കാലവര്‍ഷം - ജില്ലയിലെ മരണം 47 ആയി
മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നു ഈ വര്‍ഷം മെയ് 29 മുതല്‍ ഇതുവരെ ഏഴ് താലൂക്കുകളിലായി 47 മരണപ്പെട്ടു. ഇന്നലെ മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കൂടുതല്‍ പേര്‍ മരണപ്പെട്ടത് കൊണ്ടോട്ടി താലൂക്കിലാണ്. 13 പേരാണ് ഇവിടെ മരണപ്പെട്ടത്. തിരൂര്‍ 2, ഏറനാട് 12, തിരൂരങ്ങാടി 5, പെരിന്തല്‍മണ്ണ 2, പൊന്നാനി 2, നിലമ്പൂര്‍ 11 എന്നിങ്ങനെയാണ് മരണപ്പെട്ടത്. ഒരാളെ കാണാതാവുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വിവിധ ഘട്ടങ്ങളിലായി 28398 പേരെ അപകടത്തില്‍ നിന്നു രക്ഷപ്പെടുത്തി. 25717 പേരെ പോലീസും 2056 ഫയര്‍ ഫോഴ്‌സും 32 പേരെ എന്‍.ഡി.ആര്‍.എഫും 593 പേരെ ആര്‍മിയുമാണ് രക്ഷപ്പെടുത്തിയത്. 2057.92 മില്ലീമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചത്. 116 വില്ലേജുകളിലായി 12.5 ലക്ഷം പേര്‍ കെടുതി അനുഭവിക്കുന്നു. നിലമ്പൂര്‍ താലൂക്കിലെ ആകെയുള്ള 21 വില്ലേജുകളിലും പ്രളയക്കെടുതി ബാധിച്ചു. ഏറനാട് താലൂക്കിലെ 23 വില്ലേജിലും കൊണ്ടോട്ടി താലൂക്കിലെ 12 വില്ലേജുകളിലും പെരിന്തല്‍മണ്ണ താലൂക്കിലെ 13 വില്ലേജുകളിലും തിരൂരങ്ങാടി താലൂക്കിലെ 17 വില്ലേജുകളിലും തിരൂര്‍ താലൂക്കിലെ 19 വില്ലേജുകളിലും പൊന്നാനി താലൂക്കിലെ 11 വില്ലേജുകളിലും കാലവര്‍ഷം നാശം വിതച്ചു.
നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളില്‍ മണ്ണിടിച്ചിലുമുണ്ടായി. 540 വീടുകള്‍ പൂര്‍ണ്ണമായും 4241 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 219475042 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 51 പശുക്കളും 81 ആടുകളും 9242 താറാവുകളും 249759 കാട,കോഴിയും ഒരു പന്നിയും ഒമ്പത് മുയലുകളുമുള്‍പ്പെടെയുള്ളവക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്്. 16043326 രൂപ ഈയിനത്തില്‍ നഷ്ടം കണക്കാക്കുന്നു. 5256.28 ഹെക്ടറിലുണ്ടായ കൃഷി നാശത്തിലൂടെ 11663.99185 രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.
ഒരു ഘട്ടത്തില്‍ ജില്ലയില്‍ 191 ദുരിതാശ്വാസ ക്യാമ്പുകള്‍ വരെ തുറക്കേണ്ടി വന്നു. ഇപ്പോള്‍ 13 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍, ഏറനാട്, തിരൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പും കൊണ്ടോട്ടി താലൂക്കില്‍ രണ്ടും തിരൂരങ്ങാടിയില്‍ മൂന്നും പൊന്നാനിയില്‍ അഞ്ചും ക്യാമ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. 13 ക്യാമ്പുകളിലായി 485 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ 668 പുരുഷന്‍മാരും, 717 സ്ത്രീകളും 215 ആണ്‍കുട്ടികളും 320 പെണ്‍കുട്ടികളുമടക്കം 1920 പേരാണുള്ളത്.
- Log in to post comments