Skip to main content
ദ്രവമാലിന്യ സംസ്‌കരണത്തിനായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

ദ്രവമാലിന്യ സംസ്‌കരണത്തിനായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്‌കരണ സംവിധാനവും സോക് പിറ്റും ഉറപ്പാക്കാന്‍ തീരുമാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍വഹിക്കുന്നതിനായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ലതികാ വിദ്യാധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓരോ വാര്‍ഡിലും 50 സോക് പിറ്റാണ് ഉദ്ദേശിക്കുന്നത്.

ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ഹരിത കര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് മേറ്റുമാര്‍ എന്നിവരെ നിയോഗിച്ചു. ഗുണഭോക്താക്കള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കാം. അര്‍ഹതാ പരിശോധന നടത്തി പ്രവൃത്തികള്‍ ഏറ്റെടുക്കും. കോളനികള്‍ക്ക് മുന്‍ഗണന നല്‍കും. വ്യക്തിഗത സോക്പിറ്റും കമ്യൂണിറ്റി സോക് പിറ്റുമുണ്ടാകും. പരിശീലനം ലഭിച്ച തൊഴിലാളി ഗ്രൂപ്പുകളുടെ സേവനവും പ്രയോജനപ്പെടുത്തും. സി ഡി എസ്സുകള്‍ വഴിയാകും മെറ്റീരിയല്‍ ലഭ്യമാക്കുക.

ഒക്ടോബര്‍ രണ്ട് മുതല്‍ ഒന്‍പത് വരെ ഗ്രാമപഞ്ചായത്ത്തലത്തില്‍ പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം നടത്തും. ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ ശുചിത്വപദവി നേടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അനൂപ് കുമാര്‍ വിശദീകരിച്ചു.

ഗ്രാമ-ബ്ലോക്ക്പഞ്ചായത്ത് അധ്യക്ഷര്‍, ഇതര ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date