ഭിന്നശേഷി കുട്ടികള്‍ക്ക് വെര്‍ച്വല്‍ ക്ലാസ്സ് മുറി: ജില്ലാതല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു
സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി നടപ്പാക്കുന്ന വെര്‍ച്വല്‍ ക്ലാസ്സ് മുറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ഈ ഗൃഹാധിഷ്ടിത വിദ്യാഭ്യാസ പദ്ധതി കുട്ടികളുടെ മാനസിക വളര്‍ച്ചക്ക് ഏറെ പ്രയോജനം ചെയ്യുന്നതായി മന്ത്രി പറഞ്ഞു. പദ്ധതി വഴി വീടുകളില്‍ തന്നെ വിദ്യാഭ്യാസം നല്‍കുന്നതിന് സൗകര്യം ഒരുക്കുന്നതിനാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കാനും രക്ഷിതാക്കള്‍ക്ക് കഴിയുന്നുണ്ട്. ഇടുക്കി നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ വെര്‍ച്ച്വല്‍ ക്ലാസ് മുറി ഒരുക്കാന്‍ എം എല്‍ എ ഫണ്ടിലെ ഒരു വിഹിതം വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് ആവശ്യമായ പ്രൊജ്ക്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് വെര്‍ച്ച്വല്‍ ക്ലാസ് റൂം തയ്യാറാക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ പദ്ധതി തയ്യാറാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതിനുള്ളതാണ് വെര്‍ച്വല്‍ ക്ലാസ് മുറി. പൈനാവ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ സൂരജ് സുധാകരന്റെ പാറേമാവിലുള്ള ഭവനത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ഇടുക്കി ജില്ലയിലെ എട്ടു ബി.ആര്‍.സികളിലായി 16 കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നാല് ലക്ഷം രൂപയാണ് ജില്ലയില്‍ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നൗഷാദ് ടി.ഇ, രാജു ജോസഫ്, ഡയറ്റ് പ്രിന്‍സിപ്പല്‍ എം.കെ ലോഹിദാസ്, എസ് എസ് കെ ജില്ലാ കോര്‍ഡിനേറ്റര്‍ ബിന്ദുമോള്‍, പൈനാവ് ഗവണ്‍മെന്റ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീകല വി.റ്റി, അറക്കുളം ബി ആര്‍ സി ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിനി സെബാസ്റ്റ്യന്‍, കൊലുമ്പന്‍ കോളനി ഊര് മൂപ്പന്‍ വി.റ്റി രാജപ്പന്‍, എസ്.എസ്. കെ ഇടുക്കി ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ കെ യാസിര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments