പ്രളയത്തില്‍ വീട് മുങ്ങിയിട്ടും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി മൂന്ന് വില്ലേജ് ഓഫിസര്‍മാര്‍
സ്വന്തം വീടും വീട്ടുകാരും വെളളത്തിലായിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായ മൂന്ന് വില്ലേജ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ഉദാത്ത മാതൃകയാണ്. പ്രളയം അതിന്റെ ഉഗ്രരൂപം പൂണ്ടപ്പോഴും അതിന് മുന്നില്‍ പതറാതെ മനോധൈര്യം കൊണ്ട് പിടിച്ച് നിന്ന തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസിലെ ദിവ്യ കോശി, നിരണം വില്ലേജ് ഓഫീസറായ രാജേഷ്, മല്ലപ്പുഴശ്ശേരി വില്ലേജ് ഓഫീസര്‍ എസ്.ആശ എന്നിവരുടെ ആത്മാര്‍ത്ഥമായ സേവനത്തിന് പത്തരമാറ്റിന്റെ തിളക്കം. മരണത്തെ മുഖാമുഖം കണ്ടിട്ടും ചെയ്യുന്ന ജോലിയില്‍ യാതൊരു തരത്തിലുള്ള വീഴ്ചയും വരുത്താതെ ഇവര്‍ മൂന്ന് പേരും സജീവമായി രംഗത്തുണ്ടായിരുന്നു. പതിനഞ്ചാം തീയതി വെളുപ്പിനെ രണ്ട് മണിക്ക് തഹസില്‍ദാരുടെ മെസേജ് വന്നതനുസരിച്ചാണ് ദിവ്യകോശി തന്റെ വില്ലേജ് പരിധിയിലെത്തിയത്. എ.എം.എം.ടി.ടി.ഐ സ്‌കൂളിലെ ക്യാമ്പില്‍ ആളുകളെയാക്കി. പിന്നീടാണ് വെള്ളപ്പൊക്കത്തില്‍പ്പെട്ട് പോയ ഗര്‍ഭിണിയെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്‌സിനൊപ്പം പുറപ്പെടുന്നത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റുമുള്‍പ്പെടെ അവരുടെ വീട്ടില്‍ ചെന്നു. മൂന്ന് മണിക്കൂറുകള്‍ക്കൊടുവില്‍ അവരെ അവിടെ നിന്ന് ഇറക്കി ഡിങ്കിയില്‍ കയറ്റി പറഞ്ഞു വിട്ടു. അവര്‍ പോയതിന് ശേഷം നോക്കി നില്‍ക്കെയാണ് ആ വീട്ടിലേക്ക് വെള്ളം ഇരച്ച് കയറി വന്നത്. അന്ന് രാത്രി ഏഴ് മണി വരെ അവിടെ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കേണ്ടി വന്നുവെന്ന് പറഞ്ഞപ്പോള്‍ ദിവ്യയുടെ ശബ്ദമിടറിയെങ്കിലും ആ കണ്ണില്‍ ജീവന്‍ രക്ഷിക്കാനായതിന്റെ അഭിമാനത്തിളക്കം. പിന്നീട് ഏഴ് മണിക്ക് ശേഷം ഒരു വള്ളത്തില്‍ രക്ഷാപ്രവര്‍ത്തകരെത്തി അവരെ ക്യാമ്പിലെത്തിച്ചു. തുടര്‍ന്ന് അഞ്ച് ദിവസം ഡ്രസ് പോലും മാറ്റാനാവാതെ ക്യാമ്പില്‍ കഴിച്ചുകൂട്ടി. പത്തൊന്‍പതാം തീയതി രാത്രിയോടെയാണ് തിരിച്ച് വീട്ടിലെത്തിയത്.
മാലേക്കര ചട്ടേപ്പടി സ്വദേശിയായ എസ്. ആശയുടെ വീടിന്റെ രണ്ടാം നിലയിലും വെള്ളം കയറിയിരുന്നു. അമ്മയും ഭര്‍ത്താവും കുഞ്ഞും അപടകത്തിലാണെന്ന് അറിഞ്ഞിട്ടും തന്റെ കുടുംബത്തിന്റെ സുരക്ഷിതത്വം രക്ഷാപ്രവര്‍ത്തകരെ ഏല്‍പ്പിച്ച് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് മുഴുകിയിരുന്നു.
ഡാം തുറന്ന് വിട്ടപ്പോള്‍ മുതല്‍ രക്ഷാപ്രവര്‍ത്തനവുമായി നാട്ടുകാര്‍ക്കൊപ്പം നിന്ന നിരണം വില്ലേജോഫീസറായ ജി.രാജേഷ് കുമാറിന്റെ സേവനവും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനും, അവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കൈയ്യും മെയ്യും മറന്ന് അദ്ദേഹവും രാപകല്‍ അധ്വാനിച്ചു. എന്നാല്‍ സ്വന്തം വീട്ടില്‍ വെള്ളം കയറിയത് അറിഞ്ഞ് സുഖമില്ലാതെ കിടക്കുന്ന അച്ഛനേയും അമ്മയേയും രക്ഷിക്കാന്‍ വീട്ടിലേക്ക് ഓടിയെത്തിയ അദ്ദേഹവും വെള്ളപ്പൊക്കത്തിന്റെ ദുരിതക്കയത്തിലകപ്പെട്ടെങ്കിലും നേവി ഉദ്യോഗസ്ഥരുടെ ശ്രമഫലമായി ഇദ്ദേഹത്തെ പുറത്തെത്തിച്ചതുമുതല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ സജീവമായി.
വെള്ളം കയറിയത് മൂലം വീട്ടിലേക്ക് പോലും പോകാനാവാതെ ഓഫീസിലും ക്യാമ്പുകളിലും കഴിച്ച് കൂട്ടിയ ഇവരുടെ സേവനങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടും.
(പിഎന്‍പി 2433/18)
- Log in to post comments