Skip to main content

തിരുവനന്തപുരം കളക്ടറേറ്റ് ഐഎസ്ഒ സർട്ടിഫിക്കേഷൻ മികവിൽ

തിരുവനന്തപുരം കളക്ടറേറ്റിന് ഐ.എസ്.ഒ 9001 2015 സർട്ടിഫിക്കേഷൻ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജനാണ് പ്രഖ്യാപനം നടത്തിയത്. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ എന്നത് സാമൂഹിക ഉത്തരവാദിത്തമായി കാണണമെന്ന് മന്ത്രി പറഞ്ഞു. സേവനങ്ങൾ വേഗതയിലും സുതാര്യതയിലും നടപ്പാക്കുന്നതിനുള്ള വലിയൊരു പരിശ്രമത്തിലാണ് റവന്യൂ വകുപ്പ്. റവന്യൂ ഓഫീസുകളുടെ ഡിജിറ്റലൈസേഷൻ, ഡിജിറ്റൽ സർവേ, ഭൂമി രജിസ്‌ട്രേഷനായി എന്റെ ഭൂമി പോർട്ടൽ, റവന്യൂ ഇ-സാക്ഷരത എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ നവീകരണത്തിന്റെ പാതയിലാണ് റവന്യൂ വകുപ്പെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളുടെ സംയുക്ത പോർട്ടലായ എന്റെ ഭൂമി പോർട്ടൽ കേരളത്തിലെ 15 വില്ലേജുകളിൽ ആദ്യഘട്ടമായി നവംബർ മാസത്തിൽ നടപ്പാക്കും. റവന്യൂ ഇ-സാക്ഷരത 2025 നവംബറിനുള്ളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കളക്ടറേറ്റിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ സംബന്ധിച്ച വിവരണ പത്രിക ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.

ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ഒരു തുടർ പ്രക്രിയയാണെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പറഞ്ഞു. മികച്ച സേവനങ്ങൾ തുടർന്നും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഒരു കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മാ സർട്ടിഫിക്കറ്റ് ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെയും കളക്ടറേറ്റും, ആദ്യത്തെ സബ് കളക്ടറുടെ ഓഫീസുമെന്ന അഭിമാന നേട്ടമാണ് തിരുവനന്തപുരം കളക്ടറേറ്റ് കൈവരിക്കുന്നത്. നവീകരിച്ച കളക്ടറുടെ ചേംബർ, ആർഡിഒ ഓഫീസ്, സമ്പൂർണമായി ഡിജിറ്റലൈസ് ചെയ്ത റെക്കോർഡ് റൂം എന്നിവയും മന്ത്രി സന്ദർശിച്ചു. ജില്ലാ നിർമിതി കേന്ദ്രമാണ് കളക്ടറേറ്റ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

പൊതുജനങ്ങൾക്കും ജീവനക്കാർക്കും മികച്ച സേവനങ്ങളും സൗകര്യങ്ങളും ഒരുക്കി കില സഹായത്തോടെയാണ് അന്താരാഷ്ട നിലവാര സൂചകമായ ഐഎസ്ഒ സർട്ടിഫക്കേഷൻ സാധ്യമാക്കിയത്. പൊതുജനങ്ങൾക്ക് സൗകര്യപ്രദമാകുന്ന ഫ്രണ്ട് ഓഫീസ് സംവിധാനം, കുടിവെള്ളം, ഫീഡിംഗ് റൂം, ദിശാബോർഡുകൾ, ജീവനക്കാരുടെ വിവരങ്ങളും ഹാജർനിലയും പ്രദർശിപ്പിക്കൽ ഉൾപ്പെടെയുള്ളവ സജ്ജീകരിച്ചു. ഓഫീസ് സംവിധാനങ്ങൾ നവീകരിക്കുകയും ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്തു. അപേക്ഷകളിലും പരാതികളിലും സമയബന്ധിതമായ തീർപ്പാക്കൽ, ഇന്റേണൽ ഓഡിറ്റിങ്, റെക്കോർഡുകളുടെ ഡിജിറ്റൽ പരിപാലനം എന്നിവയും കാര്യക്ഷമമാക്കി. കാഴ്ചപരിമിതർക്ക് സഹായകരമാകുന്ന ബ്രെയിൽ ബോർഡുകൾ ഉൾപ്പെടെ ഭിന്നശേഷി സൗഹൃദമാക്കി മറ്റ് കളക്ടറേറ്റുകളിൽ നിന്നും വ്യത്യസ്ത പുലർത്തി.

ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് മികച്ച പ്രവർത്തനം കാഴ്ച വെച്ച കളക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് സത്സേവനരേഖ ജില്ലാ കളക്ടർ ജെറോമിക് ജോർജ് കൈമാറി.

ജില്ലാ കളക്ടർ ജെറോമിക് ജോർജ് അധ്യക്ഷനായിരുന്ന ചടങ്ങിൽ സബ് കളക്ടർ അശ്വതി ശ്രീനിവാസ്, അസിസ്റ്റന്റ് കളക്ടർ വി. അഖിൽ മേനോൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ജോസ് ജെ. മറ്റ് ഡെപ്യൂട്ടി കളക്ടർമാർ, ജീവനക്കാർ എന്നിവരും പങ്കെടുത്തു.

date