Skip to main content

നിരണത്തും പാണ്ടനാടും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ശുചീകരണം

 

 

 ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും(എന്‍എസ്എസ്) ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ കടപ്ര നിരണം, പാണ്ടനാട് എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണം നടത്തി. കൊല്ലം ജില്ലയിലെ വിവിധ എന്‍.എസ്.എസ് യൂണിറ്റുകളില്‍ നിന്നുള്ള  രണ്ടായിരം വോളണ്ടിയര്‍മാരും 200  അധ്യാപകരും, വാര്‍ഡ് മെമ്പര്‍മാരും ആശാ പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കെടുത്തു. ഈ പ്രദേശങ്ങളില്‍ നിന്നും രണ്ട് ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ക്രിസ് ഗ്ലോബല്‍ എന്ന സ്ഥാപനത്തിന് കൈമാറി. മാലിന്യം നിറഞ്ഞു കിടന്ന പന്ത്രണ്ടിലധികം സ്‌കൂളുകള്‍ ശുചീകരിച്ചു. പ്രദേശത്തെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പ് ആയിരുന്ന പരുമല ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒരു ടണ്ണിലധികം മാലിന്യങ്ങള്‍  നീക്കം ചെയ്തു. 

പരുമല സെമിനാരി ഗ്രൗണ്ടില്‍ കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എന്‍. എസ്. എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ ജേക്കബ് ജോണ്‍ ശുചീകരണം ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍മാരായ നൗഷാദ്, ബിജുകുമാര്‍, ഹരി, എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ശുചിത്വമിഷന്റെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള 350 പേരടങ്ങുന്ന സംഘവും എന്‍എസ്എസ് വോളന്റിയേഴ്‌സിനോടൊപ്പം ശുചീകരണത്തില്‍ പങ്കാളികളായി. സംസ്ഥാന ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ഗ്രാമവികസന വകുപ്പിലെ പ്രോജക്ട് ഡയറക്ടര്‍ ലാസര്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രശ്മിമോള്‍, ബിഡിഒമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date