Skip to main content

സ്വാതന്ത്ര്യ നിഷേധത്തിനു നേരെ അയ്യന്‍കാളി പ്രതിഷേധത്തിന്റെ  അഗ്നിജ്വാലയായി: മന്ത്രി എ.കെ. ബാലന്‍

 

*അയ്യന്‍കാളിജയന്തി ആചരിച്ചു

ഔപചാരികവിദ്യാഭ്യാസം പോലുമില്ലാത്ത ഒരു മനുഷ്യന്‍ കേരളത്തിന്റെ നവോത്ഥാന നായകരില്‍ പ്രമുഖനായത് ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തിന്റെ ഭാഗമാണെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ദളിത് ജനവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ശില്‍പിയും സംഘാടകനും അയ്യന്‍കാളിയായിരുന്നു. വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത, നേരില്‍ കണ്ടാല്‍പോലും തീണ്ടലുണ്ടായ, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട, സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത കാലഘട്ടത്തില്‍ പ്രതിഷേധത്തിന്റെ അഗ്നിജ്വാലയായി കേരളത്തിന്റെ സാംസ്‌കാരികമേഖലയില്‍ വെള്ളിവെളിച്ചമായിത്തീര്‍ന്ന മഹാ വ്യക്തിത്വമായിരുന്നു അയ്യന്‍കാളിയെന്നും അദ്ദേഹം പറഞ്ഞു. അയ്യന്‍കാളിയുടെ 155ാം ജന്മദിനത്തില്‍ വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നവകേരളം രൂപീകരിക്കുന്നതില്‍ അയ്യന്‍കാളി നടത്തിയ പോരാട്ടങ്ങളെ അത്യധികം ആദരവോടെയാണ് കേരളം കാണുന്നതെന്ന് ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളമെമ്പാടും, മലയാളികളുള്ളിടത്തെല്ലാം അയ്യന്‍കാളിയുടെ ജന്മദിനം ആഘോഷപൂര്‍വം കൊണ്ടാടുന്നതാണ് പതിവ്. എങ്കിലും പ്രളയക്കെടുതിയുടെ പ്രത്യേകസാഹചര്യത്തില്‍ ഈ വര്‍ഷം ചടങ്ങു മാത്രമായി ജന്മദിനാചരണം സംഘടിപ്പിക്കേണ്ടി വന്നിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 

ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ബി. സത്യന്‍ എം.എല്‍.എ., പട്ടികജാതി വികസന ഡയറക്ടര്‍ പി.എം. അസ്ഗര്‍ അലി പാഷ തുടങ്ങിയവര്‍ സംബന്ധിച്ചു

 പി.എന്‍.എക്‌സ്.3750/18

date