Skip to main content

ആരോഗ്യ സുരക്ഷയ്ക്കായി എടുക്കേണ്ട മുന്‍കരുതലുകള്‍

 

    വെള്ളംപ്പൊക്കം മാറി വീടുകളിലേക്ക് തിരിച്ചു പോകുന്നവര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രധാനമായും പാമ്പ് കടി, പരിക്കുകള്‍, ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍, മലിന ജലവുമായുള്ള സമ്പര്‍ക്കം മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയാണ് വെല്ലുവിളികള്‍. 
    പാമ്പുകടിയേറ്റയാളെ സമാധിപ്പിക്കുകയാണ് പ്രധാനം. പേടിക്കുന്നത് വിഷം വേഗം രക്തത്തില്‍ കലരാന്‍ വഴിവയ്ക്കും. പാമ്പ് കടിയേറ്റയാളെ കിടത്തുക. കടിയേറ്റ ഭാഗം ഇളകാതിരിക്കാനും ശ്രദ്ധിക്കണം. മുറിവായയില്‍ അമര്‍ത്തുകയോ തടവുകയോ മുറിവ് വലുതാക്കുകയോ ചെയ്യരുത്. പ്രാഥമിക മുന്‍ കരുതലുകള്‍ സ്വീകരിച്ചയുടനെ പാമ്പുകടിയേറ്റയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കണം. വിഷവൈദ്യം, പച്ചമരുന്ന് തുടങ്ങിയ ചെയ്തു സമയം കളയുന്നത് രോഗിയുടെ ജീവന് ആപത്താണ്. കടിച്ച പാമ്പ് വിഷമുള്ളതാണോ എന്നറിയാന്‍ ആശുപത്രിയില്‍ പരിശോധനകള്‍ ലഭ്യമാണ്. 
    ജലജന്യരോഗങ്ങള്‍ തടയാന്‍ തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കുക. വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല. വെള്ളത്തില്‍ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം, കൊതുകുകള്‍, വിരകള്‍, അട്ടകള്‍ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം. കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു. വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളില്‍ ക്ലോറിനേഷന്‍ തന്നെയാണ് ഉത്തമം.  ക്ലോറിനേഷന്‍ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാര്‍ഗമാണ്.
ബ്ലീച്ചിംഗ് പൗഡറാണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത്. വെള്ളപ്പൊക്ക ഭീഷണിയില്‍ ആദ്യ തവണയെങ്കിലും സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യുകയായിരിക്കും ഉത്തമം. ഒരു കാരണവശാലും ചൂടാറ്റുവാന്‍ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്. കലക്കു മാറ്റാന്‍ ഒരു പ്രതിവിധി എന്ന നിലയില്‍ കിണറില്‍ 'ആലം' പോലുള്ള കെമിക്കല്‍ ചേര്‍ക്കുന്നതായി കുവരാറു്. എന്നാല്‍ കിണറുകളില്‍ ആലം ഉപയോഗിക്കുമ്പോള്‍ പല ആരോഗൃപ്രശ്നങ്ങള്‍ക്കും കാരണമാകാം. നന്നായി ക്ലോറിനേറ്റു ചെയ്യുകയാണെങ്കില്‍ കിണറിലെ വെള്ളം വറ്റിച്ചു കളയേ ആവശ്യമില്ല. പാത്രം കഴുകുന്ന വെള്ളം പച്ചക്കറികള്‍ കഴുകുന്ന വെള്ളമൊക്കെ ശുദ്ധമാക്കാന്‍ ക്ലോറിന്‍ ടാബ്ലറ്റ് ബക്കറ്റിലെ വെള്ളത്തില്‍ നിക്ഷേപിക്കാം. ഭക്ഷണത്തിനു മുമ്പും ശുചിമുറി ഉപയോഗ ശേഷവും കൈകള്‍ നിര്‍ബന്ധമായും സോപ്പിട്ടു കഴുകുക. പാചകം ചെയ്യും മുമ്പും കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം. ആറുമാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കുക. ആറുമാസം കഴിഞ്ഞ കുട്ടികള്‍ക്കും വെള്ളത്തിനു പകരം പരമാവധി മുലപ്പാല്‍ തന്നെ കൊടുക്കുക. വയറിളക്കം വന്നാല്‍ ഒ.ആര്‍.എസ് ലായനി തയ്യാറാക്കി കുടിപ്പിക്കുക. കൂടെ ഉപ്പിട്ട കഞ്ഞി വെള്ളവും കൂടുതലായി നല്‍കുക. നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ആശുപത്രിയിലെത്തിക്കുക. തുറസായ ഇടങ്ങളില്‍ ജലസ്രോതസുകള്‍ക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. ശ്രദ്ധിക്കുക അസുഖങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ വളരെ എളപ്പമാണ്.
