Skip to main content

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

ജില്ലയില്‍ കനത്തമഴയും മണ്ണിടിച്ചിലും വെള്ളക്കെട്ടും തുടരുന്നതിനാല്‍ വൈദ്യുതകമ്പികളും വൈദ്യുതകാലുകളും പൊട്ടിവീണ്  അപകടങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറുകള്‍, പോസ്റ്റുകള്‍, ലൈനുകള്‍ മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍, പ്രതിഷ്ഠാപനങ്ങള്‍ എന്നിവയുടെ സമീപത്ത് പോകരുത്. ഇലക്ട്രിക് ലൈനുകളിലും ട്രാന്‍സ്‌ഫോര്‍മറുകളിലും മറ്റ് പ്രതിഷ്ഠാപനങ്ങളിലും അപകടകരമായതോ,  അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള സെക്ഷന്‍ ഓഫീസില്‍ അറിയിക്കണം. 1912 എന്ന ടോള്‍ ഫ്രീ നമ്പറിലും 9496001912  എന്ന വാട്‌സ് ആപ്പ് നമ്പറിലും ഇത് അറിയിക്കാവുന്നതാണ്. ലൈനുകളില്‍ മുട്ടി നില്‍ക്കുന്നതും, വളരെ സമീപമുള്ള മരങ്ങളിലും, ശിഖരങ്ങളിലും സ്പര്‍ശിച്ചാല്‍ അപകടസാധ്യത ഉണ്ട്. അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയില്‍ വന്നാല്‍ ഉടന്‍ വൈദ്യുതി ബോര്‍ഡിനെ അറിയിക്കുക. പൊതു നിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിച്ച് മാത്രം നടക്കുക. ശിഖിരങ്ങളും മരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരിക്കുവാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും, ലൈനുകള്‍ താഴ്ന്ന് സുരക്ഷിതമായ അകലം ഇല്ലാത്ത പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക. താല്‍ക്കാലികമായി കെട്ടിടത്തിനകത്തും പുറത്തും നല്‍കിയിരിക്കുന്ന മുഴുവന്‍ വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകള്‍, ലൈറ്റുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടന്‍ തന്നെ വിച്ഛേദിക്കണം. ജനറേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍, യു.പി.എസ് എന്നിവ അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിപ്പിക്കുക. ആവശ്യമെങ്കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കുവാനും, ഉപയോഗിക്കുവാനും വളരെയേറെ ശ്രദ്ധിക്കുക.  കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറനിരപ്പില്‍ വെള്ളം കയറുന്നതിനു മുന്‍പായി തന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ട് കണക്ഷന്‍ വിച്ഛേദിക്കുക. മൊബൈലും, ചാര്‍ജ്ജിംഗ് ലൈറ്റും ഉള്‍പ്പടെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. കുറച്ചു ദിവസങ്ങള്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

date