അതിജീവനത്തിന്റെ മാനസികാരോഗ്യം ഡോക്യുമെന്ററി പ്രകാശനം ചെയ്തു
ഏതൊരു ദുരന്തത്തെയും അതിജീവിച്ചവര്‍ പിന്നീട് കടന്നു പോകുക കടുത്ത മാനസിക സമ്മര്ദ്ദത്തിലൂടെയാവും. അതുകൊണ്ട് തന്നെ അതിജീവന പ്രക്രിയയില്‍ പ്രധാനമാണ് മാനസികാരോഗ്യം വീണ്ടെടുക്കുകയും നിലനിറുത്തുകയും ചെയ്യുക എന്നുള്ളത്. അതിജീവനം അസാധ്യമല്ല എന്ന സന്ദേശമാണ് ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് മുന്നോട്ടു വെക്കാനാവുക. പ്രകൃതിദുരന്തത്തെയും അതിനോടനുബന്ധിച്ചുണ്ടാകാവുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെയും സധൈര്യം നേരിടുന്നതിന് ആളുകളെ പ്രാപ്തരാക്കുന്നതിനായി ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ഇംഹാന്‍സ് എന്നിവ സംയുക്തമായി ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിട്ടുള്ള ഡോക്യുമെന്ററി അതിജീവനത്തിന്റ മാനസികാരോഗ്യം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു.വി.ജോസ് പ്രകാശനം ചെയ്തു. കേരളത്തില്‍ കോഴിക്കോടാണ് ഇത്തരത്തില്‍ ഒരു ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുന്നത്. മറ്റുള്ളവര്‍ക്കും മാതൃകയാക്കാവുന്നതാണ് പരിപാടിയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ പൂര്‍ണ സഹകരണവും പദ്ധതിക്കുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ ഹെല്പിംഗ് ഹാന്റ് ഓര്ഗനൈസേഷന് കോഴിക്കോട് (ഒഒഛ) ആണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. പ്രളക്കെടുതി തുടങ്ങിയത് മുതല്‍ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായി എച്ച്.എച്ച്.ഒയുണ്ട്. രാജേഷ് മല്ലര്‍കണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ച ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ബബിത് എസ്.ആര് ആണ്.
- Log in to post comments