നെ പാലിയേറ്റീവ് രോഗികളേയും മരുന്നുകളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഇവർക്ക് കഴിഞ്ഞു. മികച്ച പരിശീലനം ലഭിച്ച ഇരുപത്തിയഞ്ച് അംഗങ്ങളാണ് ആർആർടി യിലുള്ളത്. പബ്ലിക് റിലേഷൻസ് വകുപ്പ്, ആകാശവാണി തുടങ്ങിയ മാധ്യമങ്ങൾ വഴി ജൂലായ് മൂന്നാമത്തെ ആഴ്ച മുതൽ തന്നെ ആരോഗ്യ വകുപ്പ് ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കൂടാതെ ക്യാമ്പുകളിലൂടെയും ആരോഗ്യ പ്രവർത്തകർ ജനങ്ങൾക്ക് നേരിട്ടും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

മഞ്ഞുമ്മലിൽ പ്രവർത്തിക്കുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഗോഡൗണിൽ മാത്രമാണ് ഇപ്പോൾ മരുന്നു വിതരണം നടക്കുന്നത്. സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇവിടെ നിന്നും മരുന്നുകൾ ലഭിക്കുക. 

മുപ്പത് ലൈനുകളിലായി മുന്നൂറോളം ഡോക്ടർമാരാണ് മഴക്കെടുതിയിൽ ആരോഗ്യ വകുപ്പിന്റെ ഹെൽപ്പ്ലൈൻ കൈകാര്യം ചെയ്തത്. എറണാകുളം ജില്ലയിലെ ആശയ വിനിമയ സംവിധാനങ്ങൾ താറുമാറായതോടെ കൊല്ലത്ത് ആരംഭിച്ച ഹൈൽപ്പ് ലൈനിലേക്കാണ് കോളുകൾ പോയിരുന്നത്. അവിടെ നിന്നും ഈ കോളുകൾ പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കിയ ശേഷം കൺവെർട്ട് ചെയ്ത് സന്ദേശങ്ങൾ എറണാകുളത്തെ കൺട്രോൾ റൂമിലേക്ക് നൽകും. അതിന് ശേഷം ഓരോ കേസും ഓരോ ഡോക്ടർമാർക്ക് നൽകും. ഓരോ പതിനഞ്ച് മിനിറ്റിലും ഡോക്ടർമാർ അവരുടെ കേസുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.കേസ് നമ്പർ നൽകിയാണ് എല്ലാ കോളുകളും എടുക്കുന്നത്. കൺട്രോൾ റൂമിലെ എല്ലാ പ്രവർത്തകർക്കും കേസുകളുടെ സ്ഥിതിഗതികൾ മനസിലാക്കാനായി വലിയ സ്‌ക്രീനിൽ വിവരങ്ങൾ കാണുന്നതിന് പ്രൊജക്ടറും ഉണ്ടായിരുന്നു. തുടർച്ചയായി ചികിത്സ വേണ്ടിവന്ന രോഗികളുടെ വിവരങ്ങൾ പ്രിന്റ് ഔട്ട് എടുത്തും സൂക്ഷിച്ചു. നെസ്റ്റ് ടെക്നോളജീസ് ആണ് ഹെൽപ്പ് ലൈനു വേണ്ട എല്ലാ സഹായങ്ങളും നൽകിയത്. പൂർണമായും സൗജന്യമായാണ് ഇവർ രക്ഷാപ്രവർത്തനങ്ങൾക്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ചത്. രണ്ട് ഷിഫ്റ്റുകളിലായി പത്തോളം വിവര സാങ്കേതിക വിദഗ്ധരാണ് ഹൈൽപ്പ് ലൈനിൽ സേവനമനുഷ്ഠിച്ചത്. 

ഒറ്റപ്പെട്ട് കിടന്നിരുന്ന സ്ഥലങ്ങളിൽ പോലും ആരോഗ്യ വകുപ്പിന്റെ ഊർജസ്വലമായ പ്രവർത്തനങ്ങളിലൂടെ മരുന്നുകൾ എത്തിച്ചു. എയർ ഡ്രോപ്, ഗതാഗതം തുടങ്ങി ഓരോ വിഭാഗങ്ങൾക്കും ഓരോ ആളുകളെ ചുമതലപ്പെടുത്തി. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ മൂന്ന് ജില്ലകളിൽ മാത്രമായി 1300 എയർ ഡ്രോപ്പുകൾ നടത്തി. 

ബ്ലീച്ചിംഗ് പൗഡർ, ക്ലോറിൻ, എലിപ്പനിയെ പ്രതിരോധിക്കാനുള്ള മരുന്നായ ഡോക്സി സൈക്ലിൻ എന്നിവ ലഭ്യമാക്കാൻ സാധിക്കുന്ന എല്ലായിടത്തും എത്തിച്ചു. ചെളിയിൽ ഇറങ്ങി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നവർ നിർബന്ധമായും കഴിക്കേണ്ട മരുന്നാണ് ഡോക്സി സൈക്ലിൻ. ഒരു ഡോസ് മരുന്നിലൂടെ ഒരു ആഴ്ചയ്ക്കുള്ള സംരക്ഷണമാണ് ലഭിക്കുക. 100 ഗ്രാം വീതമുള്ള രണ്ട് ഗുളികകൾ രണ്ട് നേരം ഭക്ഷണത്തിന് ശേഷമാണ് കഴിക്കേണ്ടത്. ഈ മരുന്ന് എല്ലാ ക്യാമ്പുകളിലും അംഗനവാടികളിലും മറ്റ് പൊതു സ്ഥാപനങ്ങളിലും എത്തിച്ചു. പ്രളയ ഭീഷണിയെക്കുറിച്ച് അറിയിപ്പ് ലഭിച്ചപ്പോൾ തന്നെ പാമ്പുകടിയേറ്റവർക്ക് വേണ്ടിയുള്ള ആന്റി സ്നേക്ക് വെനവും ആവശ്യത്തിന് കരുതിയിരുന്നു. താലൂക്ക്, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ എല്ലാം സ്‌റ്റോക്ക് എത്തിച്ചു. ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശാസ്ത്രീയപരമായ നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പിന് കീഴിൽ നൽകി വരികയാണ്. കൂടാതെ മരുന്നുകളുടേയും ശുചീകരണ വസ്തുക്കളുടേയും ഉപയോഗങ്ങളും അതിന്റെ രീതികളേയും സംബന്ധിച്ചും ജനങ്ങൾക്ക് ബോധവത്കരണം നൽകും. ആശാ പ്രവർത്തകരെ ഉൾപ്പെടുത്തിയാകും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുക.

date