    എലിപ്പനിയെ പ്രതിരോധിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കി. മഴക്കെടുതിയില്‍ ചെളിവെള്ളത്തില്‍ ഇറങ്ങിനടക്കേണ്ടിയോ നീന്തേിയോ വന്നവര്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ (ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, യുവജന സംഘടന പ്രവര്‍ത്തകര്‍), ക്യാമ്പില്‍ കഴിഞ്ഞവര്‍ എന്നിവര്‍ക്ക് എലിപ്പനി വരാനുള്ള സാധ്യത കൂടുതലാണ്. വെള്ളപ്പൊക്ക കെടുതി മാറുമ്പോള്‍ രോഗങ്ങള്‍ പടരാതിരിക്കാന്‍ പ്രത്യേകം മുന്‍കരുതല്‍ ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആദ്യം പ്രതീക്ഷിക്കുന്ന ഏറ്റവും അപകടകാരിയായ രോഗം എലിപ്പനിയാണ്. ഇതു പ്രതിരോധിക്കാന്‍ മേല്‍പറഞ്ഞ എല്ലാവരും പ്രതിരോധ ഗുളികകള്‍ നിര്‍ബന്ധമായും കഴിച്ചുവെന്ന് ഉറപ്പുവരുത്തണം. വയനാട്ടില്‍ കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ എലിപ്പനിക്കു കാരണമാകുന്നത്. ഇവയുടെ മൂത്രം  കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള ഇടങ്ങളുമായി സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. കൈകാലുകളില്‍ മുറിവുള്ളവര്‍ പരമാവധി മലിന ജലവുമായി സമ്പര്‍ക്കം ഒഴിവാക്കണം. അഴുക്കുവെള്ളത്തിലിറങ്ങുമ്പോള്‍ ഗംബൂട്ടും, കൈയ്യുറയും നിര്‍ബന്ധമായും ഉപയോഗിക്കുക. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക കഴിക്കണം. എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കേണ്ട രീതി: മുതിര്‍ന്നവര്‍- 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിന്‍ (100 മില്ലിഗ്രാമിന്റെ രണ്ടു ഗുളികകള്‍) ഒരു തവണ, എട്ടു വയസ്സിന് മുകളിലുള്ള കുട്ടികള്‍- 100 മില്ലിഗ്രാം ഡോക്സിസൈക്ലിന്‍ ഒരു ഡോസ്, എട്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍- അസിത്രോമൈസിന്‍ 250 മില്ലിഗ്രാം ഒരു ഡോസ്, ഗര്‍ഭിണികള്‍- അമോക്സിസില്ലിന്‍ 500 മില്ലിഗ്രാം ടാബ്ലറ്റ് മൂന്നു നേരം വീതം അഞ്ചു ദിവസം. ഈ മരുന്നുകള്‍ ആരോഗ്യവകുപ്പ് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കുമ്പോള്‍ ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കുക. കഴിക്കുമ്പോള്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. കഴിച്ച ഉടനെ കിടക്കരുത്. കൂടുതല്‍ ദിവസങ്ങളില്‍ ചളിവെള്ളത്തിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ഇറങ്ങേണ്ടിവന്നാല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക ആഴ്ചയില്‍ 200 മില്ലിഗ്രാം വീതം ആറ് ആഴ്ച വരെ പരമാവധി കഴിക്കാം. കുട്ടികള്‍ അസിത്രോമൈസിന്‍ ഗുളികകള്‍ ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പ് കഴിക്കണം. എലിപ്പനി മാരകമാണ്, ആരംഭിത്തിലേ ചികിത്സിക്കണം. സ്വയം ചികിത്സ പാടില്ല. കടുത്ത പനിയും തലവേദനയും വിറയലും ശരീരവേദനയും കണ്ണിന് ചുവപ്പും എലിപ്പനിയുടെ പ്രാരംഭ ലക്ഷണമാകാം. പ്രധാനമായും എലിമൂത്രത്തില്‍ നിന്നാണ് എലിപ്പനി മനുഷ്യരിലേക്ക് പകരുന്നത് അതിനാല്‍ മലിന ജലത്തില്‍ മുഖം കഴുകുയോ കുളിക്കുകയോ ചെയ്യരുത്. എലിപ്പനി മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ച് ചികിത്സ വൈകിപ്പിക്കുന്നത് മരണത്തിനു കാരണമായേക്കും. 
    കൊതുകു ജന്യ രോഗങ്ങള്‍ രണ്ടാം ഘട്ടത്തില്‍ വരുന്ന രോഗങ്ങളാണ്. കൊതുകു മുട്ടയിട്ടു പെരുകുന്നത് ഒഴുവാക്കാന്‍ വെള്ളക്കെട്ടുകള്‍ കെണ്ടത്തി നശിപ്പിക്കണം. ഈഡിസ് കൊതുക് ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ പോലും മുട്ട ഇടുമെന്നതിനാല്‍ ഡെങ്കി പനി പടരാന്‍ രാമത്തെയും മൂന്നാമത്തെയും ആഴ്ച സാധ്യത കൂടുതലാണ്. വീടും പരിസരവും അരിച്ചുപ്പെറുക്കി അല്പം പോലും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. ത്വക് രോഗങ്ങള്‍ തടയാന്‍ കഴിയുന്നതും തൊലി ഉണക്കി വയ്ക്കാന്‍ ശ്രദ്ധിക്കണം. വളം കടി പോലുള്ള രോഗങ്ങള്‍ കാല്‍ കൈകാലുകള്‍ എപ്പോഴും ഉണക്കി സൂക്ഷിക്കുക. വളം കടിയുളള സ്ഥലങ്ങളില്‍ ജെന്ഷന്‍ വയലറ്റ് പുരട്ടുകയോ ആവശ്യമെങ്കില്‍ ഡോക്ടറെ കാണിക്കുകയോ ചെയ്യണം. 

date