Skip to main content

വീടുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നൈപുണ്യ കര്‍മ്മസേന

പ്രളയം നേരിട്ട മേഖലകളിലെ വീടുകളിലും സ്ഥാപനങ്ങളിലും ഇലക്ട്രിക്കല്‍,  പ്ലമ്പിംഗ്, വെല്‍ഡിംഗ്, കാര്‍പ്പെന്ററി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഹരിതകേരള മിഷനും വ്യാവസായിക പരിശീലന വകുപ്പും ചേര്‍ന്ന് നൈപുണ്യ കര്‍മ്മസേനയെ സജ്ജമാക്കി. 

വ്യാവസായിക പരീശീലന വകുപ്പിന്റെ പരിശീലനം നേടിയ ട്രെയിനികളും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സന്നദ്ധ സംഘങ്ങളാണ് കര്‍മ്മസേനയിലുള്ളത്. 30 ട്രെയിനികളും 10 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ആദ്യ ബാച്ച് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ നിന്നും ചെങ്ങന്നൂരിലെ പാണ്ടനാട് മേഖലയിലേക്ക് പോയി. 

തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിംഗ് രക്ഷാധികാരിയും മോഡല്‍ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ നോഡല്‍ ഓഫീസറുമായി ജില്ലാ മോണിട്ടറിംഗ് സെല്‍ രൂപീകരിച്ചു.  ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലയിലെ മറ്റ് ഐ.ടി.ഐ പ്രിന്‍സിപ്പല്‍മാര്‍, വിവിധ ട്രേഡുകളിലെ ഒന്നുവീതം ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവര്‍ സെല്‍ അംഗങ്ങളാണ്. 

ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ.ടി.ഐ പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലയിലെ ഐ.ടി.ഐകളുടെയും ഐ.ടി.സികളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൈപുണ്യ കര്‍മ്മസേനയുടെ സേവനം മറ്റു ജില്ലകളിലും ലഭ്യമാക്കും. എന്‍.എസ്.എസ്, തണല്‍, നേച്ചര്‍ ക്ലബ് എന്നിവയുടെ പ്രവര്‍ത്തകരുടെ പങ്കാളിത്തവും സേനയിലുണ്ടാകും.

നൈപുണ്യ കര്‍മ്മസേനയുടെ സേവനം ആവശ്യമുള്ള ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുമായോ(ഫോണ്‍-9188120322) ഐ.ടി.ഐ കോ-ഓര്‍ഡിനേറ്ററുമായോ(9995879699) ബന്ധപ്പെടണം.

(പി.ആര്‍.കെ. നമ്പര്‍ 1971/18)

 

date