Skip to main content

സന്നദ്ധപ്രവർത്തകർക്ക് രക്ഷയൊരുക്കി ലൈഫ് ഗാർഡുകൾ

കുട്ടനാട്: കുട്ടനാട്ടിലെ വീടുകൾ വാസയോഗ്യമാക്കാൻ ഇറങ്ങിയ ആയിരങ്ങൾക്ക് രക്ഷയേകി ടൂറിസം വകുപ്പിന്റെ 33 ലൈഫ് ഗാർഡുകൾ. വെള്ളം കയറിയ പ്രദേശങ്ങൾ ശുചിയാക്കാൻ ഇറങ്ങിയിരിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ ജീവന് സുരക്ഷയേകുക  എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ സേവനം.  എറണാകുളത്തു നിന്നുള്ള 24 പേരും ആലപ്പുഴയിൽ നിന്നുള്ള ഒമ്പതുപേരും അടങ്ങുന്ന സംഘം മൂന്നു ദിവസത്തേക്ക് ഇനി കുട്ടനാട്ടിൽ ഉണ്ടാകും. രാവിലെ  എട്ടുമുതൽ ഇവരുടെ സേവനം തുടങ്ങും. 

ക്യാമ്പുകളിലേക്കും സന്നദ്ധ പ്രവർത്തകർക്കുമായി പാക്കറ്റ് വെള്ളവും അഞ്ച് ജയിലുകളിലെ ഭക്ഷണവും ഇവർതന്നെയാണ്  എത്തിക്കുന്നത്. സ്വന്തം വീട്ടിൽ വെള്ളം കയറി സാധനങ്ങൾ എല്ലാം നശിച്ചപ്പോഴും അതൊന്നും വകവയ്ക്കാതെ ഔദ്യോഗികമല്ലാതെ 100 കണക്കിന് ആളുകളെ രക്ഷപ്പെടുത്തിയ കഥ പറയാനുണ്ട് ഓരോരുത്തർക്കും. തോട്ടപ്പള്ളി സ്വദേശിയായ  പി.കെ വിനോദ്  എടത്വ,തകഴി,തലവടി,തുടങ്ങിയ ഭാഗങ്ങളിലെ അഞ്ഞൂറോളം  പേരെയാണ് രക്ഷപ്പെടുത്തിയത്.  രണ്ടു വർഷം മുൻപ് ഫോർട്ട് കൊച്ചിയിൽ നടന്ന ബോട്ട് അപകടത്തിൽ 26 പേരെ രക്ഷപെടുത്തി അപകടത്തിന്റെ ആഘാതം കുറച്ച ലൈഫ് ഗാർഡാണ് വിനോദ്. ഇതിന് സംസ്ഥാന സർക്കാർ പ്രശംസപത്രം നൽകി ആദരിക്കുകയും ചെയ്തു.

ചെറായി ബീച്ചിൽ ലൈഫ് ഗാർഡായി ജോലി ചെയ്യുന്ന  പി.കെ സാജന് പ്രളയത്തിൽ സ്വന്തം വീട്ടിലെ എല്ലാ വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. പ്രളയത്തിൽ പൂർണമായും മുങ്ങിയ എറണാകുളം ചേന്ദമംഗലത്തായിരുന്നു സാജന്റെ രക്ഷാപ്രവർത്തനം. മൂന്നു ഗർഭിണികളെ രക്ഷപ്പെടുത്തിയതും ഡയാലിസിസിനായി രോഗിയെ കൊണ്ടുപോയതും എല്ലാം സാജൻ ഓർത്തെടുത്തു. വരും ദിവസങ്ങളിലും  അപകടമൊന്നുമുണ്ടാകാതെ ജനങ്ങളുടെ ജീവന് സുരക്ഷയേകാനാണ് ഇവരുടെ തീരുമാനം.

 

date