Skip to main content

പുതിയൊരു കേരളത്തെ സൃഷ്ടിക്കുക ലക്ഷ്യം: മുഖ്യമന്ത്രി 

 

പ്രളയ ദുരന്തത്തില്‍ നിന്ന് ഉയര്‍ത്തെണീറ്റ് പുതിയൊരു കേരളത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെത്തിയ ലോകബാങ്ക് പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നിലവാരമുള്ള റോഡുകളും പാലങ്ങളും നിര്‍മ്മിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കാനാവും. പ്രളയം സൃഷ്ടിച്ച നഷ്ടത്തിന്റെ വ്യാപ്തി വളരെ വലുതാണ്. റോഡുകളും പാലങ്ങളും നശിച്ചതിനൊപ്പം ചെറുകിട കച്ചവടക്കാരും ബിസിനസുകാരും വലിയ    പ്രതിസന്ധി നേരിടുന്നുണ്ട്. ഇവരുടെ പുനരധിവാസത്തിന് നിലവിലെ ബാങ്ക് പദ്ധതികള്‍ മാത്രം മതിയാവില്ല. ഇതിന് ലോകബാങ്കിന്റെ സഹായം ആവശ്യമാണ്. 

പരിസ്ഥിതി ദുര്‍ബല പ്രദേശത്തു നിന്ന് ജനങ്ങളെ മാറ്റി പുനരധിവസിപ്പിക്കേണ്ടിവരും. ഇത്തരം കാര്യങ്ങളില്‍ പ്രതിനിധി സംഘത്തിന്റെ ഭാഗത്തു നിന്ന് വേഗത്തിലുള്ള നടപടികള്‍ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ സഹായിക്കാനായി ലോകബാങ്ക് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ തയ്യാറായ കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ നടപടിയില്‍ അദ്ദേഹം നന്ദി അറിയിച്ചു. 

അടുത്ത പത്ത് ദിവസത്തിനകം സംഘം അടിയന്തര ദുരന്ത നാശനഷ്ടങ്ങളുടെയും ആവശ്യങ്ങളുടെയും നിര്‍ണയം (റാപ്പിഡ് ഡാമേജ്  അസസ്‌മെന്റ് ആന്റ് നീഡ്‌സ് അനാലിസിസ്) നടത്തും. ഇതിനു ശേഷം ചീഫ് സെക്രട്ടറിയും വകുപ്പുതല സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തി വായ്പാ ഘടന തയ്യാറാക്കും. കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള യാത്രയില്‍ തങ്ങള്‍ ഒപ്പമുണ്ടാവുമെന്ന് പ്രതിനിധി സംഘം അറിയിച്ചു. നിരവധി പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ പ്രതിനിധി സംഘാംഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തില്‍ പ്രളയം സൃഷ്ടിച്ച ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് യോഗത്തില്‍ വിശദീകരിച്ചു. മന്ത്രിമാരായ ഇ. പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, ഡോ. ടി. എം. തോമസ് ഐസക്ക്, എ. കെ. ബാലന്‍, മാത്യു ടി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വിവിധ വകുപ്പ്തല സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍  എന്നിവര്‍ സംബന്ധിച്ചു.   

രാവിലെ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയ ശേഷം സെക്രട്ടറിമാരുമായും സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിനുണ്ടായ നഷ്ടം സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് ഡയറക്ടര്‍ ബന്ദന പ്രേയഷി, വേള്‍ഡ് ബാങ്ക് ആക്ടിംഗ് കണ്‍ട്രി ഡയറക്ടര്‍ ഹിഷാം അബ്‌ദോ, എ. ഡി. ബി കണ്‍ട്രി ഡയറക്ടര്‍ കെനിച്ചി യോക്കോയാമ, വേള്‍ഡ് ബാങ്ക് ലീഡ് ഡി ആര്‍ എം സ്‌പെഷ്യലിസ്റ്റ് ദീപക് സിംഗ്, ഐ. എഫ്. സി സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ മദന്‍ കര്‍നാനി എന്നിവരാണ് സംഘത്തിലുള്ളത്. 

       പി.എന്‍.എക്‌സ്.3775/18

 

 

date