ജനകീയ ഹോട്ടലുകളിലെ ഊണിന് ഇനി 30 രൂപ; ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം
ജനകീയ ഹോട്ടലുകളിൽ നിന്നും വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെ നിരക്ക് 30 രൂപയാക്കി പുനർനിർണയിക്കാനുള്ള തീരുമാനത്തിന് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകി. ജില്ലാ ആസൂത്രണ സമിതി ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ജനകീയ ഹോട്ടലുകൾ വഴി നൽകുന്ന ഉച്ചഭക്ഷണത്തിന്റെ സബ്സിഡി ഓഗസ്റ്റ് ഒന്ന് മുതൽ ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 30 ൽ കുറയാത്ത തുക നിശ്ചയിക്കാൻ ആസൂത്രണ സമിതിക്ക് അധികാരം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉച്ചഭക്ഷണത്തിന്റെ വില 30 രൂപയും പാഴ്സലിന് 35 രൂപയും നിശ്ചയിച്ചുകൊണ്ട് ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരം നൽകിയത്. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടലുകൾക്കുള്ള വാടക ഇലക്ട്രിസിറ്റി ചാർജ്, വാട്ടർ ചാർജ്, സിവിൽ സപ്ലൈസിൽ നിന്നും സബ്സിഡി നിരക്കിൽ അരി എന്നിവ ലഭ്യമാക്കണം.
ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും ജില്ലാസൂത്രണ സമിതി സബ് കമ്മിറ്റിക്ക് രൂപം നൽകി. ഹോട്ടലുകളുടെ പ്രവർത്തനം ഡിപിസി യോഗത്തിൽ അവലോകനം ചെയ്യും. നിശ്ചയിച്ച നിരക്ക് വിതരണം ചെയ്യാതിരിക്കുകയോ ഉയർന്ന നിരക്ക് ഈടാക്കുകയോ ചെയ്താൽ ജനകീയ ഹോട്ടൽ എന്ന പേര് തുടരുന്നത് സംബന്ധിച്ചുള്ള തീരുമാനവും ഡിപിസിക്ക് സ്വീകരിക്കാം.
മൂന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2023- 24 വാർഷിക പദ്ധതി ഭേദഗതിക്ക് കൂടി യോഗത്തിൽ അംഗീകാരം നൽകി. മൂക്കന്നൂർ, പള്ളിപ്പുറം, കവളങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളുടെ വാർഷിക പദ്ധതി ഭേദഗതിക്കാണ് അംഗീകാരം നൽകിയത്. ഓഗസ്റ്റ് നാലിന് ചേർന്ന യോഗത്തിൽ 105 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു.
2023-24 വർഷത്തെ കേരള ഖര മാലിന്യ പരിപാല പ്രൊജകട് ഫണ്ട് പ്രകാരം ജില്ലയിലെ 14 നഗരസഭകൾക്ക് ലഭ്യമായ 2,69,3OO,196 രൂപയുടെ പദ്ധതിക്ക് യോഗം അംഗീകാരം നൽകി. 2022 -23 ഹെൽത്ത് ഗ്രാൻ്റ് ഫണ്ട് ലഭ്യമായിട്ടുണ്ടെന്ന് യോഗത്തിൽ ചെയർമാൻ അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സനിത റഹീം, ജില്ലാ പ്ലാനിങ് ഓഫീസർ പി.എ. ഫാത്തിമ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ എം.എം. ബഷീർ, അസിസ്റ്റൻ്റ് പ്ലാനിങ് ഓഫീസർ ഡോ. ടി എൽ ശ്രീകുമാർ, റിസർച്ച് ഓഫീസർ പി ബി ഷിബിൻ, ആസൂത്രണ സമിതി അംഗങ്ങളായ മനോജ് മൂത്തേടൻ, അനിത ടീച്ചർ, ദീപു കുഞ്ഞുകുട്ടി, ശാരദ മോഹൻ, ഷൈമി വർഗീസ്, ലിസി അലക്സ്, എ എസ് അനിൽകുമാർ, റീത്തപോൾ, മേഴ്‌സി ടീച്ചർ, പി കെ ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments