Skip to main content

സെപ്തംബര്‍ അഞ്ചിനകം കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

പ്രളയത്തെ തുടര്‍ന്നുണ്ടായ നഷ്ടം സെപ്തംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ജില്ലയിലെ പ്രാഥമിക കണക്കെടുപ്പ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 48.18 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. ഈ കാലവര്‍ഷത്തില്‍ ജില്ലയില്‍ പെയ്തത് 2057.92 മില്ലീമീറ്റര്‍ മഴ. മെയ് 29 മുതലുള്ള കണക്കാണിത്.
ക്യാംപിലേതടക്കം മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനും അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കാനും നിര്‍ദേശം നല്‍കി.
ആദിവാസി കോളനികളില്‍ ഓഗസ്റ്റ് 29ന് ഊരുകൂട്ടം ചേരും
ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കഴിയുന്ന  ആദിവാസി കോളനികളില്‍ പ്രത്യേക ഊരുകൂട്ടം വിളിച്ച് ചേര്‍ക്കും. കോളനികളെ മാറ്റിപ്പാര്‍പ്പിക്കുന്നത് അടക്കമുള്ളവ ഊരുകൂട്ടത്തില്‍ ചര്‍ച്ച ചെയ്യും. ഇത്തരം കോളനികളെ കണ്ടെത്താനും ഓഗസ്റ്റ് 29ന് ഊരുകൂട്ടം വിളിച്ച് ചേര്‍ക്കാനും ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. മാറി താമസിക്കുന്നവര്‍ക്ക് നിലവിലുള്ള അതേ അളവില്‍ ഭൂമി നല്‍കും.
സര്‍ട്ടിഫിക്കറ്റ് നഷ്ടമായവര്‍ക്ക്  അദാലത്ത്
പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്കായി സെപ്റ്റംബര്‍ മൂന്നിനകം അദാലത്ത് നടത്തും. താലൂക്ക് അടിസ്ഥാനത്തിലാവും അദാലത്ത് നടത്തുക. സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ അദാലത്ത് അവസരമൊരുക്കും. സൗജന്യമായാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക. റേഷന്‍കാര്‍ഡ് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അപേക്ഷ നല്‍കിയ ഏഴ് പേര്‍ക്ക് അപേക്ഷിച്ച ദിവസം തന്നെ റേഷന്‍കാര്‍ഡ് നല്‍കിയിട്ടുണ്ട്.
ധനസഹായം നല്‍കി തുടങ്ങി
വെള്ളം കയറിയ വീടുകള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റെ ആദ്യ ഘട്ടം നല്‍കി തുടങ്ങി. 3800 രൂപ വീതമാണ് ഒരു കുടുംബത്തിന് നല്‍കുന്നത്. അപേക്ഷ നല്‍കിയ കുടുംബങ്ങള്‍ക്ക് ഇതിനോടകം തുക നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ നല്‍കും.
നഷ്ടമായത് 48 ജീവന്‍
കാലവര്‍ഷത്തിനിടയില്‍ ജില്ലയില്‍ നഷ്ടമായത് 48 ജീവനുകള്‍. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലമാണ് കൂടുതല്‍ പേര്‍ മരണപ്പെട്ടത്. നിലമ്പൂര്‍ താലൂക്കിലെ ചെട്ടിയമ്പാറ കോളനിയില്‍ ആറ് പേരും കൊണ്ടോട്ടി താലൂക്കിലെ പെരിങ്ങാവ് വില്ലേജില്‍ ഒമ്പത് പേരും ചെറുകാവ് വില്ലേജില്‍ മൂന്ന് പേരും മരണപ്പെട്ടു. ഏറനാട്, വെറ്റിലപ്പാറ വില്ലേജിലെ നെല്ലിയായി കോളനിയില്‍ എട്ട് പേരാണ് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടത്.
വീടുകള്‍ തകര്‍ന്ന് 33.11 കോടിയുടെ നഷ്ടം
പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന് 33.11 കോടി രൂപയുടെ നഷ്ടം. 539 വീടുകള്‍ പൂര്‍ണമായും 4355 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പൂര്‍ണമായും തകര്‍ന്നതിലൂടെ 14,34,95,042 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഭാഗികമായി തകര്‍ന്നതിലൂടെ 18,76,65,800 രൂപയുടെ നഷ്ടവുമാണുണ്ടായിട്ടുള്ളത്.
നഷ്ടമായത് 359872 വളര്‍ത്തുജീവികള്‍
പ്രളയത്തില്‍ നഷ്ടമായത് 359872 വളര്‍ത്തു ജീവികള്‍. 71 കന്നുകാലികള്‍, 124 ആട്, 353625 പക്ഷികള്‍, 6048 താറാവ്, ഒരു പന്നി, ഒമ്പത് മുയല്‍ എന്നിങ്ങനെയാണ് നഷ്ടമായത്. ഇതിലൂടെ 3,41,08,799 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
 റോഡുകളും പാലങ്ങളും തകര്‍ന്നതിലൂടെ 246 കോടിയുടെ നഷ്ടം
റോഡുകളും പാലങ്ങളും തകര്‍ന്നതിലൂടെ 246 കോടിയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച് 966 ല്‍ ആറ് കോടിയും എന്‍എച്ച് 66 ല്‍ 15 കോടിയും പിഡബ്ള്‍യുഡി റോഡിന് 205 കോടിയും പാലങ്ങള്‍ക്ക് 20 കോടിയും നഷ്ടമുണ്ടായതായാണ് കണക്ക്.
5259.08 ഹെക്ടറിലെ കൃഷി നശിച്ചു
മഴക്കെടുതിയില്‍ ജില്ലയില്‍ 5259.08 ഹെക്ടറിലെ കൃഷി നശിച്ചു. 116.76 കോടിയുടെ നഷ്ടമാണ് ഇതിലൂടെ കണക്കാക്കിയിട്ടുള്ളത്. വാഴകര്‍ഷകര്‍ക്കാണ് കൂടുതല്‍ നഷ്ടം സംഭവിച്ചിട്ടുള്ളത്.
എഡിഎം വി രാമചന്ദ്രന്‍, ആര്‍ഡിഒ ജെ മോബി, ഡെപ്യൂട്ടി കലക്ടര്‍മാരായ സി അബ്ദുല്‍ റഷീദ്, ഡോ. ജെഒ അരുണ്‍, നിര്‍മലകുമാരി, പ്രസന്നകുമാരി, ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ ഇനി നാല് ക്യാംപുകള്‍
ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് നാല് ക്യാംപുകള്‍ മാത്രം.  കൊണ്ടോട്ടി, നിലമ്പൂര്‍, പൊന്നാനി താലൂക്കുകളിലായി നാല് ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. കൊണ്ടോട്ടിയില്‍ രണ്ടും നിലമ്പൂര്‍, പൊന്നാനി താലൂക്കുകളില്‍ ഒന്നും വീതമാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. 90 കുടുംബങ്ങളിലെ 327 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. 100 പുരുഷന്‍മാരും 130 സ്ത്രീകളും 97 കുട്ടികളും ക്യാംപിലുണ്ട്.
നിലമ്പൂര്‍ താലൂക്കിലെ കുറമ്പലങ്ങോട് വില്ലേജില്‍ എരഞ്ഞിമങ്ങാട് യത്തീംഖാനയിലെ ക്യാമ്പില്‍ 57 കുടുംബങ്ങളില്‍ നിന്നായി 209 ആളുകളാണുള്ളത്. ഇതില്‍ 65 പുരുഷ•ാരും 85 സ്ത്രീകളും 53 കുട്ടികളുമാണ്.
കൊണ്ടോട്ടി താലൂക്കിലെ മൊറയൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി ഒമ്പത് പുരുഷ•ാരും, ആറ് സ്ത്രീകളും, മൂന്ന് കുട്ടികളുമടക്കം പതിനെട്ട് ആളുകളാണുള്ളത്. കൂടാതെ ഒഴുകൂര്‍ കുന്നക്കാട് അങ്കണവാടിയിലെ ക്യാമ്പില്‍ മൂന്ന് പുരുഷ•ാരും, നാല് സ്ത്രീകളും, മൂന്ന് കുട്ടികളും താമസിക്കുന്നുണ്ട്.
പൊന്നാനി താലൂക്കില്‍ ചമ്രവട്ടം പ്രൊജക്ട് ഓഫീസിലെ ക്യാംപില്‍ 25 കുടുംബങ്ങളിലെ 23 പുരുഷ•ാരും 35 സ്ത്രീകളും 32 കുട്ടികളുമുള്‍പ്പടെ 90 ആളുകളാണുളളത്.

 

date