Skip to main content

വേമ്പനാട് കായല്‍ സംരക്ഷണത്തിനായിവിശദമായ പദ്ധതി തയാറാക്കാന്‍ നിര്‍ദ്ദേശം

കോട്ടയം: വേമ്പനാട് കായല്‍ സംരക്ഷണത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് വിശദമായ പദ്ധതി  തയാറാക്കി നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ എറണാകുളത്തു നടന്ന മേഖലാതല അവലോകന  യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വേമ്പനാട് കായലില്‍ എക്കലും മാലിന്യങ്ങളും അടിഞ്ഞ് ആഴം കുറഞ്ഞതിനാല്‍ സമീപ പഞ്ചായത്തുകള്‍ മഴക്കാലത്ത്  വെള്ളപ്പൊക്ക ഭീഷണിയും ദുരിതവും നേരിടുകയാണെന്നും മൂന്നു ജില്ലകളെ ബാധിക്കുന്ന പ്രശ്‌നമാണെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും കോട്ടയം ജില്ലയുടെ ചുമതലയുള്ള സഹകരണ - രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. കായലിന്റെ സംഭരണശേഷി കുറഞ്ഞത് മത്സ്യസമ്പത്തിനെയും ജലഗതാഗതത്തെയും കായല്‍ ടൂറിസത്തെയും ദോഷകരമായി ബാധിക്കുന്നുവെന്നും ആഴം കൂട്ടല്‍ വേണമെന്നും ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ചൂണ്ടിക്കാട്ടി. വേമ്പനാട്ടു കായലില്‍ ചേരുന്ന പുഴകളിലും ആഴം കൂട്ടലിനും കൈയേറ്റം ഒഴിപ്പിക്കാനും മാലിന്യമുക്തമാക്കാനും
 നടപടി വേണമെന്നും ചൂണ്ടിക്കാട്ടി. കോട്ടയം മെഡിക്കല്‍ കോളജിലെയും 15 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും സെപ്‌റ്റേജ് മാലിന്യം സംസ്‌ക്കരിക്കുന്ന പദ്ധതിക്ക് സ്ഥലം ലഭ്യമാക്കുന്നതിനായി സംയുക്തയോഗം വിളിക്കും. ഏറ്റുമാനൂര്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി.                      

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം;976 കുടുംബങ്ങള്‍ക്ക്  മൈക്രോപ്ലാന്‍

അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയില്‍ ജില്ലയില്‍ കണ്ടെത്തിയ 1071 കുടുംബങ്ങളില്‍ 976 കുടുംബങ്ങള്‍ക്കും അതി ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കാന്‍ മൈക്രോ പ്ലാന്‍ തയാറാക്കി. 10 കുടുംബങ്ങളെ ആശ്രയ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഏകാംഗ കുടുംബ അംഗങ്ങള്‍ മരിച്ച 74 കേസുകളും മരണപ്പെട്ടതിനാല്‍ മൈക്രോ പ്ലാന്‍ തയാറാക്കാത്ത രണ്ടു കേസുകളുമുണ്ട്. അതിദരിദ്രര്‍ക്ക് റേഷന്‍ കാര്‍ഡ് അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കിയതും യോഗം വിലയിരുത്തി. 418 അതിദരിദ്ര കുടുംബങ്ങള്‍ക്ക് നവംബര്‍ ഒന്നിനകം ഭക്ഷണവും ആരോഗ്യ സേവനവും ഉറപ്പാക്കും. അടുത്ത വര്‍ഷം നവംബര്‍ ഒന്നിന് 196 കുടുംബങ്ങള്‍ക്ക് വാസസ്ഥലം കൂടി ഉറപ്പാക്കിയാല്‍ 93 ശതമാനം പേര്‍ അതി ദാരിദ്രത്തില്‍ നിന്ന് മുക്തരാകും. അതിദരിദ്രര്‍ക്കായി സാമ്പത്തിക ശാക്തീകരണം,  നൈപുണ്യ വികസനം, തൊഴിലുറപ്പ് തൊഴില്‍, സൂക്ഷ്മ സംരംഭം, അയല്‍ക്കൂട്ട അംഗത്വം എന്നിവ സാധ്യമാക്കാന്‍ കര്‍മപദ്ധതി തയാറാക്കാന്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് വരെ 415869 ഉറവിട ജൈവമാലിന്യ സംസ്‌ക്കരണ ഉപാധികള്‍ സ്ഥാപിച്ചു. 336 പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂമ്പാരങ്ങള്‍ നീക്കി.

