Skip to main content

പ്രളയക്കെടുതി: ജില്ലയില്‍ 1488 കോടി രൂപയുടെ നാശനഷ്ടം

 

ജില്ലയില്‍ പ്രളയക്കെടുതിയില്‍ കര്‍ഷകര്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും 1488 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. ഇതുസംബന്ധിച്ച കണക്കുകള്‍ വിവിധ വകുപ്പുകള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് സമര്‍പ്പിച്ചു. ഓഗസ്റ്റ് 15 ന് ശേഷം ഉണ്ടായ നാശനഷ്ടം സംബന്ധിച്ച കണക്കാണ് സമര്‍പ്പിച്ചിട്ടുള്ളത്. 

 കൃഷിനാശം മൂലം 68 കോടി രൂപയുടെയും അടൂര്‍, തിരുവല്ല താലൂക്കുകളിലെ കൃഷി വകുപ്പിന്റെ ഓഫീസുകളും ഫാമുകളും വെള്ളത്തില്‍ മുങ്ങിയതിലൂടെ രണ്ടു കോടി രൂപയുടെയും നഷ്ടമുണ്ടായി. 

11140 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നാശമുണ്ടായത്. 58500 കര്‍ഷകരെയാണ് പ്രളയം ബാധിച്ചത്. 

മൃഗസംരക്ഷണ വകുപ്പിനും ഈ മേഖലയിലെ കര്‍ഷകര്‍ക്കും 10 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതില്‍ നാലു കോടി രൂപ വളര്‍ത്തു മൃഗങ്ങള്‍ക്കുണ്ടായ നാശനഷ്ടമാണ്. കാലിത്തൊഴുത്തുകള്‍, കാലിത്തീറ്റ, കോഴിത്തീറ്റ, വെറ്ററിനറി മരുന്നുകള്‍, മൃഗസംരക്ഷണ ഓഫീസുകളിലെ ഫര്‍ണിച്ചറുകള്‍ എന്നിവ നശിച്ചതിലൂടെ ആറുകോടി രൂപയുടെ നഷ്ടവും കണക്കാക്കുന്നു. 

സപ്ലൈകോയ്ക്ക് 12.07 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി. സപ്ലൈകോയുടെ ജില്ലയിലെ 26 വിപണന കേന്ദ്രങ്ങളില്‍ അഞ്ച് എണ്ണം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇതുമൂലമാണ് സപ്ലൈകോയ്ക്ക് നഷ്ടം ഉണ്ടായത്. പൊതുവിതരണ വകുപ്പിന് ഒരു കോടി രൂപയുടെ നഷ്ടമുണ്ടായി. പൊതുമരാമത്ത് നിരത്തു വിഭാഗത്തിന് 1200 കിലോമീറ്റര്‍ റോഡുകള്‍ തകര്‍ന്നതിലൂടെ 800 കോടി രൂപയുടെ നഷ്ടം ഉണ്ടായി. 

വൈദ്യുതി ബോര്‍ഡിന് 25 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. കെഎസ്ഇബിയുടെ 113 ട്രാന്‍സ്‌ഫോര്‍മറുകള്‍ മുങ്ങിയിരുന്നു. പതിനായിരത്തില്‍ അധികം വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കപ്പെടുകയും വൈദ്യുതി തൂണുകള്‍ തകരുകയും ചെയ്തിരുന്നു. 

മേജര്‍ ഇറിഗേഷന്‍  വകുപ്പിന് 50 കോടി രൂപയുടെയും മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് 185 കോടി രൂപയുടെയും വാട്ടര്‍ അതോറിറ്റിക്ക് 139 കോടി രൂപയുടെയും നഷ്ടം സംഭവിച്ചു. 

ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകള്‍ക്ക് 135.01 കോടി രൂപയുടേയും നാല് നഗരസഭകള്‍ക്ക് 47.25 കോടി രൂപയുടേയും ഫിഷറീസ് വകുപ്പിന് 3.5 കോടി രൂപയുടെയും നാശനഷ്ടമുണ്ടായി. കൃഷിനാശം ഒഴിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് ഉണ്ടായ നാശനഷ്ടത്തിന്റെ കണക്ക് ഇതില്‍പ്പെടുന്നില്ല. 

പ്രളയക്കെടുതിയില്‍ ജില്ലയിലെ വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടം സംബന്ധിച്ച് റവന്യു വകുപ്പ് വ്യക്തമായ കണക്കുകള്‍ ശേഖരിച്ചിട്ടുണ്ട്. 692 വീടുകള്‍ പൂര്‍ണമായും 32370 വീടുകള്‍ ഭാഗികമായും തകര്‍ന്നതിലൂടെ 194.84 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി കണക്കാക്കുന്നു. കോഴഞ്ചേരി താലൂക്കില്‍ 62 വീടുകള്‍ പൂര്‍ണമായും 921 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവല്ല താലൂക്കില്‍ 490 വീടുകള്‍ പൂര്‍ണമായും 29021 വീടുകള്‍ ഭാഗികമായും തകര്‍ന്നു. റാന്നിയില്‍ 70 വീടുകള്‍ പൂര്‍ണമായും 884 വീടുകള്‍ ഭാഗികമായും നശിച്ചു. കോന്നി താലൂക്കില്‍ 30 വീടുകള്‍ പൂര്‍ണമായും 507 വീടുകള്‍ ഭാഗികമായും തകര്‍ന്നു. അടൂര്‍ താലൂക്കില്‍ ഏഴു വീടുകള്‍ പൂര്‍ണമായും 415 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മല്ലപ്പള്ളി താലൂക്കിലെ 33 വീടുകള്‍ക്ക് പൂര്‍ണ നാശവും 622 വീടുകള്‍ക്ക് ഭാഗിക നാശവും സംഭവിച്ചു. 

date