കുട്ടികളുടെയും അധ്യാപകരുടെയും നിലവാരം വിലയിരുത്താന്‍ പ്രത്യേക പദ്ധതി: മന്ത്രി വി ശിവന്‍കുട്ടി
കുട്ടികളുടെയും അധ്യാപകരുടെയും നിലവാരം വിലയിരുത്താന്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രത്യേക പദ്ധതി ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. പൂവറ്റൂര്‍ ഡി വി എന്‍ എസ് എസ് എച്ച് എസ് എസ് പ്ലാറ്റിനം ജൂബിലി മന്ദിരോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 3500 കോടി രൂപയാണ് സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. അതിനോടൊപ്പം അക്കാദമിക നിലവാരവും മെച്ചപെടുത്തുന്നതിന് അധ്യാപക പരിശീലനം മികച്ചതാക്കണം. വിദ്യാഭ്യാസത്തില്‍ സ്വകാര്യ സര്‍ക്കാര്‍ മേഖലയെ ഒരേ തരത്തില്‍ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റെതെന്നും എയ്ഡഡ് മേഖലയോട് ഒരു വേര്‍തിരിവും ഉണ്ടാകില്ലന്നും മന്ത്രി പറഞ്ഞു.
ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജനസംഖ്യയ്ക്ക് ആനുപാതികമായി കേരളത്തില്‍ സ്കൂളുകളുടെ എണ്ണം രാജ്യത്തെ ഏറ്റവും മികച്ചതാണ്. സ്കൂളുകളുടെ വികസനം കൊണ്ട് സാധ്യമായ സാമൂഹ്യ പുരോഗതിയിലൂടെ കേരളത്തിന്റെ തൊഴില്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എന്‍ എസ് എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ജി തങ്കപ്പന്‍പിള്ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ആര് രശ്മി, കുളക്കട പഞ്ചായത്ത് പ്രസിഡന്റ് സജി കടൂക്കാല, വൈസ് പ്രസിഡന്റ് പി ബി ബീന, സ്ഥിരം സമിതിയംഗം എസ് രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments