ക്യാമ്പുകളില്‍ കൗണ്‍സിലിംഗ് സേവനവുമായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്
പ്രളയ ദുരന്തം നേരിട്ടനുഭവിച്ചതിന്റെ മാനസിക തളര്‍ച്ചയില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് രംഗത്ത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍യൂണിറ്റുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കുന്നവരേയും പ്രത്യേക പരിശീലനം ലഭിച്ച സാമൂഹ്യസേവനം, മന:ശാസ്ത്രം, കൗണ്‍സിലിംഗ് തുടങ്ങിയ മേഖലകളിലുള്ളവരെയും ഉപയോഗിച്ചാണ് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നത്. 33 ദുരിതാശ്വാസ ക്യാമ്പുകളിലെ 6200 പേര്‍ക്കും 350 ക്യാമ്പുകളില്‍ ഗ്രൂപ്പ് കൗണ്‍സിലിംഗും ഇവര്‍ നടത്തിക്കഴിഞ്ഞു. ക്യാമ്പുകള്‍ വിട്ടു പോയവര്‍ക്ക് വീടുകളിലെത്തിയും കൗണ്‍സിലിംഗ് നല്‍കും.ദുരന്തം വിതച്ച സ്ഥലങ്ങളില്‍ ഉണ്ടാവാന്‍ ഇടയുള്ള ആത്മഹത്യകള്‍, ദുരന്താനന്തര സാന്ത്വന ചികിത്സ, നഷ്ടപ്പെട്ട രേഖകള്‍ പുന:സംഘടിപ്പിക്കാനുള്ള സഹായം തുടങ്ങിയവയും ഇവര്‍ ഏകോപിപ്പിക്കും. ബാംഗ്‌ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിംഹാന്‍സ് എന്ന സ്ഥാപനമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അവബോധവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നത്.
- Log in to post comments