കണ്ണീരിലെ പുഞ്ചിരി : വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ നല്‍കിയത് നാല്‍പതിനായിരം രൂപ
ഉറ്റവരും ഉടയവരും ഉണ്ടായിട്ടും ജീവിതത്തിന്റെ അവസാനകാലം അനാഥത്വത്തിന്റെ വരണ്ട ആകാശത്തിന് കീഴെ, വൃദ്ധമന്ദിരത്തിന്റെ നാലു ചുവരുകള്‍ക്കുളളില്‍ കഴിച്ച് കൂട്ടേണ്ടി വരുന്നതിന്റെ സങ്കടങ്ങളെക്കാള്‍ വലുതായിരുന്നു ഇവര്‍ക്ക് ജലം കൊണ്ട് മുറിവേറ്റ സഹജീവികളുടെ വേദന. ആ വേദനയില്‍ നിന്നാണ് പ്രളയബാധിതര്‍ക്ക് ആവുംവിധം കൈത്താങ്ങാവണമെന്ന് ഈ അമ്മമാരും അച്ഛന്‍മാരും തീരുമാനിക്കുന്നത്. ഇവര്‍ തൃശൂര്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലെ വൃദ്ധമന്ദിരത്തിലെ സ്ഥിരതാമസക്കാര്‍. ഒരു കാലത്ത് എല്ലാം ഉണ്ടായിരുന്നവര്‍ ഈ ജീവിതസായാഹ്നത്തില്‍ ഒറ്റപെടലിന്റെ കയ്‌പു നീര് ആവോളം കുടിയ്‌ക്കുന്നവര്‍. ഈ വിശ്രമകേന്ദ്രത്തില്‍ നേരം പോക്കിനായി ഇവരുണ്ടാകുന്ന അച്ചാറും ചവുട്ടിയും മറ്റും വിറ്റ് കിട്ടിയ പൈസ സ്വരൂപിച്ച് നാല്‍പതിനായിരം രൂപയാണ് പ്രളയദുരിതാശ്വാസഫണ്ടിലേക്ക് ഈ വൃദ്ധജനങ്ങള്‍ സംഭാവന നല്‍കിയത്. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടെങ്കിലും നാടിനെയും നാട്ടുകാരെയും ഉപേക്ഷിക്കാനാവില്ലെന്ന സന്ദേശമാണ് കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറിന്റെ പക്കല്‍ ഈ തുക കൈമാറ്റുന്നതിലൂടെ ഇവര്‍ വ്യക്തമാക്കിയത്. ഇവരുടെ നടപടിയ്‌ക്ക് നന്ദി അറിയിച്ച് മന്ത്രി വി എസ് സുനില്‍കുമാര്‍ വൃദ്ധമന്ദിരത്തിലേക്ക് കത്തയച്ചു. മന്ദിരത്തിലെ അന്തേവാസികളില്‍ നിന്നും ഈ തുക ഏറ്റ് വാങ്ങിയപ്പോള്‍ തന്റെ കണ്ണ് നിറഞ്ഞ് പോയി എന്നും ഇത് ഹൃദയസ്‌പര്‍ശിയായ അനുഭവമായി എന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ കുറിച്ചു. �ഇതാണ് മനുഷ്യത്വം. ഇതാണ് ഏറ്റവും വലിയ മഹത്വം. ഈ അമ്മമാരുടെ കാല്‍തൊട്ട് വന്ദിക്കുന്നു. വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാകില്ലെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഹൃദയം നിറഞ്ഞ നന്ദി�. മന്ത്രി വി എസ് സുനില്‍കുമാര്‍ ഇങ്ങിനെ അവസാനിപ്പിച്ചു.
ദുരിതാശ്വാസത്തിന്റെ പേരില്‍ നാടിന്റെ നാനാഭാഗത്ത് നിന്നും നിരവധി സഹായങ്ങള്‍ ലഭിക്കുമ്പോഴും വൃദ്ധമന്ദിരത്തിലെ അമ്മമാരുടെയും അച്ഛന്‍മാരുടെയും എളിയ സഹായത്തിന് തിളക്കമേറുന്നു. കാരണം. ഉപേക്ഷിക്കപ്പെട്ടവരുടെ കണ്ണീരിന്റെ തിളക്കമുണ്ടതില്‍.
- Log in to post comments