 154 സ്‌കൂളുകളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി

വിദ്യാകിരണം പദ്ധതിയില്‍ അഞ്ചു കോടി രൂപയുടെ  ഒന്‍പത്കിഫ്ബി പദ്ധതികളില്‍ എട്ടെണ്ണം പൂര്‍ത്തീകരിച്ചു. ചെങ്ങളം ജി.എച്ച്.എസ്.എസിന്റെ 97 ശതമാനം നിര്‍മാണം പൂര്‍ത്തീകരിച്ചു. മൂന്നു കോടി രൂപയുടെ കിഫ്ബി പദ്ധതികളില്‍ ഒന്‍പത് എണ്ണത്തില്‍ അഞ്ചെണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.
പ്രൈമറി ക്ലാസുകളിലെ കുട്ടികളെ കരിക്കുലം വിഭാവനം ചെയ്യുന്ന ലക്ഷ്യമാക്കാന്‍ പ്രാപ്തരാക്കുന്ന സമഗ്ര ഗുണമേന്മാ പദ്ധതി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 154 സ്‌കൂളുകളില്‍ ഈ മാസം ആരംഭിക്കും. ശിശു സൗഹൃദ ഗണിത ശാസ്ത്ര പഠന പദ്ധതിയായ മഞ്ചാടി ഒരു സ്‌കൂളില്‍ നടപ്പാക്കും. സ്‌കൂളുകളില്‍ 7552 ലാപ്‌ടോപ്, 4003 പ്രൊജക്ടര്‍, 1064 സ്‌ക്രീന്‍, 371 ടി വി, 347 പ്രിന്റര്‍, 378 കാമറ, 382 വെബ്ക്യാം , 5478 സ്പീക്കര്‍, 612 റോബോട്ടിക് കിറ്റ് എന്നിവ വിതരണം ചെയ്തു. 43 സ്‌കൂളുകളില്‍ വര്‍ണ്ണക്കൂടാരം പദ്ധതി നടപ്പാക്കുന്നു.

 47 പി.എച്ച്.സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി

ജില്ലയില്‍ 47 പ്രാഥമികാരോഗ്യ കേ
ന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി. അഞ്ച് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ശൈലീ സര്‍വേ വഴിയും ക്യാന്‍ കോട്ടയം പദ്ധതി വഴിയും 6454 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 39 കാന്‍സര്‍ കേസുകള്‍ ഇതിലൂടെ കണ്ടെത്തി. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മലമ്പനി മുക്തമാണ്. പാലിയേറ്റീവ് പ്രൈമറി യൂണിറ്റുകളിലൂടെ 12794 പേര്‍ക്കും സെക്കന്‍ഡറി യൂണിറ്റുകളിലൂടെ 2317 പേര്‍ക്കും സേവനങ്ങള്‍ നല്‍കുന്നു. സെപ്റ്റംബര്‍ 23 വരെ 157853 ടെലി മെഡിസിന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും 30454 ഒപി കണ്‍സള്‍ട്ടേഷനും നടത്തി. 254 ഇ സഞ്ജീവനി സ്‌പോക്കുകളും ഒരു ഹബ്ബും പ്രവര്‍ത്തിക്കുന്നു.

 69 ജലഗുണനിലവാര നിര്‍ണയ ലാബുകള്‍ക്ക് ഭരണാനുമതി

ഹരിത കേരളം മിഷന്റെ ഭാഗമായി 30 ഗ്രാമപഞ്ചായത്തുകളിലും നീര്‍ച്ചാലുകളുടെ മാപ്പിംഗ് പൂര്‍ത്തീകരിച്ചു. ജില്ലയില്‍ 27.67 ഏക്കര്‍ വിസ്തൃതിയില്‍ 299 പച്ചത്തുരുത്തുകള്‍ ഒരുക്കി. ജില്ലയില്‍ 69
 ജലഗുണനിലവാര നിര്‍ണയ ലാബുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായി. കുമരകം, ഇല്ലിക്കക്കല്‍ എന്നീ ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും. ജല ബജറ്റിന്റെ ഭാഗമായി 8 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് അവതരണം പൂര്‍ത്തിയായി. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതി നടപ്പാക്കാന്‍ അഞ്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു.

 ലൈഫ്: കരാര്‍ വയ്ക്കല്‍ ഊര്‍ജ്ജിതമാക്കണം

 രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേറ്റശേഷം ലൈഫ് മിഷനിലൂടെ ജില്ലയില്‍ 2458 വീടുകള്‍ പൂര്‍ത്തീകരിച്ചു. 4917 പേര്‍ കരാറില്‍ ഏര്‍പ്പെട്ടു. 3877 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. തലയോലപ്പറമ്പിലെ ലൈഫ് ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഗുണഭോക്താക്കളുടെ കരാര്‍ വയ്ക്കല്‍ ഊര്‍ജ്ജിമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കരാര്‍ വയ്ക്കാനുള്ള കെട്ടിടനിര്‍മാണ അനുമതി ലഭിക്കാനുള്ള ക്രമീകരണവും ഉറപ്പാക്കണം.

 മലയോര ഹൈവേ: കരാര്‍ നടപടിയായി

മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായി പ്ലാച്ചേരി മുതല്‍ കരിങ്കല്ലുമൂഴി വരെയുള്ള 7.5 കിലോമീറ്റര്‍ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് കരാര്‍ നടപടി പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. പ്ലാച്ചേരി മുതല്‍ മുണ്ടക്കയം വരെ 23 കിലോമീറ്ററാണ് പദ്ധതിയില്‍ ഉള്‍പെടുന്നത്. ഇതില്‍ കരിങ്കല്ലുമൂഴി മുതല്‍ മുണ്ടക്കയം വരെ 15.5 കിലോമീറ്റര്‍ ദേശീയ പാതയുടെ ഭാഗമാണ്.

ജല ജീവന്‍ മിഷനിലൂടെ ജില്ലയില്‍ 33 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 99681 കണക്ഷനുകള്‍ പദ്ധതി വഴി നല്‍കി. 2.62 ലക്ഷം കണക്ഷനുകള്‍ കൂടി നല്‍കും. പദ്ധതിക്കാവശ്യമായ ഭൂമി സംബന്ധിച്ച വിഷയം യോഗം ചര്‍ച്ച ചെയ്തു

date