Skip to main content

അജൈവമാലിന്യ ശേഖരണം: സ്മാർട്ടാകാൻ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്

 

വീടുകളിലെ അജൈവമാലിന്യ ശേഖരണം സമയബന്ധിതമായി നടത്തുന്നതിനായി "ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് ആപ്പ് " പദ്ധതിക്ക് കേരളപ്പിറവി ദിനത്തിൽ ചേമഞ്ചേരിയിൽ തുടക്കമായി. വീടുകളിൽ ക്യൂ ആർ കോഡ് പതിപ്പിക്കലിന്റെയും വിവര ശേഖരണത്തിന്റെയും പഞ്ചായത്ത് തല ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു അധ്യക്ഷത വഹിച്ചു.

ഹരിത കർമ്മ സേനകളുടെ അജൈവ പാഴ് വസ്തു ശേഖരണ പ്രക്രിയ ഊർജ്ജിതമാക്കാനും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്പ് പദ്ധതി.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കർമ്മസേന അംഗങ്ങൾ ക്യൂ ആർ കോഡ് പതിക്കും. കൈമാറുന്ന മാലിന്യങ്ങളുടെ ഇനം,അളവ്‌, കൈമാറുന്ന തിയ്യതി തുടങ്ങിയ വിവരങ്ങൾ ക്യൂ ആർ കോഡിലൂടെ മനസ്സിലാക്കാൻ സാധിക്കും. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണമാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നത്.

പഞ്ചായത്ത് എഫ് എഫ് ഹാളിൽ നടന്ന ചടങ്ങിൽ വിഇഒ സിജിൻ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഹാരിസ്, വാർഡ് മെമ്പർമാരായ വിജയൻ കണ്ണഞ്ചേരി,സുധ എന്നിവർ സംസാരിച്ചു.സെക്രട്ടറി ടി അനിൽകുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ വന്ദന നന്ദിയും പറഞ്ഞു

date