Skip to main content

വിവാഹം ദുരിതാശ്വാസ ക്യമ്പില്‍: വേറിട്ട സമ്മാനം നല്‍കി പഞ്ചായത്ത് വകുപ്പ്

 

  ആലപ്പുഴ ജില്ലയിലെ ആര്യാട് ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡില്‍ ബിലിവേഴ്‌സ് ചര്‍ച്ച് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നടന്ന വിവാഹത്തില്‍ പുതുമയാര്‍ന്ന വിവാഹ സമ്മാനം നല്‍കി പഞ്ചായത്ത് വകുപ്പ്. ആര്യാട് ഗ്രാമപഞ്ചായത്തിലെ ചമ്പക്കുളം സ്വദേശിനി അമ്മു ജ്യോതിഷും കണ്ണൂര്‍ സ്വദേശിയായ രതീഷും തമ്മിലുള്ള വിവാഹമാണ് ദുരിതാശ്വാസ ക്യാമ്പില്‍ തിങ്കളാഴ്ച നടന്നത്.  വധുഗൃഹവും പരിസരവും വെള്ളപൊക്കത്തിലായതോടെ വീട്ടുകാര്‍  ദുരിതാശ്വാസ ക്യാമ്പിലായതിനാലാണ് വിവാഹം ഇവിടെ നടത്തേണ്ടിവന്നത്.  വിവാഹ സമ്മാനമായി പുതുവസ്ത്രങ്ങള്‍, പാത്രങ്ങള്‍, അത്യാവശ്യം വീട്ടു സാധനങ്ങള്‍, പലവ്യജ്ഞനങ്ങള്‍ തുടങ്ങി പുതിയ ജീവിതത്തിന് ആവശ്യമായ നിരവധി സാധനങ്ങളാണ് പ്രത്യേക സമ്മാനമായി പഞ്ചായത്ത് ഡയറക്ടറുടെ ചുമതലയുള്ള പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം.പി.അജിത്കുമാര്‍ നേരിട്ട് നല്‍കിയത്.  സമ്മാനങ്ങള്‍ക്കുപുറമെ പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടറുടെ വകയായി പട്ടുസാരിയും വധുവിന് സമ്മാനമായി നല്‍കി.    വിവാഹത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ വരന്റെ ബന്ധുക്കള്‍ക്കുപുറമെ  ആരിഫ് എം.എല്‍.എ., ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മറ്റ് ജനപ്രതിനിധികള്‍, പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ദുരിതാശ്വാസ ക്യാമ്പിലെ താമസക്കാരും, മറ്റ് പൊതുപ്രവര്‍ത്തകരും സംബന്ധിച്ചു. 

   പി.എന്‍.എക്‌സ്.3742/18

date