Skip to main content

സമാനതകളില്ലാത്ത കൈത്താങ്ങ്, കുട്ടനാടിനായി കൈകോര്‍ത്തത് ആയിരങ്ങള്‍

 

പ്രളയം തകര്‍ത്ത കുട്ടനാടിന്റെ ശുചീകരണത്തിനായി കൈലിയും മുണ്ടും ബര്‍മുഡയുമൊക്കെയിട്ട് ഒരേ മനസോടെ ഇറങ്ങിയത് ആയിരങ്ങള്‍. ജനങ്ങള്‍ക്കൊപ്പം അതേ വേഷത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും കൂടി ചേര്‍ന്നതോടെ ഒരു ജനതയുടെ അതിജീവനത്തിനായുള്ള കൂട്ടായ്മ രാജ്യത്തിനു തന്നെ മാതൃകയായി. എല്ലാവര്‍ക്കും ഒരേ ലക്ഷ്യവും മനസുമായിരുന്നു പ്രളയബാധിതരായ സഹോദരങ്ങളെ തിരികെ വീടുകളിലെത്തിക്കണം. 

''ഞാന്‍ ഈ വീട്ടില്‍ എന്തു ചെയ്യാനാണ്. എങ്ങനെ ഇതൊക്കെ വൃത്തിയാക്കും,'' നെടുമുടി സെന്റ് മേരീസ് ക്യാമ്പില്‍ കഴിഞ്ഞിരുന്ന സരിതയുടെ വിങ്ങലായിരുന്നു കുട്ടനാട്ടുകാരോരുത്തര്‍ക്കും. സരിതയുടെ വീട് വൃത്തിയാക്കിയത് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഷഹിര്‍ഷയുടെ നേതൃത്വത്തിലായിരുന്നു. ''ഞങ്ങളതിനല്ലേ വന്നിരിക്കുന്നത്,'' സരിതയെപ്പോലുള്ളവരുടെ ആവലാതികള്‍ കേട്ടപ്പോള്‍ ഷഹിര്‍ഷ പ്രതികരിച്ചു. കുട്ടനാടിനെ വൃത്തിയാക്കാനെത്തിയ ഓരോ സന്നദ്ധ പ്രവര്‍ത്തകരിലും ഷഹിര്‍ഷായുടെ ആത്മവിശ്വാസം നിറഞ്ഞിരുന്നു.   

കുട്ടനാടിനൊപ്പം അപ്പര്‍കുട്ടനാട്ടിലും ചെങ്ങന്നൂരിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കുട്ടനാട്ടില്‍ കൈനകരി പഞ്ചായത്ത് ഒഴികെയുള്ള സ്ഥലങ്ങളിലുള്ളവര്‍ ഇന്നലെ (ആഗസ്റ്റ് 29) വീടുകളിലേക്ക് മടങ്ങി. അഞ്ച് ദിവസം മുമ്പായിരുന്നു ഇങ്ങനെയൊരു പദ്ധതി ആസൂത്രണം ചെയ്തത്. കാസര്‍കോടു മുതല്‍ പാറശാല വരെയുള്ളവര്‍ വിവരമറിഞ്ഞ് വണ്ടികളില്‍ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളില്‍ വന്നിറങ്ങി. അര ലക്ഷത്തിലധികം പേരാണ് ശുചീകരണത്തില്‍ പങ്കാളികളായത്. 

 മന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്ക്, ജി. സുധാകരന്‍, പി. തിലോത്തമന്‍, വി. എസ്. സുനില്‍കുമാര്‍ എന്നിവരും ഈ പ്രവൃത്തിയില്‍ കൈകോര്‍ത്തു. വീടുകള്‍ക്കൊപ്പം ശുചീകരണത്തിന്റെ ആദ്യ ദിനത്തില്‍ സ്‌കൂളുകള്‍, ആശുപത്രികള്‍ അടക്കമുള്ള പൊതുസ്ഥലങ്ങളും വൃത്തിയാക്കി. ഇങ്ങനെയൊരു മഹായജ്ഞം പ്രഖ്യാപിച്ചതോടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ആരംഭിച്ചിരുന്നു. ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകളും നല്‍കി. ഇതോടൊപ്പം മന്ത്രി ഡോ. ടി. എം തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും യുവാക്കള്‍ക്കുള്‍പ്പെടെ പ്രചോദനമായി. നവമാധ്യമങ്ങളില്‍ സന്ദേശം വൈറലായതോടെ ആശ്ചര്യപ്പെടുത്തുന്ന പ്രതികരണമാണ് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരില്‍ നിന്ന് ലഭിച്ചത്. ''ആദ്യം തന്നെ 2700 പേര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന ദിവസം നേരിട്ടെത്തി 13,000 പേര്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാതെ സന്നദ്ധസേവനത്തിനെത്തിയത് ആയിരക്കണക്കിനാളുകളാണ്,'' സന്നദ്ധ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ജോയി പറഞ്ഞു. മലയാളി സഹപാഠികളില്‍നിന്ന് വിവരമറിഞ്ഞ് ഇതരസംസ്ഥാന വിദ്യാര്‍ഥികളുള്‍പ്പെടെ രജിസ്റ്റര്‍ ചെയ്ത് ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.  

ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, തൊഴില്‍ നൈപുണ്യമുള്ളവര്‍, പ്ലംബിങ്, വയറിങ് ജോലിക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീക്കാര്‍ തുടങ്ങി എല്ലാവരും ഈ ദിവസത്തിനായി കാത്തിരുന്ന പോലെ മറ്റെല്ലാം മാറ്റിവച്ചാണ് ആലപ്പുഴയ്‌ക്കെത്തിയത്.  ഡൈവിംഗ് സംഘങ്ങളും പാമ്പു പിടുത്തക്കാരും വരെ പങ്കാളികളായി. ''പാമ്പുകളായിരുന്നു വലിയ ഭീഷണി. ഒരു വീട് വൃത്തിയാക്കുന്നതിനിടെ വലിയൊരു കെട്ട് മുറ്റത്തേക്കിട്ടപ്പോള്‍ അതിനുള്ളില്‍ നിന്ന് പുറത്തേക്ക് വന്നത് മൂന്ന് മൂര്‍ഖനായിരുന്നു,'' ശുചീകരണത്തില്‍ പങ്കെടുത്ത ശ്രീജിത്ത് പറഞ്ഞു. തിങ്കളാഴ്ച രാത്രി മുതലേ ദൂരെനിന്നുള്ളവര്‍ നഗരത്തിലെത്താന്‍ തുടങ്ങിയിരുന്നു. അവര്‍ക്കായി സഹായകേന്ദ്രം തുറന്നു. നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ എല്ലാവരിലുമെത്തിക്കാന്‍ സംവിധാനമൊരുക്കി. എല്ലാമേഖലയിലും സന്നദ്ധപ്രവര്‍ത്തകര്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ കൃത്യമായ വിന്യാസം നടത്തി. 

ജില്ലാ പഞ്ചായത്ത് നല്‍കിയ അമ്പത് ലക്ഷം രൂപയുടെ ശുചീകരണ സാമഗ്രികള്‍ 16 പഞ്ചായത്തുകളില്‍ കൃത്യമായി വിതരണം ചെയ്തു. മണ്‍വെട്ടി, ഇരുമ്പ് ചട്ടി, ചവര്‍ വരണ്ടി, വെട്ടുകത്തി, കുത്തിരുമ്പ്, മണ്‍കോര, പ്ലാസ്റ്റിക് കുട്ട, പ്ലാസ്റ്റിക് ബക്കറ്റ്,മഗ്, കോരി, ചൂല്‍, വൈപ്പര്‍, പ്ലാസ്റ്റിക് ബ്രഷ്, അയണ്‍ ചൂല്, മോപ്പ്, കോട്ടണ്‍ വേസ്റ്റ്, കാലുറ, കൈയുറ എന്നിവയാണ് വിതരണം ചെയ്തത്. ഓരോ സംഘത്തിനും പോകാന്‍ ബോട്ടുകളും ബസുകളും ബാര്‍ജുകളും ടിപ്പര്‍ ലോറികളുമുള്‍പ്പെടെ വാഹനങ്ങള്‍ സജ്ജമാക്കി. എല്ലാമേഖലയിലും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കി. 

ശുചീകരണം നടത്തുന്ന എല്ലാ കേന്ദ്രങ്ങളിലും  ചികില്‍സാ സൗകര്യമുറപ്പാക്കിയിരുന്നു.  ബോട്ടുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ പട്രോളിംഗുമുണ്ടായിരുന്നു. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികകള്‍ സന്നദ്ധസേവകര്‍ക്കായി നല്‍കി. 

ആലപ്പുഴയിലെ വെള്ളം കയറിയ സ്‌കൂളുകള്‍ ശുചിയാക്കി സെപ്റ്റംബര്‍ മൂന്നോടെ തുറക്കാനാവുമെന്നാണ് കരുതുന്നത്. ആലപ്പുഴ മേഖലയില്‍ 50,000 നോട്ടുപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചു. 

                                                                     പി.എന്‍.എക്‌സ്.3771/18

date