ആവേശമായി വിദ്യാഭ്യാസമന്ത്രി; പാട്ടിലലിഞ്ഞ് മറ്റത്തൂര്‍ സ്‌കൂള്‍
വെള്ളപ്പൊക്ക ദുരിതം ഏറെ ബാധിച്ച മറ്റത്തൂരില്‍ ഓണാവധിക്കു ശേഷം സ്‌കൂള്‍ തുറന്നത് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ പാട്ടും കളിയും വര്‍ത്തമാനവുമായി. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന മറ്റത്തൂര്‍ ശ്രീകൃഷ്‌ണ ഹൈസ്‌കൂളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നേരിട്ടെത്തി കുട്ടികളെ ആശ്വസിപ്പിച്ചത്. പഠനത്തില്‍ മികവു പ്രകടിപ്പിക്കണമെന്നും ദുരിതകാലം മറക്കണമെന്നും കുട്ടികളോട് പറഞ്ഞു ബോധ്യപ്പെടുത്താന്‍ കൂടിയാണ് ജില്ലയില്‍ ദുരിതം ഏറെ ബാധിച്ച പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ വിദ്യാഭ്യാസമന്ത്രി നേരിട്ടെത്തിയത്. കുട്ടികളുടെ മാനസിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനായി അവരെ പ്രാപ്‌തരാക്കാനുളളവഴികളും അധ്യാപകര്‍ക്ക് അദ്ദേഹം അധ്യാപകനെന്ന നിലയിലും പകര്‍ന്നു നല്‍കി.
വിദ്യാഭ്യാസ വകുപ്പ്‌മന്ത്രി സ്‌കൂളിലെത്തുമെന്നറിഞ്ഞതോടെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവേശമായി. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ സ്‌നേഹാദരവോടെയാണ് മന്ത്രിയെ വരവേറ്റത്. തുടര്‍ന്ന് ഓരോ ക്ലാസുമുറികളിലും മന്ത്രിയെത്തി കുട്ടികളോട് പഠനകാര്യങ്ങള്‍ തിരക്കി. പുസ്‌തകം നഷ്ടപ്പെട്ടവരേയും യൂണിഫോം ഇല്ലാത്തവരേയും മന്ത്രി തിരക്കി. ഇതിനിടയിലാണ് ഏഴാം ക്ലാസ് സിയിലും ഡിയിലും മന്ത്രി കുട്ടികളുടെ പാട്ടിലലിഞ്ഞത്. ഏഴ് സിയിലെ ഏയ്‌ഞ്ചല്‍, ഡി യിലെ ഷിബിലിന്‍ എന്നിവര്‍ മന്ത്രിക്ക് പാട്ടുപാടി കൊടുത്തു. പാട്ടുകാരെ മന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്‌തു. പഠനത്തിലും ഇതുപോലെ മികവു പ്രകടിപ്പിക്കാനാവണമെന്നും മന്ത്രി അവരോട് നിര്‍ദ്ദേശിച്ചു. 1420 കുട്ടികള്‍ പഠിക്കുന്ന മറ്റത്തൂര്‍ ശ്രീകൃഷ്‌ണ ഹൈസ്‌കൂളില്‍ മന്ത്രി ഏറെനേരം കുട്ടികളുമായി ചെലവഴിച്ചു. പ്രധാനാധ്യാപിക മഞ്‌ജുള, ജനപ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ മന്ത്രിക്ക് സ്‌കൂള്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
- Log in to post comments