ദുരിതാശ്വാസനിധിയിലേക്ക് 60 സെന്റ് ഭൂമി സംഭാവന നല്‍കി ഡോക്ടറും കുടുംബവും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 60 സെന്റ് ഭൂമി സംഭാവന നല്‍ശി ഡോക്ടറും കുടുംബവും മാതൃകയാകുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ 3 യൂണിറ്റ് മേധാവി കൊച്ചുമറ്റത്തില്‍ ഡോ. എം. സി. ടോമിച്ചനാണ് ചങ്ങനാശ്ശേരി കോട്ടമുറി ഭാഗത്ത് കുടുംബ സ്വത്തായി ലഭിച്ച മൂന്ന് കോടി രൂപ വില മതിക്കുന്ന ഭൂമി സംഭാവന നല്‍കിയത്. ഡോക്ടറുടെ ഭാര്യ ഡോ. ജോളി കുര്യന്‍, മകള്‍ മരിയ തോമസ് എന്നിവരോടൊപ്പം കളക്‌ട്രേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനിക്ക് രേഖകള്‍ കൈമാറി. ഒരു ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഡോക്ടറുടെ സഹോദരിക്ക് കൂടി അവകാശമുണ്ടായിരുന്ന സ്ഥലമായതിനാല്‍ മറ്റൊരു സ്ഥലം അവര്‍ക്ക് വാങ്ങി നല്‍കിയശേഷമാണ് സ്ഥലം ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. പുനരധിവാസ പ്രക്രിയയില്‍ ഏറെ പ്രയാസമുണ്ടാകുക സ്ഥലം കണ്ടെത്തുന്നതിനാണ്. അതിനാലാണ് സ്ഥലം നല്‍കിയതെന്ന് ഡോക്ടര്‍ പറഞ്ഞു. എല്ലാവരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനിയായ വി. പി റെജിയും ഒരു മാസത്തെ ഓണറേറിയം നല്‍കി. മുന്‍ എം.എല്‍.എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ വി. എന്‍. വാസവന്‍, ജില്ലാ പഞ്ചായത്തംഗം വി.കെ സുനില്‍ കുമാര്‍, മെഡിക്കല്‍ കോളേജ് ആര്‍എം.ഒ ഡോ. രഞ്ജന്‍, ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫ്, എ.ഡി.സി(ജനറല്‍) പി.എസ്. ഷിനോ, തൃക്കൊടിത്താനം സഹകരണ ബാങ്ക് പ്രസിഡന്റ് ചന്ദ്രബോസ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments