പ്രളയാനന്തരം സ്‌കൂളുകൾ ഇന്നു തുറക്കും: 50000 നോട്ടുപുസ്തകങ്ങൾ നൽകും
ആലപ്പുഴ: നീണ്ട പ്രളയകാലത്തിനും ഓണാവധിക്കും ശേഷം ജില്ലയിലെ 551 സ്‌കൂളുകൾ ഇന്നു തുറക്കും. ആകെയുള്ള 771 സ്‌കൂളുകളിൽ 217 എണ്ണമൊഴികെയുള്ളവയാണിവ. ഇപ്പോഴും വെള്ളം കയറിക്കിടക്കുന്ന 217 സ്‌കൂളും സെപ്തംബർ മൂന്നിന് തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതലയുള്ള കെ.സി.ജയകുമാർ അറിയിച്ചു.
പുസ്തകങ്ങൾ പ്രളയത്തിൽ നഷ്ടപ്പെട്ടത് കണക്കിലെടുത്ത് ഇന്നു മുതൽ നോട്ടുപുസ്തകങ്ങൾ നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മഹീന്ദ്ര കമ്പനി നൽകിയ അരലക്ഷം നോട്ടുപുസ്തകങ്ങൾ ഇതിനകം ഉപഡയറക്ടർ കാര്യാലയത്തിൽ എത്തിച്ചിട്ടുണ്ട്. 30ന് മറ്റൊരു 10000 നോട്ടുപുസ്തകം കൂടിയെത്തും. സ്‌കൂൾ തുറന്നാലേ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ടവയുടെ കണക്ക് ശേഖരിക്കാനാകൂ. ഇന്നു തന്നെ ഇതിന്റെ കണക്കെടുപ്പ് നടത്തി ഉടൻ പാഠപുസ്തകവും ലഭ്യമാക്കാനാണ് ഡി.പി.ഐ. കെ.വി.മോഹൻകുമാർ നിർദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസം ഡി.പി.ഐ.യും അധ്യാപകരും അനധ്യാപകരും അടങ്ങിയ വലിയൊരു സംഘം സ്‌കൂളുകൾ ശുചിയാക്കാൻ പ്രയത്‌നിച്ചിരുന്നു. 119 സ്‌കൂളുകളാണ് അവർ ഇത്തരത്തിൽ വൃത്തിയാക്കിയത്. ഇന്നലെ റയിൽവേയുടെ മുന്നൂറംഗ സംഘം മാവേലിക്കര, ഹരിപ്പാട് കേന്ദ്രീകരിച്ച് സ്‌കൂൾ ശുചീകരണത്തിനെത്തിയിരുന്നു.
- Log in to post comments