Skip to main content
നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍ ലോഗോ പ്രകാശനം.

സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ജില്ലയില്‍ തുടക്കം തദ്ദേശസ്ഥാപന തലങ്ങളില്‍ വിപുലമായ പരിപാടികള്‍

ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് നടത്തുന്ന സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലുള്ള പൊതുസ്ഥലങ്ങള്‍ സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ശുചിയാക്കുക, അജൈവ-ജൈവ മാലിന്യങ്ങള്‍ തരം തിരിച്ചു നിക്ഷേപിക്കുന്നതിനായി നീല, പച്ച നിറങ്ങളിലുള്ള ബിന്നുകള്‍ യഥാക്രമം സ്ഥാപിക്കുക, ശുചിത്വം, മാലിന്യത്തിന്റെ ഉറവിടത്തിലുള്ള തരംതിരിവ്, ഹരിതചട്ടപാലനം എന്നീ വിഷയങ്ങളിലുള്ള സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുക, സ്വച്ഛതാ ക്വിസ്, മരം നടല്‍ യജ്ഞം, സ്വച്ഛതാ പ്രതിജ്ഞ, സ്വച്ഛതാ റണ്‍, ശുചീകരണ യജ്ഞത്തിലൂടെ ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലുമുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക, ഉറവിടത്തില്‍ തന്നെ മാലിന്യം തരം തിരിക്കേണ്ടതിന്റെ പ്രാധാന്യം, പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണം നല്‍കുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗംമൂലമുള്ള ദൂഷ്യവശങ്ങളെ കുറിച്ച് അവബോധം എന്നീ പ്രവര്‍ത്തനങ്ങള്‍ നടക്കും.
ഒക്ടോബര്‍ രണ്ട് വരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് തദ്ദേശ സ്ഥാപനങ്ങളില്‍ നടന്നു വരുന്നത്. കേരളശ്ശേരി പഞ്ചായത്തിലെ ജി.എല്‍.പി.എസ് കുണ്ടളശ്ശേരിയില്‍ നടന്ന പരിപാടിയില്‍ ഹരിതകര്‍മ്മസേനയെ ആദരിക്കലും ശുചിത്വ ബോധവത്ക്കരണ ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലെ സ്വച്ഛതാ ഹി സേവ ലോഗോ പ്രകാശനം പ്രസിഡന്റ് വി. പ്രീത നിര്‍വഹിച്ചു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ലോഗോ പ്രകാശനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് ലോഗോ പ്രകാശനം പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍ നിര്‍വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ക്യാമ്പിയിന്റെ ഭാഗമായി ലോഗോ പ്രകാശനവും പ്രതിജ്ഞയും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സേതുമാധവന്‍ ലോഗോ പ്രകാശനം ചെയ്തു. ഹരിതകര്‍മ്മസേന അംഗങ്ങള്‍, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ലോഗോ പ്രകാശനം പ്രസിഡന്റ് സി. ലീലാമണി നിര്‍വഹിച്ചു. കോങ്ങാട് കെ.പി.ആര്‍.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്യാമ്പയിന്റെ ഭാഗമായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ പ്രതിജ്ഞ ചൊല്ലി. അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ലോഗോ പ്രകാശനം പ്രസിഡന്റ് സജ്‌ന സത്താര്‍ നിര്‍വഹിച്ചു. കൊഴിഞ്ഞാമ്പാറ യു.പി സ്‌കൂളില്‍ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ ബോധവത്ക്കരണ ക്ലാസും പ്രതിജ്ഞയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു. ശുചിത്വ പ്രതിജ്ഞക്ക് ശേഷം മാലിന്യത്തിന്റെ  ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്ക്കരണവും നടത്തി.
 

date